കാൽ വെട്ടുമെന്ന് ഭീഷണി; വസ്ത്രത്തിൽ പിടിച്ച് വലിച്ചിഴച്ചു; സിപിഐഎമ്മിനെതിരെ കലാ രാജു

തൻ്റെ കാൽ കാറിൽ കുടുങ്ങിയപ്പോൾ വെട്ടിമാറ്റി തരാമെന്ന് സിപിഐഎം പ്രവർത്തകൻ ഭീഷണിപ്പെടുത്തിയെന്നും ആരോപണം

കൊച്ചി: കൂത്താട്ടുകുളം നഗരസഭയിൽ നടന്ന അവിശ്വാസപ്രമേയത്തിനിടെ തട്ടിക്കൊണ്ടുപോയെന്ന പരാതിയിൽ കേസെടുത്തതിന് പിന്നാലെ പ്രതികരിച്ച് കലാ രാജു. സിപിഐഎം തന്നെ തട്ടിക്കൊണ്ടുപോവുകയായിരുന്നെന്ന് കല രാജു പറഞ്ഞു. തൻ്റെ കാല് കാറിൽ കുടുങ്ങിയപ്പോൾ വെട്ടിമാറ്റി തരാമെന്ന് മകനേക്കാൾ പ്രായം കുറവുള്ള സിപിഐഎം പ്രവർത്തകൻ ഭീഷണിപ്പെടുത്തിയെന്നും കലാ രാജു ആരോപിച്ചു.

കാൽ കാറിന്റെ ഡോറിന്റെ ഇടയിൽ വെച്ചടച്ചുവെന്നും കലാ രാജു പറഞ്ഞു. വസ്ത്രത്തിൽ പിടിച്ച് വലിച്ചിഴച്ചു. മോശം ഭാഷയിൽ സംസാരിച്ച സിപിഐഎം പ്രവർത്തകർ ദേഹോപദ്രവം ഏൽപ്പിച്ചുവെന്നും കലാ രാജു പറയുന്നു. തട്ടിക്കൊണ്ടു പോയതിന് ശേഷം സിപിഐഎം ഏരിയ കമ്മിറ്റി ഓഫീസിലാണ് എത്തിച്ചത്. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടപ്പോൾ ആശുപത്രിയിൽ എത്തിച്ചില്ലെന്നും നെഞ്ചുവേദന അനുഭവപ്പെട്ടപ്പോൾ ഗ്യാസിന്റെ ഗുളിക തന്നുവെന്നും കലാ രാജു ആരോപിച്ചു. കലയെ കൂത്താട്ടുകുളം ഇന്ദിരാഗാന്ധി ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Also Read:

Kerala
താൻ നിരപരാധി; ഏത് അന്വേഷണവും നേരിടാൻ തയ്യാറെന്ന് ഐ സി ബാലകൃഷ്ണൻ

അവിശ്വാസ പ്രമേയം ചർച്ചയ്ക്ക് എടുക്കുന്ന വേളയിലാണ് സിപിഐഎം കൗൺസിലർ കലാ രാജുവിനെ തട്ടിക്കൊണ്ടുപോയത്. സിപിഐഎം കൂത്താട്ടുകുളം ഏരിയാ സെക്രട്ടറി, നഗരസഭാ ചെയർപേഴ്‌സൺ, വൈസ് ചെയ‍ർമാൻ, പാർട്ടി ലോക്കൽ സെക്രട്ടറി എന്നിവരടക്കം 45 പേരെ പ്രതിയാക്കി പൊലീസ് കേസെടുത്തിരുന്നു. യുഡിഎഫിന് അനുകൂലമായി കലാ രാജു വോട്ട് ചെയ്യുമെന്ന് മനസിലാക്കിയതാണ് തട്ടിക്കൊണ്ടുപോകാനുള്ള കാരണമെന്നാണ് ആരോപണം. അവിശ്വാസ പ്രമേയ ചർച്ചയുടെ സമയം കഴിഞ്ഞപ്പോൾ കലാ രാജുവടക്കം എല്ലാവരും വീട്ടിൽ പോയെന്നും ആരും ആരെയും തട്ടിക്കൊണ്ടുപോയില്ലെന്നുമായിരുന്നു നഗരസഭ വൈസ് ചെയർമാൻ സണ്ണി കുര്യാക്കോസിന്റെ പ്രതികരണം.

Content Highlights : Threatened to cut off her leg, dragged her clothes; Kala Raju against CPIM

To advertise here,contact us