നവീന്‍ ബാബുവിന്റെ മരണം; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബത്തിന്റെ അപ്പീല്‍

ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ വിധിയില്‍ പിഴവുകളുണ്ടെന്നും കുടുംബം ആരോപിക്കുന്നു

കൊച്ചി: കണ്ണൂര്‍ എഡിഎം ആയിരുന്ന നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് അപ്പീലുമായി കുടുംബം. സിബിഐ അന്വേഷണം വേണ്ടെന്ന ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ നവീന്‍ ബാബുവിന്റെ ഭാര്യ കെ മഞ്ജുഷ ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ നല്‍കി. വസ്തുതകള്‍ പരിഗണിക്കാതെയാണ് സിംഗിള്‍ ബെഞ്ച് വിധിയെന്നാണ് കുടുംബത്തിന്റെ പ്രധാന വാദം.

ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ വിധിയില്‍ പിഴവുകളുണ്ട്. സംസ്ഥാന പൊലീസ് നടത്തുന്ന അന്വേഷണത്തില്‍ വിശ്വാസ്യതയില്ല. ഭരണകക്ഷി നേതാവും മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ ആളാണ് പ്രതിസ്ഥാനത്ത്. സംസ്ഥാന പൊലീസ് നടത്തുന്ന അന്വേഷണത്തെ സ്വാധീനിക്കാനും തെളിവ് നശിപ്പിക്കാനും സാധ്യതയുണ്ടെന്നും കുടുംബം ആരോപിക്കുന്നു.

അപൂര്‍വ്വ സാഹചര്യമാണ് കേസിലുള്ളത്. നവീന്‍ ബാബുവിന്റെ മരണത്തില്‍ സുതാര്യവും സത്യസന്ധവുമായ അന്വേഷണം വേണം. കുടുംബത്തിന് നീതി ലഭിച്ചുവെന്ന് പൊതുസമൂഹത്തിന് കൂടി ബോധ്യപ്പെടാനാകണം. നവീന്‍ ബാബുവിന്റെ അടിവസ്ത്രത്തിലെ രക്തസാന്നിധ്യത്തിന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വഴി ഉത്തരം ലഭിച്ചില്ല. ഇത് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിന്മേല്‍ സംശയമുയര്‍ത്തുന്നു. മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടത്തിയത് ശരിയായ രീതിയിലായിരുന്നില്ല. ആത്മഹത്യയെങ്കില്‍ ഉമിനീര് പുറത്തുവരുമായിരുന്നു. ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട് ഇക്കാര്യത്തിലും നിശബ്ദത പാലിക്കുന്നുവെന്നുമാണ് കുടുംബത്തിന്റെ വാദം.

Also Read:

National
'വിഐപി സന്ദർശനങ്ങളും കെടുകാര്യസ്ഥതയുമാണ് കുംഭമേളയിലെ അപകട കാരണം'; വിമർശനവുമായി മല്ലികാർജുൻ ഖാർ​ഗെ

കേസ് ഡയറിയും ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടും സിംഗിള്‍ ബെഞ്ച് ശരിയായി പരിശോധിച്ചില്ല. കേസില്‍ സിബിഐ അന്വേഷണം അനിവാര്യമാണ് എന്നുമാണ് കെ മഞ്ജുഷയുടെ ഹര്‍ജിയിലെ വാദം.

Content Highlights: Naveen Babu death Family's appeal seeking CBI probe

To advertise here,contact us