കൂട്ടിക്കൊണ്ടുപോകാൻ ആരും എത്തിയില്ല; ശ്രീതുവിനെ പൂജപ്പുര വനിതാ മന്ദിരത്തിലേക്ക് മാറ്റി

വിട്ടയക്കാന്‍ പൊലീസ് തീരുമാനിച്ചെങ്കിലും കൂട്ടികൊണ്ട് പോകാന്‍ ആരും എത്തിയിരുന്നില്ല

തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ട് വയസുകാരിയെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസില്‍ അമ്മ ശ്രീതുവിനെ പൂജപ്പുരയിലെ വനിതാ മന്ദിരത്തിലേക്ക് മാറ്റി. വിട്ടയക്കാന്‍ പൊലീസ് തീരുമാനിച്ചെങ്കിലും കൂട്ടികൊണ്ട് പോകാന്‍ ആരും എത്തിയിരുന്നില്ല. തുടര്‍ന്നാണ് ഷെല്‍റ്റര്‍ ഹോമിലേക്ക് മാറ്റിയത്.

സംഭവത്തില്‍ അമ്മാവന്‍ ഹരികുമാറിന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. കുട്ടിയെ ജീവനോടെ കിണറ്റിലെറിഞ്ഞ് കൊന്നത് താന്‍ ആണെന്ന് പ്രതി പൊലീസിനോട് നേരത്തെ കുറ്റസമ്മതം നടത്തിയിരുന്നു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ദേവേന്ദുവിനെ ജീവനോടെയാണ് കിണറ്റിലെറിഞ്ഞതെന്ന് തെളിഞ്ഞിരുന്നു. കുഞ്ഞിന്റേത് മുങ്ങിമരണമാണെന്ന പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പ്രതിയുടെ മൊഴി ശരിവെയ്ക്കുന്നതാണ്.

അമ്മ ശ്രീതുവിന്റെ പങ്കിനെക്കുറിച്ച് പൊലീസ് അന്വേഷണം തുടരും. എന്നാല്‍ കൊലപാതകത്തില്‍ ശ്രീതുവിന് എതിരെയുള്ള തെളിവ് ഇതുവരെ ലഭിച്ചിട്ടില്ല. അതേസമയം കുട്ടിയുടെ മുത്തശ്ശി ശ്രീകലയേയും അച്ഛന്‍ ശ്രീജിത്തിനേയും ചോദ്യം ചെയ്യലിന് ശേഷം പൊലീസ് വിട്ടയച്ചു. രണ്ട് പേരും നിരപരാധികളാണന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് വിട്ടയച്ചത്. ദേവേന്ദുവിന്റെ സംസ്‌കാരച്ചടങ്ങുകളും പൂര്‍ത്തിയായി. മുത്തശ്ശിയും അച്ഛനും സ്റ്റേഷനില്‍ നിന്ന് തിരിച്ചെത്തിയതിന് ശേഷമായിരുന്നു സംസ്‌കാരച്ചടങ്ങുകള്‍ നടത്തിയത്.

Also Read:

Kerala
'നിരന്തരം അപമാനിക്കുന്നു'; ഹണി റോസിന്റെ പുതിയ പരാതിയില്‍ രാഹുല്‍ ഈശ്വറിനെതിരെ വീണ്ടും കേസ്

ബാലരാമപുരം സ്വദേശികളായ ശ്രീതുവിന്റെയും ശ്രീജിത്തിന്റെയും രണ്ട് വയസുകാരിയായ മകള്‍ ദേവേന്ദുവാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. വ്യാഴാഴ്ച പുലര്‍ച്ചെ കുഞ്ഞിനെ കാണാനില്ലെന്ന് പരാതി ഉയര്‍ന്നിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് രാവിലെ 8.15 ഓടെ കുഞ്ഞിന്റെ മൃതദേഹം വീടിന് സമീപത്തെ കിണറ്റില്‍ നിന്ന് കണ്ടെടുത്തത്.

തുടര്‍ന്ന് പൊലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് അമ്മാവന്‍ ഹരികുമാര്‍ കുറ്റം സമ്മതിച്ചത്. കുഞ്ഞിനെ കിണറ്റില്‍ എറിഞ്ഞുകൊന്നതാണെന്ന് ഇയാള്‍ പൊലീസിനോട് പറഞ്ഞു. ശ്രീതുവിന്റെ ഫോണ്‍ പരിശോധിച്ചതില്‍ നിന്ന് സഹോദരന്‍ ഹരികുമാറുമായുള്ള ചാറ്റുകളില്‍ നിന്ന് നിര്‍ണായക വിവരം ലഭിച്ചെന്നും റിപ്പോര്‍ട്ടുണ്ട്. ശ്രീതുവിന്റെ മൊഴിയില്‍ തുടക്കത്തില്‍ തന്നെ വൈരുദ്ധ്യമുണ്ടായിരുന്നു. അച്ഛനൊപ്പമായിരുന്നു കുട്ടിയെ ഉറക്കാന്‍ കിടത്തിയതെന്നായിരുന്നു ശ്രീതു നല്‍കിയ മൊഴി. എന്നാല്‍ അച്ഛന്‍ ശ്രീജിത്തിനെ ചോദ്യം ചെയ്തപ്പോള്‍ അമ്മയ്ക്കൊപ്പമായിരുന്നു കുട്ടിയെന്നായിരുന്നു വെളിപ്പെടുത്തല്‍. മൊഴിയിലെ വൈരുദ്ധ്യങ്ങള്‍ പൊലീസ് പരിശോധിച്ചുവരികയാണ്.

Content Highlights: Balaramapuram case mother of girl was shifted to Poojapura Women's home stay

To advertise here,contact us