പുൽപ്പള്ളിയിലും കടുവാ ഭീതി; കേളക്കവലയിൽ കടുവയെ കണ്ടതായി പ്രദേശവാസികൾ

പുൽപ്പള്ളി പഞ്ചായത്ത് പ്രസിഡൻ്റ് ടി എസ് ദിലീപ് കുമാറിൻ്റെ കൃഷിയിടത്തിൽ കടുവയെ കണ്ടതായാണ് പ്രദേശവാസികൾ പറയുന്നത്

വയനാട്: പുൽപ്പള്ളി കേളക്കവലയിൽ കടുവയെ കണ്ടതായി പ്രദേശവാസികൾ. പുൽപ്പള്ളി പഞ്ചായത്ത് പ്രസിഡൻ്റ് ടി എസ് ദിലീപ് കുമാറിൻ്റെ കൃഷിയിടത്തിൽ വൈകിട്ട് 6.30 ഓടെ കടുവയെ കണ്ടതായാണ് പ്രദേശവാസികൾ പറയുന്നത്. സ്ഥലത്ത് വനം വകുപ്പ് തിരച്ചിൽ ആരംഭിച്ചു.

അതേസമയം, വയനാട് മാനന്തവാടിയിൽ കടുവാ ഭീതി നിലനിൽക്കുന്ന മേഖലകളിൽ നാളെ കർഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്. പഞ്ചാരക്കൊല്ലിയിലെ നരഭോജി കടുവയെ വെടിവെയ്ക്കാനുള്ള ദൗത്യം നീളുന്നതോടെയാണ് വിവിധയിടങ്ങളിൽ കർഫ്യൂ പ്രഖ്യാപിച്ചത്. പഞ്ചാരക്കൊല്ലി , മേലേ ചിറക്കര, പിലാക്കാവ് മൂന്ന് റോഡ് ഭാഗം, മണിയം കുന്ന് ഭാഗം എന്നിവിടങ്ങളിലാണ് കർഫ്യൂ പ്രഖ്യാപിച്ചത്. നാളെ രാവിലെ ആറ് മുതൽ ബുധനാഴ്ച രാവിലെ ആറ് വരെയാണ് കർഫ്യൂ.

Also Read:

Kerala
ബാറിൽ ബഹളമുണ്ടാക്കിയത് ചോദ്യം ചെയ്തു; ‌ജീവനക്കാരനെ കുത്തിപ്പരിക്കേൽപ്പിച്ച് യുവാവ്; അറസ്റ്റ് ചെയ്ത് പൊലീസ്

കർഫ്യൂ പ്രഖ്യാപിച്ച ഇടങ്ങളിൽ സഞ്ചാര വിലക്കുണ്ട്. ആളുകൾ പുറത്തിറങ്ങരുതെന്നും കടകൾ തുടക്കരുതെന്നും നിർദേശമുണ്ട്. പരീക്ഷകൾക്ക് പോകേണ്ട വിദ്യാർത്ഥികൾക്കായി വാഹന സൗകര്യം ഏർപ്പെടുത്തും. ഇതിനായി കൗൺസിലർമാരെ ബന്ധപ്പെടണമെന്നും നിർദേശത്തിൽ പറയുന്നു. അതിനിടെ പഞ്ചാരക്കൊല്ലിയിൽ വിവിധയിടങ്ങളിൽ പ്രഖ്യാപിച്ച നിരോധനാജ്ഞ നീട്ടി.

പഞ്ചാരക്കൊല്ലി പ്രിയദർശനി എസ്റ്റേറ്റിന് സമീപം വെള്ളിയാഴ്ച രാവിലെ എട്ടരയോടെയായിരുന്നു 47കാരിയായ രാധ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെടുന്നത്. തണ്ടർബോൾട്ട് ടീമാണ് പകുതി ഭക്ഷിച്ച നിലയിൽ രാധയുടെ മൃതദേഹം കണ്ടെത്തിയത്. മാനന്തവാടിയിൽ വനംവകുപ്പ് താത്ക്കാലിക വാച്ചറായ അപ്പച്ചന്റെ ഭാര്യയാണ് രാധ. സംഭവത്തിന് പിന്നാലെ പ്രദേശത്ത് വനംവകുപ്പിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. തുടർന്ന് കടുവയെ വെടിവെച്ച് കൊല്ലാൻ ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഉത്തരവിറക്കിയിരുന്നു.

Content highlight- local residents said they saw a tiger in Kelakavala

To advertise here,contact us