മുന്നണി വിടാൻ പി സി ചാക്കോയുടെ നീക്കമെന്ന് ശശീന്ദ്രന്‍ വിഭാഗം;പ്രശ്‌നങ്ങളുടെ മൂലകാരണം അധ്യക്ഷനെന്നും വിമര്‍ശനം

തിരുവനന്തപുരം ജില്ലാ നേതൃയോഗത്തില്‍ പറയാന്‍ പാടില്ലാത്ത കാര്യങ്ങള്‍ പി സി ചാക്കോയുടെ ഭാഗത്തു നിന്നുണ്ടായതെന്ന് ജില്ലാ പ്രസിഡന്റ് അജി ആട്ടുകാല്‍ റിപ്പോര്‍ട്ടറിനോട് പറഞ്ഞു

തിരുവനന്തപുരം: എൽഡിഎഫ് വിടാനുള്ള ചരടുകൾ വലിച്ച് എൻസിപി സംസ്ഥാന അധ്യക്ഷൻ പി സി ചാക്കോ. തിരുവനന്തപുരം ജില്ലാ നേതൃയോഗത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. മന്ത്രിമാറ്റത്തിൽ മുഖ്യമന്ത്രിയുടെ നിലപാട് ശരിയല്ലെന്ന നിലപാടിലാണ് പി സി ചാക്കോ. മുഖ്യമന്ത്രിക്ക് നേരെ വിരല് ചൂണ്ടി സംസാരിക്കാൻ തനിക്ക് കഴിയുമായിരുന്നുവെന്നും എന്നാൽ തൻ്റെ മാന്യത കൊണ്ടാണ് അങ്ങനെ ചെയ്യാത്തതെന്നും പിസി ചാക്കോ പറഞ്ഞുവെന്ന് എൻസിപി തിരുവനന്തപുരം ജില്ലാ ജനറൽ സെക്രട്ടറി പൊടിയൻകുട്ടി വ്യക്തമാക്കി.

എൽഡിഎഫിൽ തുടരണമോ എന്നത് ആലോചിക്കേണ്ടിയിരിക്കുന്നുവെന്നും പുതിയ പാർട്ടി ഉണ്ടാക്കണമെന്ന് പി സി ചാക്കോ യോഗത്തിൽ വ്യക്തമാക്കി എന്നും പൊടിയൻകുട്ടി റിപ്പോർട്ടറിനോട് പറഞ്ഞു.

പിസി ചാക്കോ ഇടതുപക്ഷ മുന്നണിയിൽ നിന്നുകൊണ്ട് ഇടതുപക്ഷത്തിനെതിരെ പ്രവർത്തിക്കുന്നു. അതാണ് ഞങ്ങൾ എതിർക്കുന്നത്. ഞങ്ങൾക്ക് അത് സഹിക്കാൻ കഴിയില്ല. ഞങ്ങൾ ഇടതുപക്ഷ മുന്നണിയിൽ ഉറച്ചു നിൽക്കുന്നവരാണ്. തൃശ്ശൂരിൽ മുരളീധരൻ ജയിക്കാൻ സാധ്യതയെന്ന് വാർത്താ സമ്മേളനം വിളിച്ചു പറഞ്ഞു. അന്ന് ഞങ്ങൾ അതിനെ എതിർത്തിരുന്നു. ജില്ല നേതൃയോഗത്തിൽ പറയാൻ പാടില്ലാത്ത കാര്യമാണ് സംസ്ഥാന അധ്യക്ഷൻ പറഞ്ഞതെന്നും പൊടിയൻകുട്ടി പറഞ്ഞു. ഇടതുപക്ഷ പ്രസ്ഥാനത്തെയും മുഖ്യമന്ത്രിയെയും ചാക്കോ തള്ളിപ്പറഞ്ഞു. തിരുവനന്തപുരം ജില്ലാ കമ്മിറ്റി അത് അംഗീകരിച്ചു കൊടുക്കില്ല. പിസി ചാക്കോ മുന്നണി വിടാൻ നീക്കം നടത്തുന്നുണ്ട്. അത് ഇനി ഒളിച്ചു വെക്കുന്നില്ല.മന്ത്രിമാറ്റത്തെ തെരുവിൽ വലിച്ചിഴച്ചു. ഞങ്ങൾക്ക് പൊതുരംഗത്ത് പ്രവർത്തിക്കാൻ കഴിയാതെയായി. എതിർക്കുന്ന ജില്ലാ ഭാരവാഹികളെ ഒഴിവാക്കുന്നു. പാർട്ടിയിൽ നിന്നും ഒരാളെ പുറത്താക്കാൻ നടപടിക്രമങ്ങൾ ഉണ്ട്. അതൊന്നും പാലിക്കാതെയാണ് ജില്ലാ അധ്യക്ഷനെ പുറത്താക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തിരുവനന്തപുരം ജില്ലാ നേതൃയോഗത്തില്‍ പറയാന്‍ പാടില്ലാത്ത കാര്യങ്ങള്‍ പി സി ചാക്കോയുടെ ഭാഗത്തു നിന്നുണ്ടായതെന്ന് ജില്ലാ പ്രസിഡന്റ് അജി ആട്ടുകാല്‍ റിപ്പോര്‍ട്ടറിനോട് പറഞ്ഞു. മുന്നണിയില്‍ തുടരാന്‍ കഴിയില്ലെന്ന തീരുമാനമാണ് അറിയിച്ചത്. പി സി ചാക്കോ പ്രസിഡന്റായി വന്നശേഷം ജില്ലാ അധ്യക്ഷന്മാര്‍ക്ക് നേരാവണ്ണം ജോലി ചെയ്യാന്‍ കഴിയുന്നില്ല. ഭൂരിപക്ഷം ജില്ലാ പ്രസിഡന്റുമാരും അദ്ദേഹത്തിന്റെ നേതൃത്വത്തെ അംഗീകരിക്കുന്നില്ല. അസ്വസ്ഥരാണ്. പാര്‍ട്ടിക്കുള്ളിലെ പ്രശ്‌നങ്ങളുടെ മൂലകാരണം പി സി ചാക്കോയാണെന്നും അജി ആട്ടുകാല്‍ റിപ്പോര്‍ട്ടറിനോട് പറഞ്ഞു.

പി സി ചാക്കോ അധ്യക്ഷ സ്ഥാനം രാജിവെക്കണം. ജനാധിപത്യപരമായ യാതൊരു ഉപാധിയും പി സി ചാക്കോയുടെ ഭാഗത്ത് ഇല്ല. മന്ത്രി മാറ്റ വിഷയം ഈ വിധമല്ല ചര്‍ച്ച ചെയ്യേണ്ടത്. വിഷയം തെരുവില്‍ വലിച്ചിഴച്ചു. അതിനെതിരെ ശക്തമായ നിലപാട് തിരുവനന്തപുരം ജില്ലാകമ്മിറ്റിയെടുത്തു. പി സി ചാക്കോ ഏകാധിപത്യഭരണം നടത്തുന്നു. പ്രസിഡന്റുമാരെ മാറ്റുന്നതല്ലാതെ പാര്‍ട്ടിക്ക് വേണ്ടി പി സി ചാക്കോ ഒന്നും ചെയ്യുന്നില്ല. മുന്നണി മര്യാദ പാലിക്കാത്തയാളാണ് പി സി ചാക്കോയെന്നും വിമര്‍ശനം ഉയര്‍ന്നു.

Also Read:

Kerala
പാപം പേറുന്ന അപ്പച്ചനെ പാര്‍ട്ടിക്ക് വേണ്ട; എന്‍ഡി അപ്പച്ചനെതിരെ ഡിസിസി ഓഫീസില്‍ പോസ്റ്റര്‍

തിരുവനന്തപുരം ജില്ലാ കമ്മിറ്റി യോഗത്തില്‍ കഴിഞ്ഞദിവസം പി സി ചാക്കോയും ഒരുവിഭാഗം നേതാക്കളും തമ്മില്‍ ഏറ്റുമുട്ടിയിരുന്നു.പിഎസ്സി അംഗത്തിന്റെ നിയമനത്തില്‍ പി സി ചാക്കോ കോഴ വാങ്ങിയെന്ന ജില്ലാ കമ്മിറ്റി യോഗത്തില്‍ പങ്കെടുത്ത ഒരു വിഭാഗം ആരോപിച്ചു. ഈ ആരോപണത്തെ തുടര്‍ന്നാണ് കയ്യേറ്റമുണ്ടായത്. യോഗത്തില്‍ പങ്കെടുത്ത ഒരു പ്രവര്‍ത്തകന്‍ പി സി ചാക്കോയെ പിടിച്ചുതള്ളി. സംഘര്‍ഷാവസ്ഥക്ക് പിന്നാലെ യോഗം പിരിച്ചുവിടുകയായിരുന്നു.

Content Highlights: Conflicts in PC Chacko Thiruvananthapuram

To advertise here,contact us