കാന്തപുരത്തിൻ്റെ സിപിഐഎം വിമർശനം ശരി, വനിതാ പ്രാതിനിധ്യം കൂട്ടാനുള്ള നടപടി നടപ്പാക്കി വരുന്നു: പി മോഹനൻ

കാന്തപുരം ആദരണീയ വ്യക്തിത്വമാണെന്നും മതനിരപേക്ഷതയുടെ പക്ഷത്ത് നിൽക്കുന്നയാളാണെന്നും പി മോഹനൻ പറഞ്ഞു

കോഴിക്കോട്: കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാരുടെ സിപിഐഎം വിമർശനം ശരിവെച്ച് പി മോഹനൻ എംഎൽഎ. കാന്തപുരത്തിൻ്റെ വിമർശനം ശരിയാണെന്നും വനിത പ്രാതിനിധ്യം വർധിപ്പിയ്ക്കാനുള്ള നടപടികൾ പാർട്ടി തന്നെ ആലോചിച്ച് നടപ്പാക്കി വരികയാണെന്നും പി മോഹനൻ പറഞ്ഞു. കാന്തപുരം ആദരണീയ വ്യക്തിത്വമാണെന്നും മതനിരപേക്ഷതയുടെ പക്ഷത്ത് നിൽക്കുന്നയാളാണെന്നും പി മോഹനൻ പറഞ്ഞു. മതകാര്യങ്ങളിൽ മതനേതാക്കൾക്കും രാഷ്ട്രീയ നേതൃത്വത്തിനും വ്യത്യസ്ത നിലപാടുണ്ടാകും അത് സ്വാഭാവികം. പക്ഷെ കാന്തപുരം വിഭാഗത്തിൻ്റെ മതേതര നിലപാട് ശ്ലാഘനീയമാണെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസം സി പി ഐ എം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്കും കാന്തപുരത്തിൻ്റെ സിപിഐഎം വിമർശനത്തെ ശരിവെച്ചിരുന്നു. സിപിഐഎമ്മിൽ വനിതാ ഏരിയ സെക്രട്ടറിമാർ ഇല്ലാത്തതിൻ്റെ പോരായ്മ ഉണ്ടെന്നും ബോധപൂർവ്വം അത് തിരുത്താൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നുമായിരുന്നു തോമസ് ഐസക്കിൻ്റെ നിലപാട്.

Also Read:

Kerala
'രാഷ്ട്രീയ പ്രവർത്തകരെ ജയിലിൽ പോയി കാണുന്നത് സ്വാഭാവികം'; ജയരാജൻ്റെ ജയിൽ സന്ദർശനം ന്യായീകരിച്ച് മുഖ്യമന്ത്രി

സ്ത്രീ പുരുഷന്മാർ ഇടകലർന്നുള്ള മെക് 7ൻ്റെ വ്യായാമ കൂട്ടായ്മക്കെതിരെ എതിരെയുള്ള കാന്തപുരത്തിന്റെ പ്രസ്താവന വിവാദമായിരുന്നു.  ഇതിനെതിരെ സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ രംഗത്തെത്തിയിരുന്നു. സ്ത്രീകൾ പൊതു ഇടങ്ങളിൽ ഇറങ്ങരുതെന്ന് പറയുന്നത് പിന്തിരിപ്പൻ നിലപാടാണെന്നായിരുന്നു എം വി ഗോവിന്ദൻ്റെ പ്രതികരണം. ഇതിനെതിരെ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ പ്രതികരണവുമായി എത്തിയിരുന്നു. ഗോവിന്ദൻ മാഷിന്റെ ജില്ലയിലെ ഏരിയ സെക്രട്ടറിമാരിൽ ഒരു സ്ത്രീ പോലുമില്ല, 18 പേരും പുരുഷന്മാരാണ്. ഒരു സ്ത്രീയെ പോലും പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല. എന്തുകൊണ്ടാണ് ഒരു സ്ത്രീയെ പോലും ഉൾപ്പെടുത്താത്തതെന്നും കാന്തപുരം ചോദിച്ചിരുന്നു.

മെക് 7നെതിരെ തുടർച്ചയായി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ വിമർശനവുമായി രം​ഗത്തെത്തിയിരുന്നു. സ്ത്രീകളും പുരുഷന്മാരും ഇടകലർന്നുള്ള ഏത് പദ്ധതി കൊണ്ടുവന്നാലും എതിർക്കും. യഥാസ്ഥിതികരെന്ന് വിമർശിച്ചാലും പ്രശ്നമില്ല. ലോകം തിരിയാത്തത് കൊണ്ട് പറയുന്നതുമല്ല. നന്നായി മനസിലാക്കിയാണ് ഇക്കാര്യം പറയുന്നതെന്നും കാന്തപുരം മെക് സെവനെ വിമർശിച്ചുകൊണ്ട് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കുറ്റ്യാടിയിൽ നടത്തിയ പ്രസംഗത്തിലാണ് കാന്തപുരം തൻ്റെ നിലപാട് ആവർത്തിച്ചത്.

Also Read:

Kerala
'സ്‌കൂള്‍ കായികമേളയിൽ പ്രതിഷേധിച്ച സ്കൂളുകളുടെ വിലക്ക് പിൻവലിക്കും' ; വി ശിവൻകുട്ടി

സ്ത്രീകളും പുരുഷന്മാരും ഒരുമിച്ചിരിക്കുന്നത് ഇസ്ലാമില്‍ ഹറാം ആണെന്നിരിക്കെ ലോകത്തിന് നാശം വരുത്തിവെക്കുന്ന പ്രവര്‍ത്തികളാണ് മെക് 7 വ്യായാമ മുറയിലൂടെ ചെയ്യുന്നതെന്നായിരുന്നു കാന്തപുരത്തിൻ്റെ മറ്റൊരു വിമർശനം. ഇക്കാര്യം പറയുമ്പോള്‍ വ്യായാമം വേണ്ടേയെന്ന ചോദ്യം തിരിച്ച് ചോദിച്ച് നമ്മളൊന്നും ലോകം തിരിയാത്തവരാണ് എന്ന് പറഞ്ഞ് ചീത്ത പറയുകയും ആക്ഷേപിക്കുകയും ചെയ്യുകയല്ലാതെ സത്യം ചിന്തിക്കുക പോലും ചെയ്യാത്ത ഒരു വിഭാഗം ആളുകളുണ്ടെന്നും കാന്തപുരം പറഞ്ഞു.

content highlight- P Mohanan Also Supports kanthapurams statement about CPIM's Woman Representation

To advertise here,contact us