2019ലും ചെന്താമര ഓടിക്കയറിയത് മലയിലേക്ക്, വിശന്ന് വീട്ടിലേക്ക് വരവെ പൊലീസ് പൊക്കി

2019-ൽ സജിതയെ കൊലപ്പെടുത്തിയശേഷം പോത്തുണ്ടി മലയിലേക്ക് കയറിയ ചെന്താമര അഞ്ചുദിവസമാണ് മലയിൽ കഴിഞ്ഞത്

പാലക്കാട്: പിരിഞ്ഞുപോയ സ്വന്തം ഭാര്യയെ കൊലപ്പെടുത്താനും പദ്ധതിയിട്ടിരുന്നതായി ചെന്താമര. ഭാര്യ ഉൾപ്പെടെ അഞ്ച് പേരെ കൊലപ്പെടുത്തിയ ശേഷം കീഴടങ്ങാനായിരുന്നു ചെന്താമരയുടെ പ്ലാൻ. സജിത, ഭർത്താവ് സുധാകരൻ, സുധാകരന്റെ അമ്മ ലക്ഷ്മി, പുഷ്പ, ചെന്താമരയുടെ ഭാര്യ എന്നിവരാണ് അഞ്ചുപേർ. തന്റെ കുടുംബം തെറ്റിപ്പിരിയാൻ കാരണം സുജാതയും സുധാകരനുമാണെന്ന് ഇയാൾ കരുതിയിരുന്നു. ഇത് മൂലമുണ്ടായ പകയാണ് കൊലപാതകങ്ങൾക്ക് കാരണമെന്ന് പൊലീസ് പറഞ്ഞു.

ചൊവ്വാഴ്ച രാത്രി പത്തരയോടെ പോത്തുണ്ടിക്ക് സമീപം സ്വന്തം വീടിന്റെ പരിസരത്തുനിന്നാണ് ചെന്താമരയെ പൊലീസ് പിടികൂടിയത്. ഇയാൾ ഭക്ഷണം കഴിക്കാന്‍ എത്തുമെന്ന അയാളുടെ ചേട്ടന്‍ രാധാകൃഷ്ണന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ വീടിന് സമീപം പൊലീസ് തമ്പടിച്ചിരുന്നു. വീടിന് സമീപത്തെ വയലിന് സമീപമെത്തിയപ്പോള്‍ ചെന്താമരയെ പൊലീസ് പിടികൂടി. വീട്ടില്‍ നിന്ന് വൈദ്യപരിശോധനയ്ക്കായിരുന്നു പ്രതിയെ ആദ്യം കൊണ്ടുപോയത്. ഇതിന് ശേഷം നെന്മാറ പൊലീസ് സ്റ്റേഷനില്‍ എത്തിക്കുകയായിരുന്നു.

2019-ൽ സജിതയെ കൊലപ്പെടുത്തിയശേഷം പോത്തുണ്ടി മലയിലേക്ക് കയറിയ ചെന്താമര അഞ്ചുദിവസമാണ് മലയിൽ കഴിഞ്ഞത്. തുടർന്ന്, വിശപ്പ് സഹിക്കാനാവാതെ സഹോദരന്റെ വീട്ടിലെത്തിയപ്പോഴാണ്‌ പിടിയിലായത്. ഇത്തവണ ഒളിവുതാമസം 36 മണിക്കൂർ മാത്രമാണ് നീണ്ടത്.

വലിയ ജനക്കൂട്ടമാണ് നെന്മാറ പൊലീസ് സ്റ്റേഷന് മുമ്പിൽ പ്രതിയെ എത്തിക്കുന്നത് അറിഞ്ഞ് കൂടിയത്. പ്രതിയെ പൊലീസ് എത്തിച്ചതോടെ ജനങ്ങളും പൊലീസ് സ്റ്റേഷന്റെ ഗേറ്റിന് സമീപത്തേയ്ക്ക് പാഞ്ഞടുത്തു. ഇതോടെ പൊലീസ് ഗേറ്റ് അടയ്ക്കുകയും ജനങ്ങളെ പുറത്താക്കുകയും ചെയ്തു. ജനക്കൂട്ടം ഗേറ്റ് അടിച്ചുതകര്‍ത്തു. ചെന്താമരയെ തങ്ങളെ കാണിക്കണമെന്നായിരുന്നു ജനങ്ങളുടെ ആവശ്യം. ഇതിനിടെ പ്രതിയെ പൊലീസ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിച്ചു.

Also Read:

Kerala
'സുധാകരൻ സ്‌കൂട്ടറുമായി ഇടിക്കാൻ വന്നു; കയ്യിൽ ഇരുന്ന വടിവാൾ അബദ്ധത്തിൽ കഴുത്തില്‍കൊണ്ടു'; ചെന്താമരയുടെ മൊഴി

തിങ്കളാഴ്ച രാവിലെ പത്ത് മണിയോടെയാണ് പോത്തുണ്ടി സ്വദേശികളായ സുധാകരനേയും അമ്മ മീനാക്ഷിയേയും അയല്‍വാസിയായ ചെന്താമര കൊലപ്പെടുത്തിയത്. സ്‌കൂട്ടറില്‍ വരികയായിരുന്ന സുധാകരനെ വടിയില്‍ വെട്ടുകത്തിവെച്ചുകെട്ടി വെട്ടിവീഴ്ത്തുകയായിരുന്നു. സമീപത്ത് ആരുമില്ലെന്ന് ഉറപ്പുവരുത്തിയ ശേഷമായിരുന്നു ആക്രമണം. തൊട്ടുപിന്നാലെ, ശബ്ദം കേട്ട് ഇറങ്ങിവന്ന മീനാക്ഷിയേയും ചെന്താമര വെട്ടി. സുധാകരന്‍ സംഭവ സ്ഥലത്തുവെച്ച് തന്നെ മരിച്ചു. മീനാക്ഷിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

Content Highlights: Chenthamara Plan to Kill His Wife Said Police

To advertise here,contact us