മാനന്തവാടിയിൽ ഇറങ്ങിയ നരഭോജി കടുവയെ വെടിവെച്ച് കൊല്ലും; ഉത്തരവിറക്കി ചീഫ് വൈൽഡ് ലൈഫ് വാർഡൻ

ആദ്യം കൂട് വെച്ചോ മയക്കുവെടി വെച്ചോ പിടിക്കാൻ ശ്രമിക്കും

തിരുവനന്തപുരം: വയനാട് മാനന്തവാടിയിൽ ഇറങ്ങിയ നരഭോജി കടുവയെ വെടിവെച്ച് കൊല്ലാൻ ഉത്തരവിറങ്ങി. ചീഫ് വൈൽഡ് ലൈഫ് വാർഡനാണ് ഉത്തരവിറക്കിയത്. ആദ്യം കൂട് വെച്ചോ മയക്കുവെടി വെച്ചോ പിടിക്കാൻ ശ്രമിക്കും. അത് പരാജയപ്പെട്ടൽ വെടിവെച്ച് കൊല്ലാമെന്നാണ് ഉത്തരവ്. സംസ്ഥാനത്ത് ഇതിന്‌ മുൻപ് ഇങ്ങനെ ഒരു ഉത്തരവിറക്കിയിട്ടില്ലെന്ന് വനംവകുപ്പ് അറിയിച്ചു. മുൻപ് മയക്ക് വെടിവെയ്ക്കാൻ ഉത്തരവിറക്കിയിട്ടുണ്ടെങ്കിലും വെടിവെച്ച് കൊല്ലാൻ ഉത്തരവിറക്കിയിട്ടില്ലെന്നാണ് വനംവകുപ്പ് പറയുന്നത്.

അതേസമയം, പഞ്ചാരക്കൊല്ലിയിൽ കടുവയെ പിടികൂടുന്നതിൻ്റെ ഭാഗമായി നിരോധനാജ്ഞ പുറപ്പെടുവിച്ചിട്ടുണ്ട്. ഭാരതീയ ന്യായ സംഹിത 163 പ്രകാരമാണ് നടപടി. ജനുവരി 24 മുതൽ 27 വരെയാണ് നിരോധനാജ്ഞ. നഗരസഭയിലെ പഞ്ചാരക്കൊല്ലി, പിലാക്കാവ്, ജെസി, ചിറക്കര ഡിവിഷനുകളിലാണ് സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. പ്രദേശത്ത് നിരോധനാജ്ഞ ലംഘിക്കുന്നവർക്കെതിരെ നടപടിയെടുക്കും.

Also Read:

Kerala
കടുവ ആക്രമണത്തിൽ സ്ത്രീ മരിച്ച സംഭവം; കുടുംബത്തിന് അടിയന്തര ധനസഹായമായ 5 ലക്ഷം കൈമാറി

പഞ്ചാരക്കൊല്ലി പ്രിയദര്‍ശനി എസ്റ്റേറ്റിന് സമീപം ഇന്ന് രാവിലെ എട്ടരയോടെയായിരുന്നു സംഭവം നടന്നത്. തണ്ടര്‍ബോള്‍ട്ട് ടീമാണ് പകുതി ഭക്ഷിച്ച നിലയിലുള്ള രാധയുടെ മൃതദേഹം കണ്ടെത്തിയത്. സംഭവം വാര്‍ത്തയായതോടെ നാട്ടുകാരുടെ ഭാഗത്ത് നിന്ന് വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നത്. സ്ഥലത്തെത്തിയ മന്ത്രി ഒ ആര്‍ കേളുവിനെതിരെയും ജനരോഷം ഉയര്‍ന്നിരുന്നു. മാനന്തവാടിയില്‍ വനംവകുപ്പ് താത്ക്കാലിക വാച്ചറായ അപ്പച്ചന്റെ ഭാര്യയാണ് 47കാരിയായ രാധ. അനീഷ, അജീഷ് എന്നിവരാണ് മക്കള്‍. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ എട്ട് പേരാണ് വയനാട്ടില്‍ വന്യജീവി ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.

Content Highlights: Order to shoot the tiger at wayanad

To advertise here,contact us