ഗോപന്‍ സ്വാമിയുടെ 'സമാധി' പൊളിക്കാനുള്ള നീക്കം; കുടുംബം ഹൈക്കോടതിയെ സമീപിക്കും

ഗോപന്‍ സ്വാമി സമാധിയായതാണെന്ന് കുടുംബം ആവര്‍ത്തിക്കുന്നുണ്ടെങ്കിലും കുടുംബാംഗങ്ങളുടെ മൊഴിയില്‍ വൈരുധ്യമുണ്ട്

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയിലെ ഗോപന്‍ സ്വാമിയുടെ 'സമാധി' പൊളിക്കാനുള്ള നീക്കത്തിനെതിരെ നിയമപരമായി നീങ്ങാന്‍ കുടുംബം. സമാധി പൊളിക്കാനുള്ള ജില്ലാ ഭരണകൂടത്തിന്റെ തീരുമാനത്തിനെതിരെ കുടുംബം ഹൈക്കോടതിയെ സമീപിക്കും. അതേസമയം, മരണത്തില്‍ ദുരൂഹത നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സമാധി പൊളിക്കണമെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് പൊലീസ്.

ഗോപന്‍ സ്വാമി സമാധിയായതാണെന്ന് കുടുംബം ആവര്‍ത്തിക്കുന്നുണ്ടെങ്കിലും കുടുംബാംഗങ്ങളുടെ മൊഴിയില്‍ വൈരുധ്യമുണ്ട്. സമാധിയായെന്ന് മക്കള്‍ പ്രഖ്യാപിച്ചതിന് മൂന്ന് ദിവസം മുമ്പാണ് ചികിത്സക്കായി ഗോപന്‍ സ്വാമി ആശുപത്രിയില്‍ പോയത്. അച്ഛന്‍ ആവശ്യപ്പെട്ടത് അനുസരിച്ചാണ് സമാധിയിരുത്തിയതെന്ന് മക്കള്‍ പറഞ്ഞിരുന്നു. ചൊവ്വാഴ്ച രാവിലെ പത്തരയോടെ അച്ഛന്‍ നടന്നാണ് സമാധിപീഠത്തിലിരുന്നതെന്നും തന്നെ നെറുകയില്‍ കൈവെച്ച് അനുഗ്രഹിച്ചിരുന്നുവെന്നുമാണ് പൂജാരിയായ മകന്‍ രാജശേഖരന്‍ പറഞ്ഞത്.

Also Read:

Kerala
അമരക്കുനിയിൽ കടുവയ്ക്കായി രാത്രിയും തിരച്ചിൽ, തെർമൽ ഡ്രോൺ പറത്തി നിരീക്ഷണം; പ്രദേശവാസികൾക്ക് ജാഗ്രതാ നിർദേശം

ഗോപന്‍ സ്വാമി മരിച്ച ദിവസം രണ്ടുപേര്‍ വീട്ടില്‍ വന്നിരുന്നുവെന്ന മക്കളുടെ മൊഴി കണക്കിലെടുത്തും പൊലീസ് അന്വേഷണം നടത്തും. വീട്ടിലേക്ക് വന്നുവെന്ന് മക്കള്‍ പറഞ്ഞ രണ്ടുപേരെക്കുറിച്ച് പൊലീസ് അന്വേഷണം തുടങ്ങി. നെയ്യാറ്റിന്‍കര പ്ലാവില സ്വദേശികളാണ് വീട്ടിലെത്തിയതെന്നായിരുന്നു മൊഴി. കുടുംബാംഗങ്ങള്‍ അല്ലാതെ മറ്റാരും വീട്ടില്‍ ഇല്ലായിരുന്നുവെന്നാണ് ഇതുവരെ മക്കള്‍ പറഞ്ഞിരുന്നത്. എന്നാല്‍ രണ്ടുപേര്‍ രാവിലെ വന്ന് ഗോപന്‍ മരിക്കുന്നതിന് മുമ്പ് തിരിച്ചുപോയി എന്നാണ് ഒരു മകന്‍ മൊഴി നല്‍കിയിരിക്കുന്നത്.

Content Highlights: Neyyatinkara gopan swami family will approach Court

To advertise here,contact us