ചേന്ദമംഗലം കൂട്ടക്കൊലപാതകം; ഋതുവിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും

പറവൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി അഞ്ച് ദിവസത്തെ കസ്റ്റഡിയാണ് വടക്കേക്കര പൊലീസിന് നല്‍കിയത്

കൊച്ചി: ചേന്ദമംഗലം കൂട്ടക്കൊലപാതക കേസില്‍ പ്രതി ഋതുവിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. രാവിലെ ഋതുവിനെ കോടതിയില്‍ ഹാജരാക്കും. കൊലപാതകം നടന്ന വീട്ടിലെത്തിച്ച് ഇന്നലെ ഋതുവിന്റെ തെളിവെടുപ്പ് നടത്തിയിരുന്നു. സമീപത്തുള്ള ഋതുവിന്റെ വീട്ടിലും തെളിവെടുപ്പ് നടന്നു.

പറവൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി അഞ്ച് ദിവസത്തെ കസ്റ്റഡിയാണ് വടക്കേക്കര പൊലീസിന് നല്‍കിയത്. മൂന്നുദിവസം വിശദമായ ചോദ്യം ചെയ്യലും ഐഡന്റിഫിക്കേഷനും നടന്നു. ശേഷമായിരുന്നു സ്ഥലത്ത് എത്തിച്ചുള്ള തെളിവെടുപ്പ്. ജനരോഷം ഉണ്ടാകുമെന്ന സൂചനയില്‍ അതിരാവിലെ ആയിരുന്നു തെളിവെടുപ്പ്.

ആക്രമണത്തില്‍ കൊല്ലപ്പെട്ട വിനിഷയുടെ മക്കള്‍ ഋതുവിനെ തിരിച്ചറിഞ്ഞു. ആറും പതിനൊന്നും വയസ്സുള്ള പെണ്‍കുട്ടികളാണ് കേസിലെ പ്രധാന സാക്ഷികള്‍. കുട്ടികളുടെ മൊഴി കഴിഞ്ഞദിവസം പൊലീസ് രേഖപ്പെടുത്തിയിരുന്നു. ചികിത്സയിലുള്ള ജിതിന്‍ വെന്റിലേറ്ററില്‍ തുടരുകയാണ്.

Also Read:

Kerala
20 മണിക്കൂര്‍ നീണ്ട അതിജീവനം; മലപ്പുറത്ത് കിണറ്റില്‍ വീണ കാട്ടാനയെ പുറത്തെത്തിച്ചു

ജനുവരി 18-നാണ് ചേന്ദമംഗലത്ത് നാടിനെ നടുക്കിയ കൂട്ടക്കൊല നടന്നത്. പേരേപ്പാടം കാട്ടിപ്പറമ്പില്‍ വേണു (69), ഭാര്യ ഉഷ (62), മകള്‍ വിനീഷ (32) എന്നിവരാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. ഇവരുടെ അയല്‍വാസിയാണ് ഋതു. ഇയാളുടെ ആക്രമണത്തില്‍ വിനീഷയുടെ ഭര്‍ത്താവ് ജിതിന്‍ ബോസിന് തലയ്ക്ക് സാരമായി പരിക്കേറ്റിരുന്നു. തന്റെ കുടുംബത്തെ നിരന്തരം ആക്ഷേപിച്ചതും സഹോദരിയെ പറ്റി ജിതിന്‍ ബോസ് മോശമായി സംസാരിച്ചതുമാണ് കൂട്ടക്കൊല നടത്താനുള്ള കാരണമെന്നായിരുന്നു ഋതു ജയന്റെ വാദം.

Content Highlights: chendamangalam Case accused Ritu's custodial term will end today

To advertise here,contact us