'കാട്ടാനയുടെ മുന്നില്‍പെട്ടു, ഡ്രോണ്‍ വരുമ്പോള്‍ മരങ്ങളുടെ താഴെ ഒളിച്ചു'; പട്ടികയില്‍ പൊലീസ് ഉദ്യോഗസ്ഥനും

മൂന്ന് പേരെയും കൂടി താന്‍ കൊല്ലാന്‍ ലക്ഷ്യമിട്ടതായി ചെന്താമര പൊലീസിനോട് പറഞ്ഞതായി വിവരമുണ്ട്.

പാലക്കാട്: ഒളിവില്‍ കഴിയവേ താന്‍ കാട്ടാനയ്ക്ക് മുന്നില്‍ പെട്ടെന്ന് നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര. കാട്ടാനയുടെ നേരെ മുന്നില്‍ താന്‍ എത്തിയെങ്കിലും ആന ആക്രമിച്ചില്ലെന്നും ചെന്താമര പറഞ്ഞു.മലയ്ക്ക് മുകളില്‍ പൊലീസ് ഡ്രോണ്‍ പരിശോധന നടത്തിയത് താന്‍ കണ്ടു. ഡ്രോണ്‍ വരുമ്പോഴൊക്കെ മരങ്ങളുടെ താഴെ ഒളിച്ചു. പല തവണ നാട്ടുകാരുടെ തിരച്ചില്‍ സംഘത്തെ കണ്ടെന്നും ചെന്താമര പറഞ്ഞു.

അതേ സമയം സുധാകരനെയും ലക്ഷ്മിയെയും കൂടാതെ മൂന്ന് പേരെയും കൂടി താന്‍ കൊല്ലാന്‍ ലക്ഷ്യമിട്ടതായി ചെന്താമര പൊലീസിനോട് പറഞ്ഞതായി വിവരമുണ്ട്. തന്നെ പിരിഞ്ഞുപോയ ഭാര്യ, ഒരു പൊലീസ് ഉദ്യോഗസ്ഥന്‍, ഒരു അയല്‍വാസി എന്നിവരെ കൊലപ്പെടുത്താനാണ് ചെന്താമര തീരുമാനിച്ചിരുന്നത്.

പൊലീസ് ഉദ്യോഗസ്ഥനെന്ന് ചെന്താമര പറയുന്നത് ഇയാളുടെ മരുമകനാണെന്ന സ്ഥിരീകരിക്കാത്ത വിവരമുണ്ട്. പുഷ്പ എന്ന അയല്‍വാസിയെയും ചെന്താമര ലക്ഷ്യമിട്ടിരുന്നു. നെന്മാറയിലെ അരുംകൊലയ്ക്ക് ചെന്താമരയെ നയിച്ചത് അന്ധവിശ്വാസമെന്ന് പുഷ്പ റിപ്പോര്‍ട്ടര്‍ ടിവിയോട് പറഞ്ഞിരുന്നു. ചെന്താമര അന്ധവിശ്വാസിയാണ്. മന്ത്രവാദി പറഞ്ഞത് കേട്ടാണ് കൊല്ലപ്പെട്ട സുധാകരന്റെ ഭാര്യ സജിതയെ 2019 ല്‍ ചെന്താമര കൊലപ്പെടുത്തിയത്. തൃശ്ശൂരിലുളള ഒരു മന്ത്രവാദിയെ അന്ന് അയാള്‍ പോയി കണ്ടു. ചെന്താമരയുടെ ഭാര്യ വീട്ടില്‍ നിന്ന് പോകാന്‍ കാരണം ധാരാളം മുടിയുള്ളവരാണെന്ന് മന്ത്രവാദി ഇയാളോട് പറഞ്ഞു. തുടര്‍ന്നാണ് ചെന്താമര, സജിതയെ കഴുത്തറുത്ത് കൊലപ്പെടുത്തുന്നതെന്നും പുഷ്പ റിപ്പോര്‍ട്ടറിനോട് വെളിപ്പെടുത്തി.

ഭാര്യ വീടുവിട്ട് ഇറങ്ങാന്‍ കാരണം ഭാര്യയുടെ സുഹൃത്തുക്കളായ താനും സജിതയുമാണെന്ന് ചെന്താമര വിശ്വസിച്ചിരുന്നു. സജിതയെ കൊന്നതിന് ശേഷം തനിക്ക് അമാനുഷിക ശക്തി ലഭിച്ചതായി ചെന്താമര വിശ്വസിച്ചുവെന്നും പുഷ്പ പറഞ്ഞു. സജിതയുടെ കൊലപാതകത്തിന് ശേഷം അയാളുടെ മാമന്റെ അടുത്ത് പോയി തനിക്ക് വലിയ ശക്തി ലഭിച്ചിട്ടുണ്ടെന്ന് ചെന്താമര അവകാശപ്പെട്ടു. ചെന്താമരയുടെ ശരീരം മുഴുവന്‍ ഏലസ്സുകളും ചരടുകളും കെട്ടിയിട്ടുണ്ട്. അയല്‍വാസികള്‍ കൂടോത്രം ചെയ്തിട്ടാണ് ഭാര്യ പോയതെന്നും അഞ്ചു പേരെ കൊല്ലുമെന്നും ഇയാള്‍ പറഞ്ഞതായി പുഷ്പ റിപ്പോര്‍ട്ടറിനോട് പറഞ്ഞു.

മുമ്പ് കൊടുവാള്‍ കൊണ്ട് ഭാര്യയെ ചെന്താമര വെട്ടിയിരുന്നു. അതിന് ശേഷമാണ് അയാളുടെ ഭാര്യ വീട്ടില്‍ നിന്നും പോയത്. ഇക്കാര്യങ്ങളൊക്കെ അന്ന് പൊലീസിന് മൊഴിയായും ലഭിച്ചിട്ടുണ്ടെന്നും ചെന്താമരയുടെ അയല്‍വാസിയായ പുഷ്പ വ്യക്തമാക്കി.

Content Highlights: Chentamara's list also includes a police officer

To advertise here,contact us