'അവന് രണ്ട് ദിവസത്തിൽ കൂടുതൽ ഭക്ഷണം കഴിക്കാതിരിക്കാൻ കഴിയില്ല; ഉറപ്പായും വരും'; ട്രാപ്പിൽ വീണ് ചെന്താമര

'രണ്ട് ദിവസത്തില്‍ കൂടുതല്‍ ചെന്താമരയ്ക്ക് ഭക്ഷണം കഴിക്കാതിരിക്കാന്‍ കഴിയില്ലെന്ന് പൊലീസ് കസ്റ്റഡിയിലുള്ള അയാളുടെ ചേട്ടന്‍ പറഞ്ഞിരുന്നു'

നെന്മാറ: പാലക്കാട് നെന്മാറ ഇരട്ടക്കൊലക്കേസില്‍ പ്രതി ചെന്താമരയ്ക്കായി കൃത്യമായി കെണിയൊരുക്കിയിരുന്നുവെന്ന് ആലത്തൂര്‍ ഡിവൈഎസ്പി. രണ്ട് ദിവസത്തില്‍ കൂടുതല്‍ ചെന്താമരയ്ക്ക് ഭക്ഷണം കഴിക്കാതിരിക്കാന്‍ കഴിയില്ലെന്ന് പൊലീസ് കസ്റ്റഡിയിലുള്ള അയാളുടെ ചേട്ടന്‍ രാധാകൃഷ്ണന്‍ പറഞ്ഞിരുന്നു. ഭക്ഷണം കഴിക്കാന്‍ ഇന്ന് അനിയന്‍ ഉറപ്പായും വരുമെന്നും രാധാകൃഷ്ണന്‍ സൂചിപ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് ട്രാപ്പ് വെച്ചു. ഇതില്‍ പ്രതി വന്നുവീണുവെന്നും ഡിവൈഎസ്പി മാധ്യമങ്ങളോട് പറഞ്ഞു.

Also Read:

Kerala
'ചെന്താമരയെ പിടിച്ചത് സ്വന്തം വീടിന് സമീപത്തുനിന്ന്'; ഓടാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നുവെന്ന് പൊലീസ്

ഭക്ഷണം കഴിക്കാന്‍ സ്വന്തം വീടിന് സമീപത്തേയ്ക്ക് വരുമ്പോഴായിരുന്നു ചെന്താമരയെ പിടികൂടിയതെന്നും ഡിവൈഎസ്പി പറഞ്ഞു. വയലിന് സമീപത്തുവെച്ച് പൊലീസ് ഇയാളെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. ഓടാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു പ്രതി. എവിടെയായിരുന്നു എന്ന് ചോദിച്ചപ്പോള്‍ മലയിലായിരുന്നു എന്നായിരുന്നു മറുപടിയെന്നും ഡിവൈഎസ്പി പറഞ്ഞു.

ചെന്താമരയെ പിടിച്ച വാര്‍ത്തയറിഞ്ഞ് നിരവധി പേരാണ് നെന്മാറ പൊലീസ് സ്റ്റേഷന് മുന്നിലെത്തിയത്. പ്രതിയെ പൊലീസ് എത്തിച്ചതോടെ ജനങ്ങൾ പൊലീസ് സ്റ്റേഷന്റെ ഗേറ്റിന് സമീപത്തേയ്ക്ക് പാഞ്ഞടുത്തു. ഇതോടെ പൊലീസ് ഗേറ്റ് അടയ്ക്കുകയും ജനങ്ങളെ പുറത്താക്കുകയും ചെയ്തു. ജനക്കൂട്ടം ഗേറ്റ് അടിച്ചുതകര്‍ത്തു. ചെന്താമരയെ തങ്ങളെ കാണിക്കണമെന്നായിരുന്നു ജനങ്ങളുടെ ആവശ്യം. ഇതിനിടെ പ്രതിയെ പൊലീസ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിച്ചു. അതേസമയം പൊലീസ് സ്റ്റേഷന്റെ ഗേറ്റ് അടിച്ചുതകര്‍ത്ത സംഭവവുമായി ബന്ധപ്പെട്ട് കേസെടുക്കുമെന്നും ഡിവൈഎസ്പി പറഞ്ഞു. പൊതുമുതല്‍ നശിപ്പിച്ചതിന് കുറേയെണ്ണം ജയിലില്‍ കിടക്കും. നെന്മാറ കൊലക്കേസ് പുറത്ത് ചര്‍ച്ചയായോ എന്ന് തനിക്കറിയില്ല. പൊലീസിന്റെ ഇടയില്‍ വിഷയം വലിയ രീതിയില്‍ ചര്‍ച്ചയായി. ഒരാളുടെ ജോലിയെ ബാധിച്ചുവെന്നും ഡിവൈഎസ്പി കൂട്ടിച്ചേര്‍ത്തു. മാധ്യമങ്ങളെ കുറ്റപ്പെടുത്തിക്കൊണ്ടായിരുന്നു സിഐയുടെ സസ്പെൻഷൻ പരോക്ഷമായി സൂചിപ്പിച്ചു കൊണ്ടുള്ള ഡിവൈഎസ്പിയുടെ പ്രതികരണം.

Content Highlights-- alathur dysp explain how they captured chenthamara

To advertise here,contact us