'രാജ്ഭവനിൽ എന്നും നടക്കാനിറങ്ങാം'...; മുഖ്യമന്ത്രിയെ പ്രഭാതസവാരിക്ക് ക്ഷണിച്ച് ​ഗവർണർ

മുഖ്യമന്ത്രി ഇന്ന് ഭാര്യ കമല വിജയനൊപ്പം ​രാജ്ഭവനിലെത്തി ​ഗവർണറെ സന്ദർശിച്ചിരുന്നു

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ രജ്ഭവനിൽ പ്രഭാതസവാരിക്ക് ക്ഷണിച്ച് ​ഗവർണർ രാജേന്ദ്ര വിശ്വനാഥ ആര്‍ലെകർ. രാജ്ഭവനിലേത് നല്ല അന്തരീക്ഷമാണെന്ന് മുഖ്യമന്ത്രി പറഞ്ഞതിന് പിന്നാലെയാണ് ​ഗവർണർ പ്രഭാത സവാരിക്ക് ക്ഷണിച്ചത്.

മുഖ്യമന്ത്രി ഇന്ന് ഭാര്യ കമല വിജയനൊപ്പം ​രാജ്ഭവനിലെത്തി ​ഗവർണറെ സന്ദർശിച്ചിരുന്നു. ഇരുവരും പരസ്പരം ഉപഹാരങ്ങൾ കൈമാറി.

രാജ്ഭവനിൽ നടക്കാൻ പറ്റിയ നല്ല സ്ഥലമുണ്ടെന്ന് മുഖ്യമന്ത്രി ​ഗവർണറോട് പറഞ്ഞു, എന്നാൽ പിന്നെ ഇവിടെ വന്ന് എന്നും പ്രഭാത സവാരിയാകാമെന്ന് മുഖ്യമന്ത്രിയോട് ​ഗവർണറും. പ്രഭാത നടത്തത്തിന് താനും ഒപ്പം കൂടാമെന്നും ​ഗവർണർ പറഞ്ഞു. ​ഗവർണറുടെ ക്ഷണത്തോട് ഒരു പുഞ്ചിരി മാത്രമായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

Also Read:

Kerala
പ്രവാസികള്‍ക്ക് സഹായമേകാൻ 'ശുഭയാത്ര'; ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിൽ ഇടംപിടിച്ച് അഭിമാന പദ്ധതികൾ

സത്യപ്രതിജ്ഞയ്ക്ക് ശേഷം ​ഗവർണറെ മുഖ്യമന്ത്രി കണ്ടിരുന്നില്ല. ​ഗവർണറുമൊത്തുളള മുഖ്യമന്ത്രി പിണറായി വിജയന്റെ ആദ്യ കൂടിക്കാഴ്ചയാണിത്. ജനുവരി രണ്ടിനാണ് ആര്‍ലെകര്‍ കേരള ഗവര്‍ണറായി സത്യപ്രതിജ്ഞ ചെയ്തത്. നിയമസഭയിലെ ആദ്യ നയപ്രഖ്യാപന പ്രസംഗത്തില്‍ സര്‍ക്കാരിന്റെ വിവിധ വകുപ്പുകളെ ​ഗവർണർ പ്രകീര്‍ത്തിച്ചിരുന്നു. മുന്‍ കേരള ഗവര്‍ണറായിരുന്ന ആരിഫ് മുഹമ്മദ് ഖാനെ ബിഹാറിലേക്ക് നിയമിച്ചതിന് പിന്നാലെയാണ് ബിഹാര്‍ ഗവര്‍ണറായിരുന്ന രാജേന്ദ്ര ആര്‍ലെകറെ കേരളത്തിലേക്ക് നിയോഗിച്ചത്.

ആര്‍എസ്എസിലൂടെയായിരുന്നു ആര്‍ലെകറിന്റെ രാഷ്ട്രീയപ്രവേശം. 1989ല്‍ ബിജെപിയില്‍ അംഗത്വമെടുത്ത ആര്‍ലെകര്‍ ഗോവയില്‍ വനം വകുപ്പ് മന്ത്രിയായും സ്പീക്കറായും ചുമതല വഹിച്ചിട്ടുണ്ട്. 1980കള്‍ മുതല്‍ സജീവ ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകനായ ആര്‍ലെകര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും കേന്ദ്ര സര്‍ക്കാരുമായും അടുത്ത ബന്ധം പുലര്‍ത്തുന്ന ബിജെപി നേതാവാണ്.

Content Highlights: Governor Rajendra Arlekar Invites CM Pinarayi Vijayan for Morning Walk in Rajbhavan

To advertise here,contact us