ഭസ്മംകൊണ്ട് മൂടിയിരുന്നതിനാൽ അധികം ദുർഗന്ധം ഉണ്ടായിരുന്നില്ല, മണ്ണിട്ട് മൂടിയിരുന്നില്ല; സമാധി പൊളിച്ച രതീഷ്

നെഞ്ചുവരെ ഭസ്മത്തിൽ മൂടിയിരുന്നുവെന്നും അഴുകിയ നിലയിലായിരുന്നു മൃതദേഹമെന്നും അദ്ദേഹം പറഞ്ഞു

തിരുവനന്തപുരം: നെയ്യാറ്റിൻകര സമാധി കേസിൽ കല്ലറ പൊളിക്കുമ്പോൾ മൃതദേഹം ചമ്രം പടിഞ്ഞിരിക്കുന്ന നിലയിലായിരുന്നുവെന്ന് സമാധി പൊളിച്ച രതീഷ്. നെഞ്ചുവരെ ഭസ്മത്തിൽ മൂടിയിരുന്നുവെന്നും അഴുകിയ നിലയിലായിരുന്നു മൃതദേഹമെന്നും അദ്ദേഹം പറഞ്ഞു.

മണ്ണിട്ട് മൂടിയിരുന്നില്ല. ഭസ്മത്തിനാൽ മൂടിയിരുന്നതിനാൽ അധികം ദുർഗന്ധം ഉണ്ടായിരുന്നില്ല. സ്ലാബ് ഇളക്കുമ്പോൾ തന്നെ തലയും നെഞ്ചുവരെയും കാണാനാകുമായിരുന്നു. ഭസ്മം കോരി മാറ്റിയാണ് മൃതദേഹം പുറത്തേക്കെടുത്തത്. സഹായത്തിന് മറ്റൊരാളും ഉണ്ടായിരുന്നു. കൈകൊണ്ടുതന്നെ നിരക്കി സ്ട്രക്ചറിൽ കയറ്റി. മൃതദേഹത്തിന്റെ വയർ വീർത്തിരുന്നു. തലയും സ്ലാബും തമ്മിൽ ഒരിഞ്ചിന്റെ വ്യത്യാസം മാത്രമാണ് ഉണ്ടായിരുന്നതെന്നും രതീഷ് പറഞ്ഞു. സമാധിയുടെ മേൽഭാഗവും സൈഡും മാത്രമാണ് പൊളിച്ചത് രാവിലെ പൊലീസുകാർ നേരിട്ടുവന്നാണ് വിളിപ്പിച്ചത്. ഓട്ടോ ഡ്രൈവർ ആണ് താനെന്നും പൊലീസ് വിളിച്ചതിനാലാണ് വന്നതെന്നും രതീഷ് കൂട്ടിച്ചേർത്തു

അതേസമയം, ഗോപൻ സ്വാമിയുടെ പോസ്റ്റുമോർട്ടം ഉടനുണ്ടാകും. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചു. പത്തുമണിയോടെ നടപടിക്രമങ്ങൾ ആരംഭിക്കും. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചശേഷം തുടർനടപടികളെടുക്കും. ആവശ്യമെങ്കിൽ കുടുംബത്തിന്റെ മൊഴി വീണ്ടും രേഖപ്പെടുത്തും. രാവിലെയാണ് കല്ലറയുടെ സ്ലാബ് മാറ്റി ഗോപൻ സ്വാമിയുടെ മൃതദേഹം കണ്ടെത്തിയത്. ഇരിക്കുന്ന നിലയിലായിരുന്നു മൃതദേഹം. നെഞ്ച് വരെ പൂജാദ്രവ്യങ്ങൾ മൂടിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. അഴുകിയ നിലയിലായിരുന്നു മൃതദേഹമുണ്ടായിരുന്നത്.

Also Read:

Kerala
നെയ്യാറ്റിൻകര സമാധി കേസ്; ഗോപൻ സ്വാമിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി മെഡിക്കൽ കോളേജിലേക്ക് മാറ്റി

നെയ്യാറ്റിന്‍കരയില്‍ പിതാവ് സമാധിയായെന്ന് മക്കള്‍ പോസ്റ്റര്‍ പതിക്കുകയും അടക്കം ചെയ്യുകയും ചെയ്തതോടെയാണ് ഗോപന്‍ സ്വാമിയുടെ മരണം ചര്‍ച്ചയായത്. അച്ഛന്‍ ആവശ്യപ്പെട്ടത് അനുസരിച്ചാണ് സമാധിയിരുത്തിയതെന്നായിരുന്നു മക്കള്‍ പറഞ്ഞത്. ചൊവ്വാഴ്ച രാവിലെ പത്തരയോടെ അച്ഛന്‍ നടന്നാണ് സമാധിപീഠത്തിലിരുത്തിയതെന്നും തന്നെ നെറുകയില്‍ കൈവെച്ച് അനുഗ്രഹിച്ചിരുന്നുവെന്നും പൂജാരിയായ മകന്‍ രാജശേഖരന്‍ പറഞ്ഞിരുന്നു.

Content Highlights: gopan swamy's death case updates

To advertise here,contact us