'പിടിച്ച് ജയിലിൽ ഇട്ടിട്ട് കാര്യമില്ല; എല്ലാവർക്കും നീതി കിട്ടണമെങ്കിൽ അയാളെ കൊല്ലണം': സുധാകരന്റെ മക്കൾ

കഴിഞ്ഞ മണിക്കൂറുകള്‍ ഭയത്തിലായിരുന്നു കഴിഞ്ഞിരുന്നതെന്നും സുധാകരന്റെ മക്കള്‍

നെന്മാറ: നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമരയ്ക്ക് വധശിക്ഷയില്‍ കുറഞ്ഞ ശിക്ഷ നല്‍കരുതെന്ന് കൊല്ലപ്പെട്ട സുധാകരന്റെ മക്കള്‍ റിപ്പോര്‍ട്ടറിനോട്. അയാളെ കൊന്നാല്‍ മാത്രമേ സമാധാനത്തോടെ ഇരിക്കാന്‍ കഴിയൂ. പിടിച്ച് ജയിലില്‍ ഇട്ടിട്ട് കാര്യമില്ല. ജാമ്യം കിട്ടി അയാള്‍ ഇനിയും പുറത്തിറങ്ങും. എല്ലാവര്‍ക്കും നീതി കിട്ടണമെങ്കില്‍ അയാളെ കൊല്ലണമെന്നും സുധാകരന്റെ മക്കള്‍ പറഞ്ഞു.

കഴിഞ്ഞ മണിക്കൂറുകള്‍ ഭയത്തിലായിരുന്നു കഴിഞ്ഞിരുന്നതെന്നും സുധാകരന്റെ മക്കള്‍ പറഞ്ഞു. ആ ഭയം വിട്ടു പോകണമെങ്കില്‍ വധശിക്ഷ നടപ്പാക്കണം. മറ്റൊന്നും തങ്ങള്‍ ആവശ്യപ്പെടുന്നില്ല. പൊലീസിനും സര്‍ക്കാരിനും ഇനി വീഴ്ച സംഭവിക്കാന്‍ പാടില്ല. തങ്ങള്‍ക്ക് അച്ഛനും അമ്മയും അച്ഛമ്മയും ഇല്ലാതായെന്നും സുധാകരന്റെ മക്കള്‍ പറഞ്ഞു.

ഇന്ന് രാത്രി പത്തരയോടെ പോത്തുണ്ടിക്ക് സമീപം സ്വന്തം വീടിന്റെ പരിസരത്തുനിന്നായിരുന്നു ചെന്താമരയെ പൊലീസ് പിടികൂടിയത്. ചെന്താമര ഭക്ഷണം കഴിക്കാന്‍ എത്തുമെന്ന അയാളുടെ ചേട്ടന്‍ രാധാകൃഷ്ണന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ വീടിന് സമീപം പൊലീസ് തമ്പടിച്ചിരുന്നു. വീടിന് സമീപത്തെ വയലിന് സമീപമെത്തിയപ്പോള്‍ ചെന്താമരയെ പൊലീസ് പിടികൂടുകയായിരുന്നു. ഇയാള്‍ പോത്തുണ്ടി മാട്ടായിയില്‍ ഉണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസും നാട്ടുകാരും പ്രദേശത്ത് വ്യാപക തിരച്ചില്‍ നടത്തിയിരുന്നു. ഇതിനിടെയാണ് പ്രതിയെ പോത്തുണ്ടിയില്‍ സ്വന്തം വീടിന് സമീപത്തുനിന്ന് പൊലീസ് പിടികൂടിയത്.

Also Read:

Kerala
'അവന് രണ്ട് ദിവസത്തിൽ കൂടുതൽ ഭക്ഷണം കഴിക്കാതിരിക്കാൻ കഴിയില്ല; ഉറപ്പായും വരും'; ട്രാപ്പിൽ വീണ് ചെന്താമര

വീട്ടില്‍ നിന്ന് വൈദ്യപരിശോധനയ്ക്കായിരുന്നു പ്രതിയെ ആദ്യം കൊണ്ടുപോയത്. ഇതിന് ശേഷം നെന്മാറ പൊലീസ് സ്റ്റേഷനില്‍ എത്തിച്ചു. പ്രതിയെ പിടികൂടി എന്ന വാര്‍ത്തവന്നതോടെ നെന്മാറ പൊലീസ് സ്റ്റേഷന്‍ പരിസരത്ത് ജനം തമ്പടിച്ചിരുന്നു. പ്രതിയെ പൊലീസ് എത്തിച്ചതോടെ ജനങ്ങളും പൊലീസ് സ്റ്റേഷന്റെ ഗേറ്റിന് സമീപത്തേയ്ക്ക് പാഞ്ഞടുത്തു. ഇതോടെ പൊലീസ് ഗേറ്റ് അടയ്ക്കുകയും ജനങ്ങളെ പുറത്താക്കുകയും ചെയ്തു. ജനക്കൂട്ടം ഗേറ്റ് അടിച്ചുതകര്‍ത്തു. ചെന്താമരയെ തങ്ങളെ കാണിക്കണമെന്നായിരുന്നു ജനങ്ങളുടെ ആവശ്യം. ഇതിനിടെ പ്രതിയെ പൊലീസ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിച്ചു.

തിങ്കളാഴ്ച രാവിലെ പത്ത് മണിയോടെയാണ് പോത്തുണ്ടി സ്വദേശികളായ സുധാകരനേയും അമ്മ മീനാക്ഷിയേയും അയല്‍വാസിയായ ചെന്താമര കൊലപ്പെടുത്തിയത്. സ്‌കൂട്ടറില്‍ വരികയായിരുന്ന സുധാകരനെ വടിയില്‍ വെട്ടുകത്തിവെച്ചുകെട്ടി വെട്ടിവീഴ്ത്തുകയായിരുന്നു. സമീപത്ത് ആരുമില്ലെന്ന് ഉറപ്പുവരുത്തിയ ശേഷമായിരുന്നു ആക്രമണം. തൊട്ടുപിന്നാലെ, ശബ്ദം കേട്ട് ഇറങ്ങിവന്ന മീനാക്ഷിയേയും ചെന്താമര വെട്ടി. സുധാകരന്‍ സംഭവ സ്ഥലത്തുവെച്ച് തന്നെ മരിച്ചു. മീനാക്ഷിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

2019 ല്‍ സുധാകരന്റെ ഭാര്യ സജിതയേയും ചെന്താമര കൊലപ്പെടുത്തിയിരുന്നു. ചെന്താമരയുടെ ഭാര്യ പിണങ്ങിപോകാന്‍ കാരണം സുധാകരനും സജിതയുമാണെന്ന് പറഞ്ഞായിരുന്നു കൊലപാതകം. വീട്ടില്‍ അതിക്രമിച്ച് കയറിയ ചെന്താമര സജിതയെ കഴുത്തറുത്ത് കൊല്ലുകയായിരുന്നു. ഭാര്യ പിണങ്ങിപ്പോയതിന് കാരണം നീണ്ട മുടിയുള്ള സ്ത്രീയാണെന്ന മന്ത്രവാദിയുടെ വാക്കുകള്‍ വിശ്വസിച്ചാണ് അന്ധവിശ്വാസിയായ ചെന്താമര സജിതയെ കൊലപ്പെടുത്തിയതെന്നും വിവരമുണ്ടായിരുന്നു. സജീതയെ കൊലപ്പെടുത്തിയതിന് ശേഷവും ചെന്താമര നെല്ലിയാമ്പതി കാടുകളിലേക്കാണ് ഓടിമറിഞ്ഞത്. ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഇയാള്‍ പിടിയിലാവുകയായിരുന്നു.

2022 ല്‍ നെന്മാറ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ പ്രവേശിക്കരുതെന്ന ഉപാധിയോടെ കോടതി ഇയാള്‍ക്ക് ജാമ്യം അനുവദിച്ചിരുന്നു. 2023 ല്‍ നെന്മാറ പഞ്ചായത്ത് മാത്രമാക്കി ജാമ്യവ്യവസ്ഥ ചുരുക്കി. ജാമ്യ വ്യവസ്ഥ ലംഘിച്ച് ഇയാള്‍ വീണ്ടും നെന്മാറയില്‍ എത്തി. ചെന്താമരയില്‍ നിന്ന് ഭീഷണിയുണ്ടെന്ന് കാണിച്ച് സുധാകരന്‍ കഴിഞ്ഞ മാസം 29ന് നെന്മാറ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നെന്മാറ പൊലീസ് ചെന്താമരയെ വിളിച്ചുവരുത്തി താക്കീത് നല്‍കിയിരുന്നു. ഇനി നെന്മാറയിലേക്ക് പോകില്ലെന്നും തിരുപ്പൂരിലേക്ക് പോകുകയാണെന്നുമായിരുന്നു ചെന്താമര അന്ന് പൊലീസിനോട് പറഞ്ഞത്. ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ചെന്താമര തിരുപ്പൂരില്‍ നിന്ന് നെന്മാറയിലെ താമസ സ്ഥലത്ത് എത്തി. ഇത് പൊലീസ് അറിഞ്ഞിരുന്നില്ല. ഇതിന് പിന്നാലെയായിരുന്നു അരുംകൊല.

Content Highlights- sudhakaran daughters reaction after accused chenthamara captured by police

To advertise here,contact us