ഡ്രൈവറായിരിക്കേ പ്രണയവിവാഹം, ഭാര്യയെ സംശയം, ജോലി മുടക്കി, തര്‍ക്കങ്ങള്‍ പതിവ്

ചെന്താമര മിക്കസമയവും വീടിന്റെ വാതിൽ പൂട്ടി അകത്തിരിക്കുക പതിവായിരുന്നു

പോത്തുണ്ടി: പാലക്കാട് നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര കടുത്ത അന്ധവിശ്വാസിയെന്ന് നാട്ടുകാർ. ചെന്താമര നെല്ലിയാമ്പതി-പൊള്ളാച്ചി റൂട്ടിൽ സർവീസ് നടത്തിയിരുന്ന സ്വകാര്യബസിലെ ഡ്രൈവറായിരുന്നു ഇയാൾ. ഇക്കാലത്താണ് നെല്ലിച്ചോടുള്ള യുവതിയുമായി പ്രണയത്തിലായത്.

തുടർന്ന് വിവാഹം കഴിച്ചു. എന്നാൽ വിവാഹശേഷം ഇയാൾക്ക് ഭാര്യയെ സംശയമുണ്ടായിരുന്നതായി പ്രദേശവാസികൾ പറയുന്നു. ഭാര്യ തൊഴിലുറപ്പ് ജോലിക്കുൾപ്പെടെ പോകുന്നത് മുടക്കിയിരുന്നു. ഇതേച്ചൊല്ലി തർക്കങ്ങൾ പതിവായിരുന്നെന്നും സമീപവാസികൾ പറയുന്നു.

ചെന്താമര മിക്കസമയവും വീടിന്റെ വാതിൽ പൂട്ടി അകത്തിരിക്കുക പതിവായിരുന്നു. ജാമ്യത്തിലിറങ്ങി നാട്ടിലെത്തിയപ്പോഴും മിക്കവരോടും ഇനിയും രണ്ടുപേരെ കൊല്ലാനുണ്ടെന്ന് പറയാറുണ്ടായിരുന്നുവെന്നും ഇതിനായി തയാറാക്കിയ സെറ്റപ്പാണെന്ന് പറഞ്ഞ് വെട്ടുകത്തി കാണിച്ചുകൊടുക്കാറുണ്ടെന്നും നാട്ടുകാർ പറഞ്ഞു.

ചൊവ്വാഴ്ച രാത്രി പത്തരയോടെ പോത്തുണ്ടിക്ക് സമീപം സ്വന്തം വീടിന്റെ പരിസരത്തുനിന്നായിരുന്നു ചെന്താമരയെ പൊലീസ് പിടികൂടിയത്. ചെന്താമര ഭക്ഷണം കഴിക്കാൻ എത്തുമെന്ന അയാളുടെ ചേട്ടൻ രാധാകൃഷ്ണന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ വീടിന് സമീപം പൊലീസ് തമ്പടിച്ചിരുന്നു.

വീടിന് സമീപത്തെ വയലിന് സമീപമെത്തിയപ്പോൾ ചെന്താമരയെ പൊലീസ് പിടികൂടുകയായിരുന്നു. ഇയാൾ പോത്തുണ്ടി മാട്ടായിയിൽ ഉണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസും നാട്ടുകാരും പ്രദേശത്ത് വ്യാപക തിരച്ചിൽ നടത്തിയിരുന്നു. ഇതിനിടെയാണ് പ്രതിയെ പോത്തുണ്ടിയിൽ സ്വന്തം വീടിന് സമീപത്തുനിന്ന് പൊലീസ് പിടികൂടിയത്.

വീട്ടിൽ നിന്ന് വൈദ്യപരിശോധനയ്ക്കായിരുന്നു പ്രതിയെ ആദ്യം കൊണ്ടുപോയത്. ഇതിന് ശേഷം നെന്മാറ പൊലീസ് സ്റ്റേഷനിൽ എത്തിച്ചു. പ്രതിയെ പിടികൂടി എന്ന വാർത്തവന്നതോടെ നെന്മാറ പൊലീസ് സ്റ്റേഷൻ പരിസരത്ത് ജനം തമ്പടിച്ചിരുന്നു.

പ്രതിയെ പൊലീസ് എത്തിച്ചതോടെ ജനങ്ങളും പൊലീസ് സ്റ്റേഷന്റെ ഗേറ്റിന് സമീപത്തേയ്ക്ക് പാഞ്ഞടുത്തു. ഇതോടെ പൊലീസ് ഗേറ്റ് അടയ്ക്കുകയും ജനങ്ങളെ പുറത്താക്കുകയും ചെയ്തു. ജനക്കൂട്ടം ഗേറ്റ് അടിച്ചുതകർത്തു. ചെന്താമരയെ തങ്ങളെ കാണിക്കണമെന്നായിരുന്നു ജനങ്ങളുടെ ആവശ്യം. ഇതിനിടെ പ്രതിയെ പൊലീസ് മാധ്യമങ്ങൾക്ക് മുന്നിൽ പ്രദർശിപ്പിച്ചു.

തിങ്കളാഴ്ച രാവിലെ പത്ത് മണിയോടെയാണ് പോത്തുണ്ടി സ്വദേശികളായ സുധാകരനേയും അമ്മ മീനാക്ഷിയേയും അയൽവാസിയായ ചെന്താമര കൊലപ്പെടുത്തിയത്. സ്‌കൂട്ടറിൽ വരികയായിരുന്ന സുധാകരനെ വടിയിൽ വെട്ടുകത്തിവെച്ചുകെട്ടി വെട്ടിവീഴ്ത്തുകയായിരുന്നു. സമീപത്ത് ആരുമില്ലെന്ന് ഉറപ്പുവരുത്തിയ ശേഷമായിരുന്നു ആക്രമണം.

Also Read:

Kerala
'സുധാകരൻ സ്‌കൂട്ടറുമായി ഇടിക്കാൻ വന്നു; കയ്യിൽ ഇരുന്ന വടിവാൾ അബദ്ധത്തിൽ കഴുത്തില്‍കൊണ്ടു'; ചെന്താമരയുടെ മൊഴി

തൊട്ടുപിന്നാലെ, ശബ്ദം കേട്ട് ഇറങ്ങിവന്ന മീനാക്ഷിയേയും ചെന്താമര വെട്ടി. സുധാകരൻ സംഭവ സ്ഥലത്തുവെച്ച് തന്നെ മരിച്ചു. മീനാക്ഷിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

2019 ൽ സുധാകരന്റെ ഭാര്യ സജിതയേയും ചെന്താമര കൊലപ്പെടുത്തിയിരുന്നു. ചെന്താമരയുടെ ഭാര്യ പിണങ്ങിപോകാൻ കാരണം സുധാകരനും സജിതയുമാണെന്ന് പറഞ്ഞായിരുന്നു കൊലപാതകം. വീട്ടിൽ അതിക്രമിച്ച് കയറിയ ചെന്താമര സജിതയെ കഴുത്തറുത്ത് കൊല്ലുകയായിരുന്നു.

ഭാര്യ പിണങ്ങിപ്പോയതിന് കാരണം നീണ്ട മുടിയുള്ള സ്ത്രീയാണെന്ന മന്ത്രവാദിയുടെ വാക്കുകൾ വിശ്വസിച്ചാണ് അന്ധവിശ്വാസിയായ ചെന്താമര സജിതയെ കൊലപ്പെടുത്തിയതെന്നും വിവരമുണ്ടായിരുന്നു. സജീതയെ കൊലപ്പെടുത്തിയതിന് ശേഷവും ചെന്താമര നെല്ലിയാമ്പതി കാടുകളിലേക്കാണ് ഓടിമറിഞ്ഞത്. ദിവസങ്ങൾക്കുള്ളിൽ തന്നെ ഇയാൾ പിടിയിലാവുകയായിരുന്നു.

Also Read:

Kerala
'പിടിച്ച് ജയിലിൽ ഇട്ടിട്ട് കാര്യമില്ല; എല്ലാവർക്കും നീതി കിട്ടണമെങ്കിൽ അയാളെ കൊല്ലണം': സുധാകരന്റെ മക്കൾ

2022 ൽ നെന്മാറ പൊലീസ് സ്റ്റേഷൻ പരിധിയിൽ പ്രവേശിക്കരുതെന്ന ഉപാധിയോടെ കോടതി ഇയാൾക്ക് ജാമ്യം അനുവദിച്ചിരുന്നു. 2023 ൽ നെന്മാറ പഞ്ചായത്ത് മാത്രമാക്കി ജാമ്യവ്യവസ്ഥ ചുരുക്കി. ജാമ്യ വ്യവസ്ഥ ലംഘിച്ച് ഇയാൾ വീണ്ടും നെന്മാറയിൽ എത്തി. ചെന്താമരയിൽ നിന്ന് ഭീഷണിയുണ്ടെന്ന് കാണിച്ച് സുധാകരൻ കഴിഞ്ഞ മാസം 29ന് നെന്മാറ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിൽ നെന്മാറ പൊലീസ് ചെന്താമരയെ വിളിച്ചുവരുത്തി താക്കീത് നൽകിയിരുന്നു. ഇനി നെന്മാറയിലേക്ക് പോകില്ലെന്നും തിരുപ്പൂരിലേക്ക് പോകുകയാണെന്നുമായിരുന്നു ചെന്താമര അന്ന് പൊലീസിനോട് പറഞ്ഞത്. ദിവസങ്ങൾക്കുള്ളിൽ തന്നെ ചെന്താമര തിരുപ്പൂരിൽ നിന്ന് നെന്മാറയിലെ താമസ സ്ഥലത്ത് എത്തി. ഇത് പൊലീസ് അറിഞ്ഞിരുന്നില്ല. ഇതിന് പിന്നാലെയായിരുന്നു അരുംകൊല.

Content Highlights: people say that Chenthamara is very superstitious

To advertise here,contact us