നെന്മാറ ഇരട്ടക്കൊലപാതകം; പ്രതി ചെന്താമര റിമാൻഡിൽ

മകളുടെയും മരുമകന്റെയും മുന്നിൽ തല കാണിക്കാൻ പറ്റില്ലെന്നും എത്രയും വേഗം ശിക്ഷിക്കണമെന്നും ചെന്താമരയുടെ ആവശ്യം

പാലക്കാട്: നെന്മാറ ഇരട്ടക്കൊലപാതക കേസിലെ പ്രതി ചെന്താമരയെ റിമാൻഡ് ചെയ്തു. ആലത്തൂർ മജിസ്ട്രേറ്റ് കോടതിയാണ് പ്രതിയെ 14 ദിവസത്തേയ്ക്ക് റിമാൻഡ് ചെയ്തിരിക്കുന്നത്. ഫെബ്രുവരി 12വരെയാണ് റിമാൻഡ് കാലാവധി. പ്രതിയെ ആലത്തൂർ സബ് ജയിലിലേയ്ക്ക് കൊണ്ടുപോകും.

ഒരു കുറ്റബോധവുമില്ലാതെയാണ് പ്രതി കോടതിയിൽ ജഡ്ജിക്ക് മുന്നിൽ നിന്നത്. മറ്റ് പരിക്കുകൾ എന്തെങ്കിലും ഉണ്ടോയെന്ന് കോടതി ചോദിച്ചപ്പോൾ ഒരുകാര്യം പറയാനുണ്ടെന്ന് ചെന്താമര കോടതിയിൽ പറയുകയായിരുന്നു. തന്നെ എത്രയും വേ​ഗം ശിക്ഷിക്കണം എന്നായിരുന്നു കോടതിയിൽ ചെന്താമരയുടെ ആവശ്യം. നൂറ് വർഷം വരെ ശിക്ഷിച്ചോളു എന്നും പ്രതി കോടതിയിൽ ആവശ്യപ്പെട്ടു. എല്ലാം ചെയ്തത് ഒറ്റയ്ക്കാണെന്നും പരിക്കുകൾ ഒന്നുമില്ലെന്നും പരാതി ഇല്ലെന്നും ചെന്താമര വ്യക്തമാക്കി. മകളുടെയും മരുമകന്റെയും മുന്നിൽ തല കാണിക്കാൻ പറ്റില്ലെന്നും ചെന്താമര കോടതിയെ അറിയിച്ചു. മകൾ എഞ്ചിനീയറാണെന്നും മകൻ ക്രൈംബ്രാഞ്ചിലാണെന്നും ചെന്താമര കോടതിയിൽ പറഞ്ഞു.

പ്രതി കൊല നടത്തിയത് കൃത്യമായ ആസൂത്രണത്തോടെയാണെന്നാണ് പൊലീസ് കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിലുള്ളത്. ഇതിനായി ദിവസങ്ങൾക്ക് മുമ്പ് തന്നെ കൊടുവാൾ വാങ്ങിയിരുന്നു. പൂർവ്വവൈരാ​ഗ്യത്തിലാണ് കൊലപാതകം നടത്തിയതെന്നും കുറ്റപത്രം പറയുന്നു. തൻ്റെ പദ്ധതി കൃത്യമായി നടപ്പിലാക്കിയതിൻ്റെ സന്തോഷം പ്രതിക്കുണ്ടായിരുന്നുവെന്നും കുറ്റപത്രത്തിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്. പ്രതി പുറത്തിറങ്ങിയാൽ ഒരു പ്രദേശത്തിന് മുഴുവൻ ഭീഷണിയാണെന്നും പ്രതിയിൽ നിന്നും അയൽവാസികൾക്ക് തുടർച്ചയായി വധഭീഷണിയുണ്ടെന്നും കുറ്റപത്രം വ്യക്തമാക്കിയിരുന്നു.

Also Read:

Kerala
'പാർട്ടി തെറ്റായ വഴികളിലൂടെ സഞ്ചരിക്കുന്നു'; വയനാട്ടിൽ സിപിഐ ജില്ലാ കമ്മിറ്റി അംഗം ബിജെപിയിൽ ചേർന്നു

തിങ്കളാഴ്ച രാവിലെ പത്ത് മണിയോടെയാണ് പോത്തുണ്ടി സ്വദേശികളായ സുധാകരനേയും അമ്മ മീനാക്ഷിയേയും അയല്‍വാസിയായ ചെന്താമര കൊലപ്പെടുത്തിയത്. സ്‌കൂട്ടറില്‍ വരികയായിരുന്ന സുധാകരനെ വടിയില്‍ വെട്ടുകത്തിവെച്ചുകെട്ടി വെട്ടിവീഴ്ത്തുകയായിരുന്നു. സമീപത്ത് ആരുമില്ലെന്ന് ഉറപ്പുവരുത്തിയ ശേഷമായിരുന്നു ആക്രമണം. തൊട്ടുപിന്നാലെ, ശബ്ദം കേട്ട് ഇറങ്ങിവന്ന മീനാക്ഷിയേയും ചെന്താമര വെട്ടി. സുധാകരന്‍ സംഭവ സ്ഥലത്തുവെച്ച് തന്നെ മരിച്ചു. മീനാക്ഷിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

2019 ല്‍ സുധാകരന്റെ ഭാര്യ സജിതയേയും ചെന്താമര കൊലപ്പെടുത്തിയിരുന്നു. ചെന്താമരയുടെ ഭാര്യ പിണങ്ങിപോകാന്‍ കാരണം സുധാകരനും സജിതയുമാണെന്ന് പറഞ്ഞായിരുന്നു കൊലപാതകം. വീട്ടില്‍ അതിക്രമിച്ച് കയറിയ ചെന്താമര സജിതയെ കഴുത്തറുത്ത് കൊല്ലുകയായിരുന്നു. ഭാര്യ പിണങ്ങിപ്പോയതിന് കാരണം നീണ്ട മുടിയുള്ള സ്ത്രീയാണെന്ന മന്ത്രവാദിയുടെ വാക്കുകൾ വിശ്വസിച്ചാണ് അന്ധവിശ്വാസിയായ ചെന്താമര സജിതയെ കൊലപ്പെടുത്തിയതെന്നും വിവരമുണ്ടായിരുന്നു. സജീതയെ കൊലപ്പെടുത്തിയതിന് ശേഷവും ചെന്താമര നെല്ലിയാമ്പതി കാടുകളിലേക്കാണ് ഓടിമറിഞ്ഞത്. ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഇയാള്‍ പിടിയിലാവുകയായിരുന്നു.

Also Read:

Thiruvananthapuram
മൃതദേഹം കുളിപ്പിച്ചപ്പോള്‍ മുറിവും ചതവും; റിട്ട. നഴ്‌സിംഗ് അസിസ്റ്റന്റിന്റെ മരണത്തില്‍ ദുരൂഹത

36 മണിക്കൂറിലേറെ നീണ്ട തിരച്ചിലിനൊടുവിലാണ് ഇന്നലെ രാത്രി പ്രതിപിടിയിലായത്. ചെന്താമരയുടെ വീടിനടുത്തുള്ള പാടത്ത് നിന്നാണ് പ്രതിയെ പിടികൂടിയതെന്ന് ആലത്തൂർ ഡിവൈഎസ്പി വ്യക്തമാക്കിയിരുന്നു. മെഡിക്കൽ പരിശോധന പൂർത്തിയാക്കിയതിന് ശേഷമാണ് ചെന്താമരയെ നെന്മാറ സ്റ്റേഷനിലേയ്ക്ക് എത്തിച്ചത്. ചെന്താമരയെ സ്റ്റേഷനിൽ എത്തിച്ചതിന് പിന്നാലെ ഇവിടെ തടിച്ച് കൂടിയ ജനക്കൂട്ടം രോഷപ്രകടനവുമായി രംഗത്ത് വന്നിരുന്നു. ചെന്താമരയെ കൊണ്ടുവന്ന വാഹനം തടയാനും നാട്ടുകാർ ശ്രമിച്ചിരുന്നു. ഗേറ്റ് തകർത്ത് സ്റ്റേഷനിലേയ്ക്ക് അതിക്രമിച്ച് കയറാൻ തടിച്ച് കൂടിയ നാട്ടുകാർ ശ്രമിച്ചതിന് പിന്നാലെ പൊലീസ് ലാത്തി വീശിയതോടെ ജനങ്ങൾ ചിതറിയോടി. എന്നാൽ പിരിഞ്ഞ് പോകാൻ തയ്യാറാകാതെ ജനങ്ങൾ വീണ്ടും സ്റ്റേഷനിലേയ്ക്ക് തള്ളിക്കയറാൻ ശ്രമിച്ചതോടെ പ്രതിഷേധക്കാർക്ക് നേരെ പൊലീസ് പെപ്പർ സ്പ്രേ പ്രയോഗിച്ചിരുന്നു. ചെന്താമരയെ വിട്ടുതരണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Content Highlights: Accused Chentamara remanded

To advertise here,contact us