എൻ എം വിജയൻ ജീവനൊടുക്കിയ കേസ്; പ്രതികളായ കോൺഗ്രസ്സ് നേതാക്കളുടെ ചോദ്യം ചെയ്യൽ മൂന്നാം ദിനത്തിലേയ്ക്ക്

രണ്ടാം പ്രതി ഡിസിസി പ്രസിഡൻ്റ് എൻ ഡി അപ്പച്ചനെ ഇന്നലെ കല്പറ്റയിലെ ഡിസിസി ഓഫീസിലെത്തിച്ച് അന്വേഷണസംഘം പരിശോധന നടത്തിയിരുന്നു

കൽപറ്റ: വയനാട് ഡിസിസി ട്രഷറർ എൻ എം വിജയൻ്റെ മരണത്തിൽ കുറ്റാരോപിതരായ കോൺഗ്രസ്സ് നേതാക്കളുടെ ചോദ്യം ചെയ്യൽ മൂന്നാം ദിനത്തിലേക്ക്. രണ്ടാം പ്രതി ഡിസിസി പ്രസിഡൻ്റ് എൻ ഡി അപ്പച്ചനെ ഇന്നലെ കല്പറ്റയിലെ ഡിസിസി ഓഫീസിലെത്തിച്ച് അന്വേഷണസംഘം പരിശോധന നടത്തിയിരുന്നു. വിജയൻ്റെ ഒപ്പും കൈയ്യക്ഷരവും ഒത്തു നോക്കി ഓഫീസിലെ രേഖകൾ പരിശോധന നടത്തിയെന്നാണ് വിവരം.

Also Read:

Kerala
ഒരു വിഭാഗം സർക്കാർ ജീവനക്കാരും അധ്യാപകരും ഇന്ന് പണിമുടക്കും; ഭരണാനുകൂല സർവ്വീസ് സംഘടനയും സമരരംഗത്ത്

മൂന്നാംപ്രതിയും മുൻ കോൺഗ്രസ് നേതാവുമായ കെ കെ ഗോപിനാഥൻ്റെ വീട്ടിൽ നിന്ന് കേസുമായി ബന്ധമുള്ള രേഖകൾ അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു. രണ്ടാം പ്രതി അപ്പച്ചൻ മൂന്നാം, പ്രതി ഗോപിനാഥൻ എന്നിവരെ മൂന്നുദിവസം ചോദ്യംചെയ്യാനായി കൽപ്പറ്റ ചീഫ് സെഷൻസ് കോടതി അനുമതി നൽകിയിരുന്നു. ഒന്നാംപ്രതി ഐസി ബാലകൃഷ്ണൻ എംഎൽഎ 24ന് അന്വേഷണ സംഘത്തിന് മുൻപിൽ ചോദ്യം ചെയ്യാനായി ഹാജരാകുമെന്ന് അറിയിച്ചിട്ടുണ്ട്. അതേ സമയം, കെ പി സി സി പ്രസിഡൻ്റ് കെ സുധാകരൻ ഇന്ന് എൻ എം വിജയൻ്റെ കുടുംബത്തെ സന്ദർശിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

കേസിൽ ഒന്നാം പ്രതിയായ ഐ സി ബാലകൃഷ്ണൻ എംഎൽഎയ്ക്കും ഡിസിസി പ്രസിഡൻ്റ് എൻ ഡി അപ്പച്ചനും കെ കെ ഗോപിനാഥനും കോടതി മുൻകൂ‍ർ ജാമ്യം അനുവദിച്ചിരുന്നു. കൽപ്പറ്റ ചീഫ് പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് മുൻകൂർ ജാമ്യം നൽകിയത്. അന്വേഷണ ഉദ്യോഗസ്ഥർക്ക് മുൻപിൽ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നും അന്വേഷണത്തോട് സഹകരിക്കണമെന്നും പ്രതികളോട് കോടതി നിർദ്ദേശിച്ചിരുന്നു.

ഡിസംബർ 25നാണ് ഡിസിസി ട്രഷറർ ആയിരുന്ന എൻ എം വിജയനെയും മകൻ ജിജേഷിനെയും വിഷം കഴിച്ച് ​ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. 27ന് ഇരുവരും മരിച്ചു. ഇതിന് ശേഷം പുറത്തുവന്ന എൻ എം വിജയൻ്റെ ആത്മഹത്യാ കുറിപ്പും അനുബന്ധ തെളിവുകളുമാണ് കോൺഗ്രസ് നേതാക്കൾക്ക് കുരുക്കായത്.

content highlight- Death of NM Vijayan; The interrogation of Congress leaders will continue for third day

To advertise here,contact us