'നെന്മാറ ഇരട്ടക്കൊലപാതകത്തിൽ പൊലീസിന് ഗുരുതര വീഴ്ച, കുട്ടികളെ സർക്കാർ ഏറ്റെടുക്കണം'; ചെന്നിത്തല

'പൊലീസിന്റെ പ്രവർത്തനം അവതാളത്തിലായി'

കൊച്ചി: നെന്മാറ ഇരട്ടക്കൊലപാതകത്തിന്റെ പൂർണ ഉത്തരവാദിത്തം പൊലീസിനാണെന്ന് കോൺ​ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ​ഗുരുതര വീഴ്ചയാണ് പൊലീസിന്റെ ഭാ​ഗത്ത് നിന്നുണ്ടായത്. സംസ്ഥാനത്ത് ക്രമസമാധാന നില തകർന്നു. പൊലീസിന്റെ പ്രവർത്തനം അവതാളത്തിലാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ചെന്താമരയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട സുധാകരന്റെ മക്കളെ സർക്കാർ ഏറ്റെടുക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

ബ്രൂവറി വിഷയത്തിലും രമേശ് ചെന്നിത്തല പ്രതികരിച്ചു. പ്ലാച്ചിമട സമരത്തിൽ ശക്തമായി നിന്ന പാർട്ടിയാണ് സിപിഐ. ബ്രൂവറി കൊണ്ടുവരുന്നതിലുളള സിപിഐ നിലപാട് സ്വാഗതാർഹമാണ്. സർക്കാർ തീരുമാനത്തിൽ നിന്ന് പിന്മാറണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

നെന്മാറയിൽ കൊല്ലപ്പെട്ട സുധാകരന്റേയും അമ്മ ലക്ഷ്മിയുടേയും മൃതദേഹം അല്പ സമയത്തിനകം സംസ്കരിക്കും. പ്രതി ചെന്താമര ഇപ്പോഴും ഒളിവിലാണ്. ചെന്താമരയെ പിടികൂടാൻ ആന്റി നക്സൽ ഫോഴ്സും തിരച്ചിലിനായി ഇറങ്ങിയിട്ടുണ്ട്. പ്രതി ഒളിവിൽ കഴിയുന്നുവെന്ന് കരുതുന്ന അരക്കമലയിൽ സംഘം തിരച്ചിൽ നടത്തും. പാലക്കാട് എസ്പിയുടെ പ്രത്യേക സ്ക്വാഡും തിരച്ചിലിനായി രംഗത്തുണ്ട്. പ്രതിക്കായി വനത്തിന് പുറമെ പാലക്കാട് നഗരത്തിലും വ്യാപക പരിശോധന നടത്തിവരികയാണ്.

Also Read:

Kerala
'ചെന്താമര സജിതയെ കൊന്നത് മന്ത്രവാദി പറഞ്ഞത് കേട്ട്, അമാനുഷിക ശക്തി ലഭിച്ചതായി വിശ്വസിച്ചു'; അയൽവാസി

സംഭവത്തിൽ പൊലീസിനുണ്ടായ വീഴ്ചയിൽ എഡിജിപി മനോജ് എബ്രഹാം പാലക്കാട് എസ്പിയോട് റിപ്പോർട്ട് തേടിയിട്ടുണ്ട്. ജാമ്യ വ്യവസ്ഥ ലംഘിച്ചതിൽ നടപടി എടുക്കാത്തതിലാണ് അന്വേഷണം. ഇരട്ടക്കൊലപാതകത്തിൽ പൊലീസ് വീഴ്ചയുടെ ആഘാതം എടുത്തുകാട്ടി ഗുരുതര ആരോപണവുമായി കൊല്ലപ്പെട്ട സുധാകരന്റെ മക്കളും രംഗത്തുവന്നിരുന്നു. കുടുംബത്തിന് നേരെ ഭീഷണിയുണ്ടെന്ന് പൊലീസിനെ നേരത്തെ അറിയിച്ചിരുന്നതായും എന്നാൽ പൊലീസ് ഒരു വിലയും നൽകിയില്ലെന്നും മക്കൾ റിപ്പോർട്ടറിനോട് പറഞ്ഞിരുന്നു.

ചെന്താമരയിൽ നിന്ന് ഭീഷണിയുണ്ടെന്ന് കാണിച്ച് കഴിഞ്ഞ മാസം 29-ാം തീയതി സുധാകരനും കുടുംബവും നെന്മാറ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. ഇതിന് പിന്നാലെ പൊലീസ് ചെന്താമരയെ സ്റ്റേഷനിലേക്ക് വിളിപ്പിച്ച് താക്കീത് ചെയ്തു. ഇനി പ്രശ്‌നമൊന്നും ഉണ്ടാക്കില്ലെന്നും തമിഴ്‌നാട് തിരുപ്പൂരില്‍ പോവുകയാണെന്നുമായിരുന്നു ചെന്താമര അന്ന് പൊലീസിനോട് പറഞ്ഞത്. എന്നാൽ ഇന്നലെ ചെന്താമര സുധാകരനെയും മീനാക്ഷിയെയും കൊലപ്പെടുത്തുകയായിരുന്നു.

Content Highlights: Ramesh Chennithala Criticize Police over Nenmara Double Murder Case

To advertise here,contact us