കലാ രാജുവിന്റെ മകനെതിരെയുളള സിഐടിയു പ്രവർത്തകന്റെ പരാതി വ്യാജം; കണ്ടെത്തി പൊലീസ്

കമ്പിവടികൊണ്ട് ബാലുവും സൃഹുത്തുക്കളും മർദിച്ചെന്നായിരുന്നു പരാതി

കൊച്ചി: കൂത്താട്ടുകുളത്ത് സിപിഐഎം പ്രവർത്തകരാൽ തട്ടിക്കൊണ്ടുപോകപ്പെട്ട കലാ രാജുവിന്റെ മകനെതിരായ പരാതി വ്യാജമാണെന്ന് പൊലീസ്.മകൻ ബാലുവിനെതിരെ സിഐടിയു പ്രവർത്തകൻ നൽകിയ പരാതിയാണ് വ്യാജമാണെന്ന് തെളിഞ്ഞിരിക്കുന്നത്. കമ്പിവടികൊണ്ട് ബാലുവും സൃഹുത്തുക്കളും മർദിച്ചെന്നായിരുന്നു പരാതി. എന്നാൽ ഈ സമയത്ത് താൻ എറണാകുളത്തായിരുന്നുവെന്ന് ബാലു മൊഴി നൽകി.

കൂത്താട്ടുകുളത്തെ സിപിഐഎം കൗൺസിലറായ കലാ രാജുവിനെ സ്വന്തം പാർട്ടിക്കാർ തന്നെ തട്ടിക്കൊണ്ടുപോയ സംഭവം വലിയ രാഷ്ട്രീയ കോളിളക്കമുണ്ടാക്കിയിരുന്നു. യുഡിഎഫിന് അനുകൂലമായി കലാ രാജു വോട്ട് ചെയ്യുമെന്ന് മനസ്സിലാക്കിയതോടെയായിരുന്നു തട്ടിക്കൊണ്ട് പോകൽ എന്നായിരുന്നു ആരോപണം. തുടർന്ന് അമ്മയെ കാണാനില്ലെന്ന് കാട്ടി കലാ രാജുവിന്റെ മക്കള്‍ പരാതി നല്‍കിയിരുന്നു.

Also Read:

National
ഉത്തർപ്രദേശിൽ 'ലഡ്ഡു മഹോത്സവ'ത്തിനിടെ വാച്ച് ടവർ തകർന്നുവീണു; അഞ്ച് പേർ മരിച്ചു

തുടർന്ന് സിപിഐഎം കൂത്താട്ടുകുളം ഏരിയാ സെക്രട്ടറി, നഗരസഭാ ചെയർപേഴ്‌സൺ, വൈസ് ചെയ‍ർമാൻ, പാർട്ടി ലോക്കൽ സെക്രട്ടറി എന്നിവരടക്കം 45 പേരെ പ്രതിയാക്കി പൊലീസ് കേസെടുത്തിരുന്നു. സിപിഐഎം പ്രവർത്തകരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. പിന്നാലെ വിഷയം നിയമസഭയിലുമെത്തി. പ്രതിപക്ഷം നൽകിയ അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചത്, ബഹളത്തിനിടയാകുകയും പ്രതിപക്ഷം സഭ ബഹിഷ്കരിക്കുന്നതിലേക്കും നയിച്ചിരുന്നു.

കേസിൽ റിമാൻഡ് ചെയ്യപ്പെട്ട പ്രതികൾക്ക് പിന്നീട് ജാമ്യം ലഭിച്ചിരുന്നു. കേസിലെ ആറ് മുതൽ ഒമ്പത് വരെയുള്ള പ്രതികളെയായിരുന്നു അറസ്റ്റ് ചെയ്ത് റിമാൻഡിൽ അയച്ചത്. സി പി ഐ എം ചെള്ളക്കാപടി ബ്രാഞ്ച് സെക്രട്ടറി അരുൺ വി മോഹൻ, പ്രവർത്തകരായ സജിത്ത് എബ്രഹാം, റിൻസ് വർഗീസ്, ടോണി ബേബി എന്നിവർക്കാണ് ജാമ്യം ലഭിച്ചത്.

Content Highlights: Case against kala rajus son a fake one

To advertise here,contact us