'സ്ത്രീയും പുരുഷനും തുല്യരാണ്, ആ വിഷയത്തിൽ 'നോ കോംപ്രമൈസ്'; പിഎംഎ സലാമിനെ തള്ളി വി ഡി സതീശൻ

'പിഎംഎ സലാം പറഞ്ഞത് വ്യക്തിപരമായ അഭിപ്രായമാകാം'

മലപ്പുറം: സ്ത്രീ-പുരുഷ തുല്യത അംഗീകരിക്കില്ലെന്ന പിഎംഎ സലാമിന്റെ പരാമർശത്തെ തള്ളി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ രംഗത്ത്. സ്ത്രീയും പുരുഷനും തുല്യരാണ് എന്നും ആ വിഷയത്തിൽ കോംപ്രമൈസ് ഇല്ല എന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. സലാം പറഞ്ഞത് വ്യക്തിപരമായ അഭിപ്രായമാകാമെന്നും അതിനോട് യോജിപ്പില്ലെന്നും വി ഡി സതീശൻ കൂട്ടിച്ചേർത്തു.

കഴിഞ്ഞ ദിവസം സ്ത്രീ-പുരുഷ തുല്യതയെ അംഗീകരിക്കുന്നില്ലെന്നും സാമൂഹ്യ നീതിയാണ് വേണ്ടതെന്നും മുസ്ലീംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം പറഞ്ഞിരുന്നു. പുരുഷ തുല്യതയല്ല, ലിംഗ നീതിയാണ് ലീഗിന്റെ നിലപാട്. പ്രായോഗികമല്ലാത്ത, മനുഷ്യൻ്റെ യുക്തിക്ക് എതിരായ വാദങ്ങൾ എന്തിനാണ് കൊണ്ടുവരുന്നതെന്നും സലാം ചോദിച്ചിരുന്നു. മലപ്പുറം എടക്കരയിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുമ്പോഴാണ് സലാമിന്റെ വിവാദ പരാമർശമുണ്ടായത്.

Also Read:

National
ജയലളിതയിൽ നിന്ന് പിടിച്ചെടുത്ത തൊണ്ടിമുതൽ തമിഴ്നാടിന്; ഉത്തരവിട്ട് കോടതി

ഒളിംപിക്സിൽ പോലും സ്ത്രീകൾക്ക് വേറെ മത്സരമാണ്. ബസിൽ പ്രത്യേക സീറ്റുകളാണ്. സ്കൂളിൽ പോലും ഇരിക്കുന്നത് ഒരേ ബെഞ്ചിലാണോ. വേറേയല്ലേ? ഇതതൊക്കെയുള്ളത് രണ്ടും വ്യത്യസ്തമായത് കൊണ്ടല്ലേയെന്നും ചോദിച്ച് സലാം തന്റെ നിലപാടിനെ ന്യായീകരിച്ചിരുന്നു. നേരത്തെ സ്ത്രീകളും പുരുഷന്മാരും ഇടകലർന്നുള്ള ഏത് പദ്ധതി കൊണ്ടുവന്നാലും എതിർക്കുമെന്ന കാന്തപുരത്തിന്റെ പ്രസ്താവനയെയും അനുകൂലിച്ച് സലാം രംഗത്ത് വന്നിരുന്നു.

Content Highlights: VD Satheesan against PMA Salam at gender equality

To advertise here,contact us