'പാലാ റാഗിങ് കേസിൽ പുഷ്പ സിനിമ സ്വാധീനിച്ചു; സമീപകാലത്തെ സിനിമകൾ കുട്ടികളെ മോശമായി ബാധിക്കുന്നു'

കൂട്ടുകാര്‍ ചേര്‍ന്ന് കുട്ടിയെ ബലമായി വിവസ്ത്രനാക്കി വീഡിയോ എടുക്കുകയും കുട്ടിയുടെ നഗ്‌നത കലര്‍ന്ന ദൃശ്യങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പ്രചരിപ്പിക്കുകയുമായിരുന്നു

കോട്ടയം: സമീപകാലത്തിറങ്ങിയ സിനിമകള്‍ കുട്ടികളെ മോശമായി സ്വാധീനിക്കുന്നുവെന്ന് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍മാന്‍ (സിഡബ്ല്യുസി) ഡോ. അരുണ്‍ കുര്യന്‍. പുഷ്പയെന്ന സിനിമ മാത്രമല്ല, പല സിനിമകളും കുട്ടികളെ ബാധിക്കുന്നുണ്ടെന്നും അരുണ്‍ കുര്യന്‍ റിപ്പോര്‍ട്ടര്‍ ടിവിയോട് പറഞ്ഞു. പാലായില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥി സഹപാഠികളുടെ റാഗിങ്ങിന് ഇരയായ സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

'സമീപകാലത്ത് ഇറങ്ങിയ പല സിനിമകളും വളരെ മോശമായി കുട്ടികളെ സ്വാധീനിക്കുന്നു. കുട്ടികളില്‍ കുറ്റകൃത്യങ്ങള്‍ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള സിനിമകളിറങ്ങിയിട്ടുണ്ട്. അതിന്റെയൊക്കെ സ്വാധീനമായിരിക്കാം ഇത്തരത്തിലുള്ള കാര്യങ്ങളിലേക്ക് നയിച്ചത്. കുട്ടികളില്‍ ഇത്തരം കുറ്റവാസനകള്‍ കണ്ടെത്തുമ്പോള്‍ തന്നെ കൗണ്‍സലിംഗ് നടത്താന്‍ സ്‌കൂള്‍ അധികൃതര്‍ ചെയ്യേണ്ടതാണ്. കുട്ടികള്‍ക്കിടയില്‍ അക്രമവാസന കൂടി വരുന്നു. മാതാപിതാക്കള്‍ക്കും സ്‌കൂള്‍ അധികൃതര്‍ക്കും വലിയ പങ്കുണ്ട്', അദ്ദേഹം പറഞ്ഞു.

പാലായിലെ സംഭവത്തില്‍ ഇരയായ കുട്ടിക്ക് അടിയന്തരമായി കൗണ്‍സിലിംഗ് നല്‍കണമെന്ന് ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും സിഡബ്ല്യുസി ചെയര്‍മാന്‍ പറഞ്ഞു. സംഭവം അറിഞ്ഞയുടനെ സ്‌കൂള്‍ അധികൃതര്‍ കുട്ടികളെ സസ്‌പെന്‍ഡ് ചെയ്തുവെന്നാണ് ലഭിക്കുന്ന വിവരമെന്നും അന്വേഷണം പുരോഗമിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. കുട്ടിയും പിതാവും നേരിട്ടെത്തി പരാതി നല്‍കിയിട്ടുണ്ടെന്നും അന്വേഷിച്ച് അടിയന്തരമായി നടപടിയെടുക്കാനും റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും എസ്എച്ച്ഒയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അരുണ്‍ കുര്യന്‍ വ്യക്തമാക്കി.

Also Read:

Kerala
ഒപ്പ് ബാലകൃഷ്ണപിള്ളയുടേത് തന്നെയെന്ന് തെളിഞ്ഞു; സ്വത്ത് തര്‍ക്കത്തില്‍ കെ ബി ഗണേഷ്‌കുമാറിന് ആശ്വാസം

ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയായ മകനെ സഹപാഠികള്‍ റാഗ് ചെയ്തുവെന്ന പരാതിയുമായി കഴിഞ്ഞ ദിവസം പിതാവാണ് രംഗത്തെത്തിയത്. കുട്ടിയെ ശാരീരികമായി ഉപദ്രവിക്കുകയും വീഡിയോ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുകയും ചെയ്തതായി പിതാവ് ആരോപിച്ചിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഭവം നടന്നത്.

കൂട്ടുകാര്‍ ചേര്‍ന്ന് കുട്ടിയെ ബലമായി വിവസ്ത്രനാക്കി വീഡിയോ എടുക്കുകയായിരുന്നു. ഒന്നിലധികം തവണ ഇത് ആവര്‍ത്തിച്ചിരുന്നു. കുട്ടിയുടെ നഗ്‌നത കലര്‍ന്ന ദൃശ്യങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പ്രചരിപ്പിച്ചതായും പിതാവ് പറഞ്ഞിരുന്നു. സംഭവത്തില്‍ ആരോഗ്യ, വനിതാ ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് വനിത ശിശുവികസന വകുപ്പ് ഡയറക്ടറോട് റിപ്പോര്‍ട്ട് തേടിയിരുന്നു.

Content Highlights: Pushpa cinema influenced Pala Raging case

To advertise here,contact us