പോത്തുണ്ടി ഇരട്ടക്കൊലപാതകം; പൊലീസ് സ്റ്റേഷന് മുൻപിൽ പ്രതിഷേധിച്ച 14 പേർക്കെതിരെ കേസ്

സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ 14 പേർക്കെതിരെ കേസ്

പാലക്കാട്: പോത്തുണ്ടി ഇരട്ടകൊലപാതകക്കേസിൽ നെന്മാറ പൊലീസ് സ്റ്റേഷന് മുൻപിൽ പ്രതിഷേധിച്ചവർക്കെതിരെ കേസ്. ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമരയെ പൊലീസ് സ്റ്റേഷനിൽ കൊണ്ടുവന്നപ്പോൾ പ്രകോപിതരായി പ്രതിഷേധിച്ചവർക്കെതിരെയാണ് കേസെടുത്തത്. സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ 14 പേർക്കെതിരെയാണ് കേസ് എടുത്തിരിക്കുന്നത്. പൊതുമുതൽ നശിപ്പിച്ചതിനാണ് കേസ്.

ചെന്താമരയെ പിടികൂടി നെന്മാറ പൊലീസ് സ്റ്റേഷനിൽ എത്തിച്ചപ്പോൾ വലിയ പ്രതിഷേധമാണ് നാട്ടുകാരുടെ ഭാഗത്തുനിന്നുണ്ടായത്. കേസിലെ പൊലീസിന്‍റെ വീഴ്ച ആരോപിച്ചും ചെന്താമരയെ വിട്ടുകിട്ടണം എന്നാവശ്യപ്പെട്ടുമാണ് പ്രതിഷേധം. നാട്ടുകാർ വലിയ രീതിയിൽ സംഘടിക്കുകയും പൊലീസ് സ്റ്റേഷന്റെ ഗേറ്റ് തകർക്കുകയും ചെയ്തിരുന്നു. ഇതോടെ പൊലീസിന് ലാത്തി വീശേണ്ടി വന്നിരുന്നു. എന്നിട്ടും പിരിഞ്ഞുപോകാത്ത നാട്ടുകാർക്കെതിരെ പേപ്പർ സ്പ്രേ പ്രയോഗവും പൊലീസ് നടത്തിയെന്നും ആരോപണം ഉണ്ട്.

Also Read:

National
രാത്രി കല്ലറകൾ പൊളിച്ച് തലയോട്ടി മോഷണം; പിന്നിൽ ദുര്‍മന്ത്രവാദ സംഘമെന്ന് പൊലീസ്; ബിഹാറിൽ രണ്ട് പേർ പിടിയിൽ

ഇരട്ടക്കൊലകേസ് പ്രതി ചെന്താമര നിലവിൽ റിമാൻഡിലാണ്. ആലത്തൂർ മജിസ്ട്രേറ്റ് കോടതിയാണ് പ്രതിയെ 14 ദിവസത്തേയ്ക്ക് റിമാൻഡ് ചെയ്തിരിക്കുന്നത്. ഫെബ്രുവരി 12വരെയാണ് റിമാൻഡ് കാലാവധി. തുടർന്ന് പ്രതിയെ ആലത്തൂർ സബ് ജയിലിലേയ്ക്ക് കൊണ്ടുപോയി.

Also Read:

Kerala
19കാരിയെ മര്‍ദ്ദിച്ച കേസ്; പ്രകോപനം 'കോള്‍ വെയ്റ്റിംഗ്' ആയത്, കഴുത്തിലെ മുറിവ് ജീവനൊടുക്കാനുള്ള ശ്രമത്തിനിടെ

ഒരു കുറ്റബോധവുമില്ലാതെയാണ് പ്രതി കോടതിയിൽ ജഡ്ജിക്ക് മുന്നിൽ നിന്നത്. തന്നെ എത്രയും വേ​ഗം ശിക്ഷിക്കണം എന്നും ചെന്താമര കോടതിയോട് ആവശ്യപ്പെട്ടിരുന്നു. നൂറ് വർഷം വരെ ശിക്ഷിച്ചോളു എന്നും പ്രതി കോടതിയിൽ ആവശ്യപ്പെട്ടു. എല്ലാം ചെയ്തത് ഒറ്റയ്ക്കാണെന്നും പരിക്കുകൾ ഒന്നുമില്ലെന്നും പരാതി ഇല്ലെന്നും ചെന്താമര വ്യക്തമാക്കിയിരുന്നു. മകളുടെയും മരുമകന്റെയും മുന്നിൽ തല കാണിക്കാൻ പറ്റില്ലെന്നും ചെന്താമര കോടതിയെ അറിയിച്ചു. മകൾ എഞ്ചിനീയറാണെന്നും മകൻ ക്രൈംബ്രാഞ്ചിലാണെന്നും ചെന്താമര കോടതിയിൽ പറഞ്ഞിരുന്നു.

തിങ്കളാഴ്ച രാവിലെ പത്ത് മണിയോടെയാണ് പോത്തുണ്ടി സ്വദേശികളായ സുധാകരനേയും അമ്മ മീനാക്ഷിയേയും അയല്‍വാസിയായ ചെന്താമര കൊലപ്പെടുത്തിയത്. സ്‌കൂട്ടറില്‍ വരികയായിരുന്ന സുധാകരനെ വടിയില്‍ വെട്ടുകത്തിവെച്ചുകെട്ടി വെട്ടിവീഴ്ത്തുകയായിരുന്നു. സമീപത്ത് ആരുമില്ലെന്ന് ഉറപ്പുവരുത്തിയ ശേഷമായിരുന്നു ആക്രമണം. തൊട്ടുപിന്നാലെ, ശബ്ദം കേട്ട് ഇറങ്ങിവന്ന മീനാക്ഷിയേയും ചെന്താമര വെട്ടി. സുധാകരന്‍ സംഭവ സ്ഥലത്തുവെച്ച് തന്നെ മരിച്ചു. മീനാക്ഷിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

Content Highlights: 14 booked at protest at nenmara police station

To advertise here,contact us