19കാരിയെ മര്‍ദ്ദിച്ച കേസ്; പ്രകോപനം 'കോള്‍ വെയ്റ്റിംഗ്' ആയത്, കഴുത്തിലെ മുറിവ് ജീവനൊടുക്കാനുള്ള ശ്രമത്തിനിടെ

ഷാള്‍ ഉപയോഗിച്ചു തൂങ്ങിയ പെണ്‍കുട്ടിയെ അനൂപ് ഉയര്‍ത്തിപ്പിടിക്കാന്‍ ശ്രമിച്ചു

കൊച്ചി: ചോറ്റാനിക്കരയില്‍ 19 കാരിയെ ക്രൂരമായി മര്‍ദ്ദിച്ച കേസിലെ പ്രതി അനൂപിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ചോറ്റാനിക്കര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് പ്രതി അനൂപിനെ ഹാജരാക്കുക. അനൂപിന്റെ അറസ്റ്റ് ഇന്നലെ രേഖപ്പെടുത്തിയിരുന്നു. ബലാത്സംഗത്തിനും വധശ്രമത്തിനുമാണ് പ്രതിക്കെതിരെ കേസെടുത്തിരിക്കുന്നത്. ആക്രമണത്തിന് ഇരയായ പെണ്‍കുട്ടിയുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്.

പെണ്‍കുട്ടിയെ ഫോണില്‍ വിളിച്ചപ്പോള്‍ 'കോള്‍ വെയ്റ്റിംഗ്' ആയതാണ് പ്രകോപനത്തിന് കാരണമായതെന്നാണ് വിവരം.

കഴുത്തില്‍ ഷാള്‍ മുറുകിയതിനെ തുടര്‍ന്നുണ്ടായ പരിക്കുകളാണ് പെണ്‍കുട്ടിയുടെ നില വഷളാക്കിയത്. തലച്ചോറിന്റെ പ്രവര്‍ത്തനത്തെ ഇത് ബാധിച്ചിട്ടുണ്ട്. പെണ്‍കുട്ടിയെ മര്‍ദ്ദിച്ചു എന്നും ഇതേ തുടര്‍ന്ന് പെണ്‍കുട്ടി ഷാള്‍ കഴുത്തില്‍ കുരുക്കി ആത്മഹത്യയ്ക്ക് ശ്രമിച്ചു എന്നുമാണ് പ്രതിയുടെ മൊഴി.

ഷാള്‍ ഉപയോഗിച്ചു തൂങ്ങിയ പെണ്‍കുട്ടിയെ അനൂപ് ഉയര്‍ത്തിപ്പിടിക്കാന്‍ ശ്രമിച്ചു. സാധിക്കാതെ വന്നതോടെ അടുക്കളയില്‍ പോയി കത്തിയെടുത്തു കൊണ്ടുവന്ന് ഷാള്‍ മുറിച്ചു. താഴേക്ക് വീണ പെണ്‍കുട്ടി ഉച്ചത്തില്‍ നിലവിളിച്ചതോടെ അനൂപ് വായും മൂക്കും പൊത്തിപ്പിടിക്കുകയായിരുന്നു. ഇത് പെണ്‍കുട്ടിയുടെ നില വഷളാവാന്‍ കാരണമായെന്നാണ് വിവരം.

Also Read:

Kerala
മലയോര സമരയാത്ര ഇന്ന് മലപ്പുറത്ത്; പി വി അന്‍വര്‍ പങ്കെടുക്കും

പെണ്‍കുട്ടിയുടെ വീട്ടില്‍ പ്രതിയെ എത്തിച്ച സുഹൃത്തുക്കളുടെ രഹസ്യമൊഴി ഇന്ന് രേഖപ്പെടുത്തും. പ്രതിയെ ഇന്ന് സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തും. ഞായറാഴ്ച വൈകിട്ട് വീട്ടില്‍ ഉറുമ്പരിച്ച നിലയിലാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്. സംശയരോഗത്തെ തുടര്‍ന്നാണ് ആണ്‍സുഹൃത്തായ അനൂപ് പെണ്‍കുട്ടിയെ ആക്രമിച്ചത്. പെണ്‍കുട്ടി മരിച്ചെന്ന് കരുതിയാണ് പ്രതി സ്ഥലത്ത് നിന്നും പോയത്.

Content Highlights: attack against 19 year old girl Accused Anoop will be produced in court today

To advertise here,contact us