'കടുവ നാട്ടിലിറങ്ങിയാൽ ഓടിക്കാനറിയാം, വനംവകുപ്പ് ഇടപെട്ടില്ലെങ്കിൽ ഞങ്ങളിറങ്ങും'; കുറിച്യ സംരക്ഷണ സമിതി

'പണ്ട് ഞങ്ങൾ കാട്ടിൽ നായാടിയിരുന്നു, ഇപ്പോൾ നിയന്ത്രണം വന്നതോടെ മൃഗങ്ങൾ പെരുകി'

വയനാട്: പെരുകി വരുന്ന വന്യജീവി ആക്രമണത്തിന് തടയിടാൻ വനംവകുപ്പ് ഇറങ്ങിയില്ലെങ്കിൽ തങ്ങൾ ഇറങ്ങേണ്ടി വരുമെന്ന് കുറിച്യ സംരക്ഷണ സമിതി. പഞ്ചാരക്കൊല്ലിയിൽ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട രാധയുടെ കുടുംബത്തിന് 25 ലക്ഷം രൂപ നൽകണം. താത്കാലിക ആശ്രിത നിയമനം പോരാ, രാധയുടെ മകന് സ്ഥിരം നിയമനം നൽകണമെന്നും കുറിച്യ സംരക്ഷണ സമിതി ആവശ്യപ്പെട്ടു.

പണ്ട് ഞങ്ങൾ കാട്ടിൽ നായാടിയിരുന്നു. ഇപ്പോൾ നിയമം മൂലം അതിനു നിയന്ത്രണം വന്നതോടെ മൃഗങ്ങൾ പെരുകി. കടുവ നാട്ടിൽ ഇറങ്ങിയാൽ എങ്ങനെ ഓടിക്കണം എന്ന് ഞങ്ങൾക്കറിയാം. വനം വകുപ്പ് ഇടപെട്ടില്ലെങ്കിൽ വന്യജീവികളെ തടയാൻ തങ്ങൾ ഇറങ്ങേണ്ടി വരും എന്ന് കുറിച്യ സംരക്ഷണ സമിതി പറഞ്ഞു.

പഞ്ചാരക്കൊല്ലി പ്രിയദര്‍ശനി എസ്റ്റേറ്റിന് സമീപം വെള്ളിയാഴ്ച രാവിലെ എട്ടരയോടെയായിരുന്നു 47കാരിയായ രാധ കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. തണ്ടര്‍ബോള്‍ട്ട് ടീമാണ് പകുതി ഭക്ഷിച്ച നിലയില്‍ രാധയുടെ മൃതദേഹം കണ്ടെത്തിയത്. മാനന്തവാടിയില്‍ വനംവകുപ്പ് താത്ക്കാലിക വാച്ചറായ അപ്പച്ചന്റെ ഭാര്യയായിരുന്നു രാധ. കാപ്പിക്കുരു പറിക്കുന്നതിനായി എസ്റ്റേറ്റിലെത്തിയ രാധയെ കടുവ പതിയിരുന്ന് ആക്രമിക്കുകയായിരുന്നു. രാധയുടെ കഴുത്തിൽ കടിച്ചുവലിച്ച കടുവ 100 മീറ്ററോളം വലിച്ചിഴച്ചിരുന്നു.

Also Read:

Kerala
അമിത അളവില്‍ മെര്‍ക്കുറി; സംസ്ഥാനത്ത് പിടിച്ചെടുത്തത് ഏഴ് ലക്ഷം രൂപയുടെ സൗന്ദര്യവര്‍ധക വസ്തുക്കള്‍

സംഭവം വാർത്തയായതിന് പിന്നാലെ വനംവകുപ്പിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയർന്നത്. സ്ഥലത്തെത്തിയ മന്ത്രി ഒ ആർ കേളുവിനെതിരെയും എ കെ ശശീന്ദ്രനെതിരെയും പ്രതിഷേധമുയർന്നു. ഇതിന് പിന്നാലെ രാധയുടെ കുടുംബത്തിൽ ഒരാൾക്ക് താത്ക്കാലിക ജോലി നൽകുമെന്ന് സർക്കാർ പ്രഖ്യാപിച്ചു. ജനരോഷം അലയടിച്ചതോടെ കടുവയെ വെടിവെച്ച് കൊല്ലാൻ സർക്കാർ അടിയന്തര നടപടി സ്വീകരിച്ചു. ചീഫ് വൈൽഡ് വാർഡൻ കടുവയെ കൊല്ലാൻ ഉത്തരവിറക്കി.

കടുവയ്ക്കായി വനംവകുപ്പും പൊലീസും വലവിരിച്ച് കാത്തിരിക്കെ തിങ്കളാഴ്ച രാവിലെ വയനാട് പിലാക്കലിൽ കടുവയെ ചത്തനിലയിൽ കണ്ടെത്തുകയായിരുന്നു. മറ്റൊരു കടുവയുമായി ഏറ്റുമുട്ടിയ നരഭോജി കടുവ കൊല്ലപ്പെടുകയായിരുന്നുവെന്ന് വനംവകുപ്പ് അറിയിച്ചു. രാധയെ കൊലപ്പെടുത്തിയ കടുവ തന്നെയാണ് ചത്തതെന്ന് വനം വകുപ്പ് സ്ഥിരീകരിച്ചു. തുടർന്ന് നടത്തിയ പോസ്റ്റ്‌മോർട്ടത്തില്‍ കടുവയുടെ വയറ്റില്‍ നിന്ന് രാധയുടെ ശരീരാവശിഷ്ടങ്ങളും കമ്മലും സാരിയുടെ ഭാഗങ്ങളും കണ്ടെടുത്തിരുന്നു.

Content Highlights: kurichiya samrakshana samithi said they stand for against wild animal attack

To advertise here,contact us