ആശങ്കയൊഴിയാതെ പഞ്ചാരക്കൊല്ലി; നരഭോജി കടുവയ്ക്കായി ഇന്നും തിരച്ചിൽ; ഉന്നതതല യോഗം ചേരും

രണ്ട് കൂടുകളും 38 ക്യാമറകളും പഞ്ചാരക്കൊല്ലിയിൽ വിവിധ മേഖലകളിലായി സ്ഥാപിച്ചിട്ടുണ്ട്

വയനാട്: മാനന്തവാടി പഞ്ചാരക്കൊല്ലിയിലെ നരഭോജി കടുവയെ പിടികൂടാനുള്ള തിരച്ചിൽ വനംവകുപ്പ് ഇന്നും തുടരും. 80 അംഗ ആർആർടി സംഘം പ്രദേശത്ത് എട്ട് ഗ്രൂപ്പുകളായി തിരിഞ്ഞ് കടുവയ്ക്കായി തിരച്ചിൽ നടത്തും. രണ്ട് കൂടുകളും 38 ക്യാമറകളും പഞ്ചാരക്കൊല്ലിയിൽ വിവിധ മേഖലകളിലായി സ്ഥാപിച്ചിട്ടുണ്ട്.

കടുവയെ വെടിവെച്ചു കൊല്ലണമെന്ന് ആവശ്യപ്പെട്ട് ബേസ് ക്യാമ്പിൽ നാട്ടുകാർ നടത്തിയ പ്രതിഷേധത്തിനൊടുവില്‍ എഡിഎം സ്ഥലത്തെത്തി സർവ്വകക്ഷിയോഗം ചേർന്നിരുന്നു. അതിനിടെ പ്രദേശവാസികളിൽ ചിലർ കടുവയെ കണ്ടെന്ന് പറഞ്ഞെങ്കിലും വനംവകുപ്പ് മേഖലയിൽ തിരച്ചിൽ നടത്തിയിട്ടും കടുവയുടെ സാന്നിധ്യം കണ്ടെത്താൻ കഴിഞ്ഞില്ല. ഡോക്ടർ അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘം ഇന്നും കടുവയ്ക്കായി തിരച്ചിൽ നടത്തും.

കടുവ ആക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ വനംമന്ത്രി എ കെ ശശീന്ദ്രന്‍റെ നേതൃത്വത്തിൽ വയനാട്ടിൽ ഇന്ന് ഉന്നതതല യോഗം ചേരും. നരഭോജി കടുവയെ പിടികൂടുന്നതുമായി ബന്ധപ്പെട്ട നടപടികൾ യോഗം വിലയിരുത്തും. പ്രതിഷേധ സാഹചര്യവും ചർച്ചയാകും. രാവിലെ 11-ന് വയനാട് കളക്ടറേറ്റിൽ ആണ് യോഗം. ജില്ലാ കളക്ടർ, പൊലീസ് മേധാവി, വിവിധ ഡിഎഫ്ഒമാർ എന്നിവർ ഉന്നതതല യോഗത്തിൽ പങ്കെടുക്കും.

Also Read:

Kerala
കടുവ പഞ്ചാരക്കൊല്ലിയിൽ തന്നെ; വീടിന് പിന്നിൽ കണ്ടുവെന്ന് കുട്ടികൾ; ഡ്രോൺ പറത്തി പരിശോധിച്ച് വനംവകുപ്പ്

അതേസമയം, കൂടരഞ്ഞിയിൽ ഇന്നലെ വനംവകുപ്പിന്റെ കൂട്ടിൽ കുടുങ്ങിയ പുലിയെ തുറന്നു വിടുന്ന കാര്യത്തിൽ ഇന്ന് തീരുമാനം ഉണ്ടായേക്കും. ഇന്നലെ വെറ്റിനറി സർജൻ നടത്തിയ പരിശോധനയിൽ പുലി പൂർണ്ണ ആരോഗ്യവാനാണെന്ന് കണ്ടെത്തിയിട്ടുണ്ട്. റിപ്പോർട്ട് ചീഫ് വൈൽഡ് ലൈഫ് വാർഡന് കൈമാറി.

ഇതിന്‍റെ അടിസ്ഥാനത്തിൽ ചീഫ് വൈൽഡ് ലൈഫ് വാർഡനാണ് തീരുമാനമെടുക്കേണ്ടതെന്ന് കോഴിക്കോട് ഡിഎഫ്ഒ വ്യക്തമാക്കി. മലബാർ വന്യജീവി സങ്കേതത്തിലെ ഉൾവനത്തിൽ പുലിയെ തുറന്നു വിടാനാണ് സാധ്യത. കടുവ ഭീതിയെ തുടർന്ന് വയനാട്ടിൽ ജനം പ്രകോപിതരായ സാഹചര്യത്തിൽ പുലിയെ തുറന്നു വിടാനുള്ള തീരുമാനം ഉടൻ ഉണ്ടാവില്ലെന്നും സൂചനയുണ്ട്.

Content Highlights: Search on for man-eater tiger at Manathavady will continue today

To advertise here,contact us