മുടി മുറിച്ചത് അച്ചടക്കം കാക്കാന്‍, മറ്റു തടവുകാര്‍ക്ക് പ്രയാസമുണ്ടാക്കി; മണവാളനെതിരെ പൊലീസ് റിപ്പോര്‍ട്ട്

മണവാളന്‍ മീഡിയ എന്ന യൂട്യൂബ് ചാനലിന്റെ ഉടമയായ മുഹമ്മദ് ഷഹീന്‍ ഷായ്‌ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പൊലീസ് പുറത്തിറക്കിയിരുന്നു.

തൃശ്ശൂര്‍: കേരളവര്‍മ കോളേജിലെ വിദ്യാര്‍ത്ഥികളെ കാറിടിച്ച് കൊല്ലാന്‍ ശ്രമിച്ച കേസില്‍ പിടിയിലായ യൂട്യൂബര്‍ മണവാളന്റെ മുടി മുറിച്ചത് ജയിലിനകത്തെ അച്ചടക്കം കാക്കാനാണെന്ന് വിയ്യൂര്‍ ജില്ലാ ജയില്‍ സൂപ്രണ്ടിന്റെ റിപ്പോര്‍ട്ട്. വധശ്രമ കേസില്‍ റിമാന്‍ഡിലായി തൃശൂര്‍ ജില്ലാ ജയിലില്‍ എത്തിയ യൂ ട്യൂബര്‍ മണവാളന്‍ എന്ന മുഹമ്മദ് ഷഹിന്‍ ഷായുടെ മുടിയാണ് ജയില്‍ ചട്ടപ്രകാരം മുറിച്ചത്. പിന്നാലെ അസ്വസ്ഥത കാണിച്ച മണവാളനെ തൃശൂര്‍ മാനസികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചിരുന്നു.

സെല്ലില്‍ മറ്റു തടവുകാര്‍ക്ക് മണവാളന്‍ പ്രയാസമുണ്ടാക്കിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മണവാളന്റെ മുടി മുറിച്ചത് വിവാദമായതിന് പിന്നാലെയാണ് ജയില്‍ ആസ്ഥാനത്ത് നിന്ന് അന്വേഷണ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്. ജയില്‍ കവാടത്തിലുള്ള വീഡിയോ ചിത്രീകരണം വിലക്കാനും ധാരണായിട്ടുണ്ട്.

തൃശ്ശൂര്‍ പൂരദിവസം കേരള വര്‍മ്മ കോളജിന് സമീപം വിദ്യാര്‍ഥികളെ വണ്ടികയറ്റിക്കൊല്ലാന്‍ ശ്രമിച്ച കേസിലാണ് മണവാളനെ റിമാന്‍ഡ് ചെയ്തത്. 10 മാസം ഒളിവിലായിരുന്ന മണവാളനെ ഇന്നലെയാണ് തൃശൂര്‍ വെസ്റ്റ് പൊലീസ് കുടകില്‍ നിന്ന് പിടികൂടിയത്. തൃശ്ശൂര്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ ശേഷം പ്രതിയെ റിമാന്‍ഡ് ചെയ്യുകയായിരുന്നു. തൃശ്ശൂര്‍ ടൗണ്‍ വെസ്റ്റ് പൊലീസാണ് അറസ്റ്റ് ചെയ്തത്.

മണവാളന്‍ മീഡിയ എന്ന യൂട്യൂബ് ചാനലിന്റെ ഉടമയായ മുഹമ്മദ് ഷഹീന്‍ ഷായ്‌ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പൊലീസ് പുറത്തിറക്കിയിരുന്നു. വിദ്യാര്‍ത്ഥികളെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലായിരുന്നു ലുക്ക് ഔട്ട് നോട്ടീസ്.

ഏപ്രില്‍ 19നാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. കേരളവര്‍മ്മ കോളേജ് റോഡില്‍ വച്ച് മോട്ടോര്‍ സൈക്കിളില്‍ യാത്ര ചെയ്യുകയായിരുന്നു രണ്ട് കോളേജ് വിദ്യാര്‍ത്ഥികളെ കാറിടിച്ചു കൊലപ്പെടുത്താന്‍ മുഹമ്മദ് ഷഹീന്‍ ഷാ ശ്രമിക്കുകയായിരുന്നു. ഈ സംഭവത്തിലാണ് പൊലീസ് ഇപ്പോള്‍ തുടര്‍ നടപടികള്‍ സ്വീകരിച്ചിരിക്കുന്നത്. തൃശ്ശൂര്‍ വെസ്റ്റ് പൊലീസാണ് ലുക്ക് ഔട്ട് സര്‍ക്കുലര്‍ പുറപ്പെടുവിച്ചത്.

Content Highlights: Police report against the youtuber manavalan

To advertise here,contact us