പ്രതിപ്പട്ടികയിൽ ഒരാൾ മാത്രം; ഇ പിയുടെ ആത്മകഥാ വിവാദത്തില്‍ അന്വേഷണം പൂര്‍ത്തിയായി, കുറ്റപത്രം ഉടന്‍

ജോലി മാത്രമാണ് ചെയ്തതെന്നും തനിക്ക് മറ്റ് ലക്ഷ്യങ്ങളില്ലെന്നും ശ്രീകുമാര്‍ മൊഴി നല്‍കിയിരുന്നു

കോട്ടയം: സിപിഐഎം കേന്ദ്രകമ്മിറ്റിയംഗം ഇ പി ജയരാജന്റെ ആത്മകഥാ വിവാദത്തില്‍പൊലീസ് അന്വേഷണം പൂര്‍ത്തിയാക്കി. കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കാനൊരുങ്ങുകയാണ് പൊലീസ്. ഡിസി ബുക്ക്‌സ് മുന്‍ പ്രസിദ്ധീകരണ വിഭാഗം മേധാവി എ വി ശ്രീകുമാര്‍ മാത്രമാണ് കേസില്‍ പ്രതി. കൂടുതല്‍ പേരെ പ്രതി ചേര്‍ക്കേണ്ടതില്ലെന്ന് അന്വേഷണസംഘം വ്യക്തമാക്കി.

ശ്രീകുമാര്‍ എന്തിനാണ് തിരഞ്ഞെടുപ്പ് ദിവസം പുസ്തകം ചോര്‍ത്തിയത്. ആരാണ് അതിന് നിര്‍ദേശം നല്‍കിയത് എന്ന കാര്യത്തില്‍ വ്യക്തതയില്ല. പുസ്തകം ചോര്‍ന്നതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും അത് അന്വേഷിക്കണമെന്നുമായിരുന്നു പൊലീസിന് നേരത്തേ ലഭിച്ച നിര്‍ദേശം. തന്നെ കേസില്‍ ബലിയാടാക്കിയതാണ് എന്നാണ് ശ്രീകുമാര്‍ നല്‍കിയ മൊഴി. ഏല്‍പ്പിക്കപ്പെട്ട ജോലി മാത്രമാണ് ചെയ്തതെന്നും തനിക്ക് മറ്റ് ലക്ഷ്യങ്ങളില്ലെന്നും ശ്രീകുമാര്‍ മൊഴി നല്‍കിയിരുന്നു.

വയനാട്- ചേലക്കര ഉപതെരഞ്ഞെടുപ്പ് ദിനമാണ് 'കട്ടന്‍ ചായയും പരിപ്പുവടയും, ഒരു കമ്മ്യൂണിസ്റ്റിന്റെ ജീവിതം' എന്ന പേരില്‍ ഇ പിയുടെ ആത്മകഥാ ഭാഗങ്ങള്‍ മാധ്യമങ്ങളിലൂടെ പുറത്ത് വന്നത്. ഇത് തന്റെ ആത്മകഥയല്ലെന്ന് ഇ പി ജയരാജന്‍ പരസ്യ നിലപാടെടുത്തതോടെയാണ് വിവാദം കടുത്തത്.

Also Read:

Kerala
ബാലരാമപുരത്തെ രണ്ട് വയസ്സുകാരിയുടെ മരണം; കൂട്ട ആത്മഹത്യാ നീക്കത്തിൻ്റെ സാധ്യത തള്ളി പൊലീസ്

ഇ പി ജയരാജനും ഡി സി ബുക്‌സും തമ്മില്‍ ആത്മകഥ പ്രസിദ്ധീകരിക്കുന്നതില്‍ രേഖാമൂലമുള്ള കരാര്‍ കണ്ടെത്താനായില്ലെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. സംഭവത്തില്‍ എ വി ശ്രീകുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം സ്റ്റേഷന്‍ ജാമ്യത്തില്‍ വിടുകയായിരുന്നു.

Content Highlight: investigation completed in ep jayarajan autobiography controversy

To advertise here,contact us