'അവസരങ്ങളുടെ കലവറയാണ് ബിജെപി, വിവാദങ്ങൾക്ക് ഇന്ന് മറുപടി നൽകും'; പ്രശാന്ത് ശിവൻ റിപ്പോർട്ടറിനോട്

ബിജെപി തനിക്ക് തന്നത് വലിയ അവസരമാണെന്നും പ്രശാന്ത് ശിവൻ

പാലക്കാട്: ജില്ലാ ബിജെപി അധ്യക്ഷനുമായി ബന്ധപ്പെട്ട വിവാദത്തില്‍ ഇന്ന് മറുപടി പറയുമെന്ന് നിയുക്ത പാലക്കാട് ഈസ്റ്റ് ജില്ലാ പ്രസിഡന്റ് പ്രശാന്ത് ശിവൻ. ഇന്ന് പത്തരയോടെ പുതിയ ജില്ലാ പ്രസിഡന്റിനെ പ്രഖ്യാപിക്കുമെന്നും തുടർന്ന് എല്ലാ ചോദ്യങ്ങൾക്കും മറുപടി നൽകുമെന്നും പ്രശാന്ത് ശിവൻ റിപ്പോർട്ടറിനോട് പറഞ്ഞു.

ബിജെപി തനിക്ക് തന്നത് വലിയ അവസരമാണെന്നും പ്രശാന്ത് ശിവൻ പറഞ്ഞു. പാർട്ടി ഓരോ ഉത്തരവാദിത്വങ്ങൾ ഏൽപ്പിക്കുമ്പോഴും പ്രതീക്ഷ വെച്ചുകൊണ്ടാണ് ചെയ്യുക. പാർട്ടി യുവാക്കളിൽ വിശ്വാസം അർപ്പിക്കുന്നതിന്റെ സൂചനയാണ് തന്റെ സ്ഥാനാർഥിത്വം. രാജ്യമൊട്ടാകെ ഇത്തരത്തിൽ പുതിയ ആളുകൾക്ക് പാർട്ടി ചുമതലകൾ നൽകുന്നുണ്ട് എന്നും അവസരങ്ങളുടെ കലവറയാണ് ബിജെപി എന്നും പ്രശാന്ത് പറഞ്ഞു. പാലക്കാടുകാർക്ക് തന്നെക്കുറിച്ച് വ്യക്തമായ ധാരണയുണ്ട്. എവിടെനിന്ന് വന്നു എന്നതിന് യാതൊരു പ്രസക്തിയുമില്ല എന്നും കൂടുതൽ കാര്യങ്ങൾ മനസിലാക്കികൊടുക്കേണ്ട കാര്യമില്ല എന്നും കൗൺസിലർമാരുടെ എതിർപ്പ് ചൂണ്ടിക്കാട്ടി പ്രശാന്ത് ശിവൻ പറഞ്ഞു.

അതേസമയം, ജില്ലാ അധ്യക്ഷ സ്ഥാനവുമായി ബന്ധപ്പെട്ടുണ്ടായ അതൃപ്തിയില്‍ പാലക്കാട് ബിജെപിയിലെ കൂടുതൽ കൗൺസിലർമാർ രാജിക്കൊരുങ്ങുന്നതായാണ് സൂചന. വിമതയോഗത്തിൽ പങ്കെടുത്ത ഏഴ് മുതിർന്ന കൗൺസിലർമാർക്കൊപ്പം നാല് പേർ കൂടി രാജിവെക്കാൻ ഒരുങ്ങുന്നതായാണ് വിവരം.

ചെയർപേഴ്സനും, വൈസ് ചെയർപേഴ്സനും ഉൾപ്പെടെ 11 കൗൺസിലർമാർ രാജി സന്നദ്ധത അറിയിച്ച് നേതൃത്വത്തെ സമീപിക്കും. ബിജെപി ദേശീയ കൗൺസിൽ അംഗം എൻ ശിവരാജൻ, സംസ്ഥാന ട്രഷറർ അഡ്വ ഇ കൃഷ്ണദാസ് ഉൾപ്പെടെയുള്ളവരാണ് രാജിക്കൊരുങ്ങുന്നത്. പ്രശാന്ത് ശിവനെ അധ്യക്ഷനായി പ്രഖ്യാപിച്ചാൽ, ഉടൻ സംസ്ഥാന നേതൃത്വത്തിന് ഇവർ രാജിക്കത്ത് കൈമാറും എന്നാണ് വിവരം. ഇവരെ തങ്ങളിലേക്ക് അടുപ്പിക്കാൻ സജീവ നീക്കവുമായി കോൺഗ്രസും രംഗത്തുണ്ട്.

Also Read:

Kerala
പഞ്ചാരക്കൊല്ലിയില്‍ കടുവയെ ചത്തനിലയില്‍ കണ്ടെത്തി

കൂടുതൽ കൗൺസിലർമാർ കൂടി രാജി സൂചന നൽകിയതോടെ കടുത്ത പ്രതിസന്ധിയിലായിരിക്കുകയാണ് ബിജെപി നേതൃത്വം. കൂട്ടരാജിയോടെ പാലക്കാട് നഗരസഭാ ഭരണം നഷ്ടമാകുമെന്ന ആശങ്കയിലാണ് ബിജെപി ഇപ്പോൾ ഉള്ളത്. ഇത്തരത്തിൽ രാജി ഭീഷണിയുമായി കൗൺസിലർമാർ മുന്നോട്ടുപോകുമ്പോൾ വിഷയത്തിൽ ഒരു സമവായവും വേണ്ടെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ നിലപാട്. ദേശീയ നേതൃത്വവുമായി ആലോചിച്ചാണ് ജില്ലാ അദ്ധ്യക്ഷന്‍മാരെ നിശ്ചയിച്ചത് എന്നും അതിനെ എതിര്‍ക്കുന്നവര്‍ പാര്‍ട്ടിയിലുണ്ടാവില്ല എന്നും കെ സുരേന്ദ്രന്‍ മുന്നറിയിപ്പ് നൽകിയിരുന്നു.

Content Highlights: Prashanth sivan reply to palakkad bjp problems

To advertise here,contact us