കണ്ടല ബാങ്ക് ക്രമക്കേട്; എൻ ഭാസുരാംഗന് ജാമ്യം

ചികിത്സയ്ക്കായി ജാമ്യം വേണമെന്ന ഭാസുരാംഗന്റെ ആവശ്യം കണക്കിലെടുത്ത് പ്രത്യേക മെഡിക്കല്‍ ബോര്‍ഡ് കൂടി ആരോഗ്യസ്ഥിതി വിലയിരുത്താന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു

കൊച്ചി: കണ്ടല സഹകരണബാങ്ക് തട്ടിപ്പ് കേസില്‍ മുന്‍ സിപിഐ നേതാവ് എൻ ഭാസുരാംഗന് ജാമ്യം. അടിയന്തര ശസ്ത്രക്രിയയ്ക്ക് വേണ്ടിയാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കേസില്‍ ഹൈക്കോടതി ജാമ്യം അനുവദിച്ചത്. ചികിത്സയ്ക്കായി ജാമ്യം വേണമെന്ന ഭാസുരാംഗന്റെ ആവശ്യം കണക്കിലെടുത്ത് പ്രത്യേക മെഡിക്കല്‍ ബോര്‍ഡ് കൂടി ആരോഗ്യസ്ഥിതി വിലയിരുത്താന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു. തുടര്‍ന്ന് മെഡിക്കല്‍ ബോര്‍ഡ് അനുമതി നല്‍കിയതോടെയാണ് ജാമ്യം അനുവദിച്ചത്.

2005 മുതല്‍ 2021 ഡിസംബര്‍ വരെ ബാങ്കിലെ നിക്ഷേപത്തില്‍നിന്ന് 80.27 കോടി രൂപയാണ് നിയമങ്ങള്‍ പാലിക്കാതെ വകമാറ്റിയെന്നാണ് ഭാസുരാംഗനെതിരായ പരാതി. ക്രമവിരുദ്ധമായ ഇടപാടുകളിലൂടെ 101 കോടിരൂപ തിരികെ കിട്ടാനാകാത്തവിധം നഷ്ടമായെന്നാണ് സഹകരണസംഘം ഇന്‍സ്‌പെക്ടറുടെ അന്വേഷണത്തില്‍ കണ്ടെത്തി. അതിനെ തുടര്‍ന്നാണ് ഭാസുരാംഗനെയും മകൻ അഖിൽജിത്തിനെയും ഇഡി അറസ്റ്റ് ചെയ്തത്. 30 വര്‍ഷത്തോളം ബാങ്കിന്റെ പ്രസിഡന്റായിരുന്ന എൻ ഭാസുരാംഗനില്‍ നിന്നുമാത്രം 5.11 കോടി രൂപയാണ് തിരിച്ചുപിടിക്കേണ്ടത്. ബാങ്കില്‍ നടന്ന കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഭാസുരാംഗനും മകന്‍ അഖില്‍ജിത്തും ഒരു വര്‍ഷമായി ജയിലിലാണ്. ഭാസുരാംഗന്‍ സ്വന്തം പേരിലും കുടുംബാംഗങ്ങളുടെ പേരിലും 2.36 കോടി രൂപ വായ്പയെടുത്തെന്നാണ് ഇഡി കണ്ടെത്തിയത്.

Content Highlight : Kandala Bank Irregularity; Bail to N Bhasurangan

To advertise here,contact us