ചെന്താമര വിറ്റ ഫോണ്‍ ഓണായി; അന്വേഷണം തിരുവമ്പാടിയിലേക്കും

ചെന്താമര രണ്ട് ഫോണുകള്‍ ഉപയോഗിച്ചിരുന്നതായും പൊലീസ് സംശയിക്കുന്നുണ്ട്

കോഴിക്കോട്: നെന്മാറയില്‍ അമ്മയേയും മകനേയും കൊലപ്പെടുത്തിയ കേസിലെ പ്രതി ചെന്താമരയ്ക്കായി വ്യാപക തിരച്ചില്‍. ചെന്താമര വിറ്റ ഫോണ്‍ തിരുവമ്പാടിയില്‍ ഓണായ പശ്ചാത്തലത്തില്‍ അന്വേഷണം കോഴിക്കോട്ടേയ്ക്കും വ്യാപിപ്പിച്ചു. ചെന്താമര കോഴിക്കോട് എത്തിയിട്ടുണ്ടോ എന്ന സംശയത്തിന്റെ അടിസ്ഥാനത്തില്‍ അന്വേഷണ സംഘം വിശദമായ അന്വേഷണം നടത്തി. സുഹൃത്തിനാണ് ചെന്താമര ഫോണ്‍ വിറ്റതെന്ന് അന്വേഷണ സംഘം കണ്ടെത്തി. ചെന്താമര നേരത്തേ തിരുവമ്പാടിയില്‍ സെക്യൂരിറ്റി ആയി ജോലി ചെയ്തിരുന്നുവെന്നും അന്വേഷണ സംഘം കണ്ടെത്തി. ചെന്താമര രണ്ട് ഫോണുകള്‍ ഉപയോഗിച്ചിരുന്നതായും പൊലീസ് സംശയിക്കുന്നുണ്ട്.

Also Read:

Kerala
'ലക്ഷ്മിയുടെ ദേഹത്ത് 12 മാരക മുറിവുകൾ, സുധാകരൻ്റെ ശരീരത്തിൽ ആഴത്തിലുള്ള 6 മുറിവുകൾ', ഇൻക്വസ്റ്റ് റിപ്പോർട്ട്

ചെന്താമരയ്ക്കായി നെല്ലിയാമ്പതി മലയില്‍ തിരച്ചില്‍ തുടരുകയാണെന്ന് പാലക്കാട് എസ്പി അജിത് കുമാര്‍ പറഞ്ഞു. മറ്റൊരു ടീം കൂടി അവിടെ കേന്ദ്രീകരിച്ച് പരിശോധന നടത്തും. കെഡാവര്‍ ഡോഗിനെ അടക്കം പരിശോധനയ്ക്ക് എത്തിക്കും. ഡ്രോണ്‍ പരിശോധന കൊണ്ട് പ്രയോജനം ഉണ്ടായില്ല. ചില തെറ്റായ വിവരങ്ങളും ലഭിച്ചു. പ്രതിയുടെ സഹോദരന ചോദ്യം ചെയ്ത് വരികയാണെന്നും എസ്പി അറിയിച്ചു.

മറ്റ് രണ്ട് സ്ഥലങ്ങളില്‍ കൂടി അന്വേഷണം നടത്തുമെന്നും എസ്പി പറഞ്ഞു. പ്രതി രക്ഷപ്പെടാന്‍ സാധ്യതയുള്ളതുകൊണ്ട് സ്ഥലപേരുകള്‍ വെളിപ്പെടുത്താന്‍ ആകില്ല. അവിടേക്ക് മറ്റൊരു ടീമിനെ അയയ്ക്കുമെന്നും എസ്പി അറിയിച്ചു. പ്രതിയുടെ ജാമ്യാപേക്ഷ നെന്മാറ പൊലീസ് എതിര്‍ത്തിരുന്നുവെന്നും എസ്പി വ്യക്തമാക്കി. പൊലീസ് എതിര്‍ത്ത ജാമ്യ വ്യവസ്ഥകള്‍ കോടതിയാണ് നിഷേധിച്ചത്. പൊലീസിന് വീഴ്ചയുണ്ടെങ്കില്‍ അന്വേഷിക്കും. എഡിജിപിക്ക് ഇന്ന് തന്നെ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും എസ്പി കൂട്ടിച്ചേര്‍ത്തു.

ഇന്നലെ രാവിലെ പത്ത് മണിയോടെയാണ് പോത്തുണ്ടി സ്വദേശികളായ സുധാകരനേയും അമ്മ മീനാക്ഷിയേയും അയല്‍വാസിയായ ചെന്താമര കൊലപ്പെടുത്തിയത്. സ്‌കൂട്ടറില്‍ വരികയായിരുന്ന സുധാകരനെ വടിയില്‍ വെട്ടുകത്തിവെച്ചുകെട്ടി വെട്ടിവീഴ്ത്തുകയായിരുന്നു. സമീപത്ത് ആരുമില്ലെന്ന് ഉറപ്പുവരുത്തിയ ശേഷമായിരുന്നു ആക്രമണം. തൊട്ടുപിന്നാലെ, ശബ്ദം കേട്ട് ഇറങ്ങിവന്ന മീനാക്ഷിയേയും ചെന്താമര വെട്ടി. സുധാകരന്‍ സംഭവ സ്ഥലത്തുവെച്ച് തന്നെ മരിച്ചു. മീനാക്ഷിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

2019 ല്‍ സുധാകരന്റെ ഭാര്യ സജിതയേയും ചെന്താമര കൊലപ്പെടുത്തിയിരുന്നു. ചെന്താമരയുടെ ഭാര്യ പിണങ്ങിപോകാന്‍ കാരണം സുധാകരനും സജിതയുമാണെന്ന് പറഞ്ഞായിരുന്നു കൊലപാതകം. വീട്ടില്‍ അതിക്രമിച്ച് കയറിയ ചെന്താമര സജിതയെ കഴുത്തറുത്ത് കൊല്ലുകയായിരുന്നു. ഇതിന് ശേഷവും ഇയാള്‍ നെല്ലിയാമ്പതി കാടുകളിലേക്കാണ് ഓടിമറിഞ്ഞത്. ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഇയാള്‍ പിടിയിലായി. 2022 ല്‍ നെന്മാറ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ പ്രവേശിക്കരുതെന്ന ഉപാധിയോടെ കോടതി ഇയാള്‍ക്ക് ജാമ്യം അനുവദിച്ചിരുന്നു. 2023 ല്‍ നെന്മാറ പഞ്ചായത്ത് മാത്രമാക്കി ജാമ്യവ്യവസ്ഥ ചുരുക്കി. ജാമ്യ വ്യവസ്ഥ ലംഘിച്ച് ഇയാള്‍ വീണ്ടും നെന്മാറയില്‍ എത്തി. ചെന്താമരയില്‍ നിന്ന് ഭീഷണിയുണ്ടെന്ന് കാണിച്ച് സുധാകരന്‍ കഴിഞ്ഞ മാസം 29ന് നെന്മാറ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നെന്മാറ പൊലീസ് ചെന്താമരയെ വിളിച്ചുവരുത്തി താക്കീത് നല്‍കിയിരുന്നു. ഇനി നെന്മാറയിലേക്ക് പോകില്ലെന്നും തിരുപ്പൂരിലേക്ക് പോകുകയാണെന്നുമായിരുന്നു ചെന്താമര അന്ന് പൊലീസിനോട് പറഞ്ഞത്. ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ചെന്താമര തിരുപ്പൂരില്‍ നിന്ന് നെന്മാറയിലെ താമസ സ്ഥലത്ത് എത്തി. ഇത് പൊലീസ് അറിഞ്ഞിരുന്നില്ല. ഇതിന് പിന്നാലെയാണ് അരുംകൊല. ജീവന് ഭീഷണിയുണ്ടെന്ന് കാണിച്ച് അച്ഛന്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നുവെന്നും എന്നാല്‍ പൊലീസ് പരാതി വിലക്കെടുത്തില്ലെന്നും സുധാകരന്റെ മകള്‍ പറഞ്ഞിരുന്നു.

Content Highlights- police investigation spread to thiruvambady for chenthama on twin murder case

To advertise here,contact us