വാളയാറിൽ കാട്ടാനയുടെ ആക്രമണം; കർഷകന് പരിക്കേറ്റു

ഇന്ന് പുലർച്ചെയായിരുന്നു സംഭവം

പാലക്കാട്: വാളയാറിൽ കാട്ടാന ആക്രമണത്തിൽ കർഷകന് പരിക്കേറ്റു. വാളയാർ സ്വദേശി വിജയനാണ് പരിക്കേറ്റത്. ഇന്ന് പുലർച്ചെയായിരുന്നു സംഭവം.

വാളയാർ വാദ്യാർചള്ള മേഖലയിൽ വെച്ചായിരുന്നു ആക്രമണം. വനംവകുപ്പ് കാട്ടാനയെ തുരത്തുന്നതിനിടെ വിജയൻ കാട്ടാനയുടെ മുന്നിൽ അകപ്പെടുകയായിരുന്നു. വിജയന്‍റെ കാലിനും ഇടുപ്പിനുമാണ് പരിക്കേറ്റത്. പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് എത്തിച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം വിജയനെ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

അതേസമയം, വയനാട് മാനന്തവാടിയിൽ ഇറങ്ങിയ നരഭോജി കടുവയെ വെടിവെച്ച് കൊല്ലാൻ കഴിഞ്ഞ ദിവസം ഉത്തരവിറങ്ങിയിരുന്നു. ചീഫ് വൈൽഡ് ലൈഫ് വാർഡനാണ് ഉത്തരവിറക്കിയത്. ആദ്യം കൂട് വെച്ചോ മയക്കുവെടി വെച്ചോ പിടിക്കാൻ ശ്രമിക്കും. അത് പരാജയപ്പെട്ടൽ വെടിവെച്ച് കൊല്ലാമെന്നാണ് ഉത്തരവ്. സംസ്ഥാനത്ത് ഇതിന്‌ മുൻപ് ഇങ്ങനെ ഒരു ഉത്തരവിറക്കിയിട്ടില്ലെന്ന് വനംവകുപ്പ് അറിയിച്ചു. മുൻപ് മയക്ക് വെടിവെയ്ക്കാൻ ഉത്തരവിറക്കിയിട്ടുണ്ടെങ്കിലും വെടിവെച്ച് കൊല്ലാൻ ഉത്തരവിറക്കിയിട്ടില്ലെന്നാണ് വനംവകുപ്പ് പറയുന്നത്.

Also Read:

Kerala
മാനന്തവാടിയിൽ ഇറങ്ങിയ നരഭോജി കടുവയെ വെടിവെച്ച് കൊല്ലും; ഉത്തരവിറക്കി ചീഫ് വൈൽഡ് ലൈഫ് വാർഡൻ

കടുവയെ പിടികൂടുന്നതിൻ്റെ ഭാഗമായി പ്രദേശത്ത് നിരോധനാജ്ഞ പുറപ്പെടുവിച്ചിട്ടുണ്ട്. ഭാരതീയ ന്യായ സംഹിത 163 പ്രകാരമാണ് നടപടി. 27 വരെയാണ് നിരോധനാജ്ഞ. നഗരസഭയിലെ പഞ്ചാരക്കൊല്ലി, പിലാക്കാവ്, ജെസി, ചിറക്കര ഡിവിഷനുകളിലാണ് സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. പ്രദേശത്ത് നിരോധനാജ്ഞ ലംഘിക്കുന്നവർക്കെതിരെ നടപടിയെടുക്കും. പഞ്ചാരക്കൊല്ലി പ്രിയദർശനി എസ്റ്റേറ്റിന് സമീപം ഇന്നലെ രാവിലെ എട്ടരയോടെയായിരുന്നു രാധ എന്ന സ്ത്രീ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.

തണ്ടർബോൾട്ട് ടീമാണ് പകുതി ഭക്ഷിച്ച നിലയിലുള്ള രാധയുടെ മൃതദേഹം കണ്ടെത്തിയത്. സംഭവം വാർത്തയായതോടെ നാട്ടുകാരുടെ ഭാഗത്ത് നിന്ന് വ്യാപക പ്രതിഷേധമാണ് ഉയർന്നത്. സ്ഥലത്തെത്തിയ മന്ത്രി ഒ ആർ കേളുവിനെതിരെയും ജനരോഷം ഉയർന്നിരുന്നു. മാനന്തവാടിയിൽ വനംവകുപ്പ് താത്ക്കാലിക വാച്ചറായ അപ്പച്ചന്റെ ഭാര്യയാണ് 47കാരിയായ രാധ. അനീഷ, അജീഷ് എന്നിവരാണ് മക്കൾ.

Content Highlights: farmer injured in elephant attack at walayar

To advertise here,contact us