സ്‌നേഹത്തിനും കരുണയ്ക്കും പ്രായമില്ല; ഉമ തോമസിൻ്റെ ഹോസ്പിറ്റൽ മേറ്റ് കുഞ്ഞു നഥാൻ, സമ്മാനം നൽകി മടക്കം

തന്റെ 'ഹോസ്പിറ്റല്‍ മേറ്റിന്റെ' കൂടെയുള്ള രസകരമായ അനുഭവങ്ങള്‍ ഫേസ്ബുക്കിലൂടെ പങ്കുവെച്ചിരിക്കുകയാണ് എംഎല്‍എ

കൊച്ചി: കലൂര്‍ സ്റ്റേഡിയത്തിലെ അപകടത്തിന് പിന്നാലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഉമ തോമസ് എംഎല്‍എയുടെ ആരോഗ്യ നിലയില്‍ മികച്ച പുരോഗതിയുണ്ടായിട്ടുണ്ട്. നിലവില്‍ തന്റെ 'ഹോസ്പിറ്റല്‍ മേറ്റിന്റെ' കൂടെയുള്ള രസകരമായ അനുഭവങ്ങള്‍ ഫേസ്ബുക്കിലൂടെ പങ്കുവെച്ചിരിക്കുകയാണ് എംഎല്‍എ. നൈപുണ്യ പബ്ലിക് സ്‌കൂളിലെ എല്‍കെജി വിദ്യാര്‍ത്ഥിയായ കുഞ്ഞു നഥാനാണ് എംഎല്‍എയുടെ പുതിയ കൂട്ടുകാരന്‍.

പനി കാരണം ആശുപത്രിയില്‍ അഡ്മിറ്റായ നഥാന്‍ ഉമ തോമസിനെ കാണാന്‍ വാശിപിടിക്കുകയും ഒടുവില്‍ ഇന്നലെ വന്ന് കാണുകയുമായിരുന്നു. കൂടെ നഥാന്‍ വരച്ച കുഞ്ഞു ചിത്രങ്ങളും എംഎല്‍എയ്ക്ക് സമ്മാനിച്ചു. 'മൂന്ന്-നാല് ദിവസമായിട്ട് ഉമ എംഎല്‍എയെ കാണണം എന്ന് ഒരേ വാശിയാണ് ആശാന്.

സന്ദര്‍ശകര്‍ക്ക് വിലക്ക് ആയതിനാല്‍ ആദ്യ ദിവസങ്ങളില്‍ നഥാന്റെ മാതാപിതാക്കള്‍ വിലക്കി. ഇന്നലെ നഥാന്‍ അമ്മ ഡോണയെയും കൂട്ടി എന്റെ റൂമില്‍ എത്തി അല്‍പ്പ സമയം ചിലവിട്ടു. പനിയുടെ ക്ഷീണത്തിലും തന്റെ കുഞ്ഞു കൈകളാല്‍ വരച്ച്, ചായം പൂശിയ 2 മനോഹര ചിത്രങ്ങള്‍ എനിക്ക് സമ്മാനിച്ചു. കൂടാതെ Get Well Soon എന്ന ആശംസയും', ഉമ തോമസ് കുറിച്ചു.

സ്‌നേഹത്തിനും കരുണയ്ക്കും പ്രായം ഇല്ലെന്നും നഥാന്‍ മോന്‍ നല്‍കിയ ഈ മനോഹരമായ സമ്മാനത്തിന് താന്‍ അതീവ നന്ദിയുള്ളവളാണെന്നും ഉമ തോമസ് പറഞ്ഞു. മോനെപ്പോലുള്ള സ്‌നേഹമുള്ള മനുഷ്യരുടെ പ്രാര്‍ത്ഥനകളും സാന്നിധ്യവുമാണ് രോഗാവസ്ഥയില്‍ നിന്നും ഇത്ര പെട്ടെന്ന് സുഖമാകാന്‍ തന്നെ ഇടയാക്കിയതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Also Read:

Kerala
'കമാല്‍ പാഷയുടെ ഭാഷ മാന്യമല്ല'; 'കടല്‍ കിഴവന്‍മാര്‍' പ്രയോഗത്തിനെതിരെ മുസ്തഫ മുണ്ടുപാറ

'നഥാന്‍ ഇന്നലെ വൈകുന്നേരത്തോടെ ആശുപത്രി വിട്ടു. ഈ ആഴ്ച ഞാനും പോകുമെന്ന് പ്രതീക്ഷിക്കുന്നു? സമ്മാനം നല്‍കി എന്റെ ദിവസം മനോഹരമാക്കിയതിന് കുഞ്ഞു നഥാന് നന്ദി. വീണ്ടെടുക്കാനുള്ള എൻ്റെ യാത്രയില്‍ നിങ്ങളുടെ ദയ മാറ്റം വരുത്തുമോ? സ്‌നേഹത്തോടെ ഉമ എംഎല്‍എ', എന്ന് പറഞ്ഞാണ് കത്ത് അവസാനിപ്പിക്കുന്നത്. നഥാന്‍ വരച്ച ചിത്രങ്ങളും എംഎല്‍എ പങ്കുവെച്ചിട്ടുണ്ട്.

ഇക്കഴിഞ്ഞ 28നാണ് മൃദംഗ വിഷൻ്റെ ആഭിമുഖ്യത്തില്‍ കൊച്ചി ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ മൃദംഗ നാദം എന്ന പേരില്‍ നൃത്തപരിപാടിയുടെ വേദിയിൽ നിന്ന് വീണാണ് ഉമ തോമസ് എംഎൽഎയ്ക്ക് പരിക്ക് പറ്റിയത്. ഗുരുതരമായി പരിക്കറ്റ ഉമ തോമസ് കഴിഞ്ഞ ദിവസങ്ങളിലാണ് ആരോഗ്യനില വീണ്ടെടുത്തത്.

Content Highlights: Uma Thomas MLA about her hospital mate

To advertise here,contact us