'കുറ്റവാളികള്‍ എത്രപ്രമുഖരായാലും വെറുതെ വിടരുത് ';മിഹിറിന്റെ മരണംതന്നെ വല്ലാതെ ഞെട്ടിച്ചെന്ന് രമേശ് ചെന്നിത്തല

കുറ്റവാളികള്‍ എത്രപ്രമുഖരായാലും വെറുതെ വിടരുത് എന്നും ചെന്നിത്തല ആവശ്യപ്പെട്ടു

കൊച്ചി: തൃപ്പൂണിത്തുറയില്‍ പതിനഞ്ചുകാരന്‍ ഫ്‌ളാറ്റില്‍ നിന്ന് ചാടി ജീവനൊടുക്കിയ സംഭവത്തില്‍ പ്രതികരിച്ച് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മിഹിറിന്റെ മരണം തന്നെ വല്ലാതെ ഞെട്ടിച്ചു എന്ന് ചെന്നിത്തല ഫേസ്ബുക്കിൽ കുറിച്ചു. മിഹിറിൻ്റെ ബന്ധുക്കളുമായി ഫോണിൽ വിളിച്ച് സംസാരിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി. കുടുംബം പറഞ്ഞു കേട്ടതിന്റെ ഞെട്ടലും നടുക്കവും ഇനിയും വിട്ടു മാറിയിട്ടില്ല എന്നും കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നു എന്നും ചെന്നിത്തല കുറിച്ചു. ഒപ്പം സര്‍ക്കാര്‍ ഉടന്‍ തന്നെ സമഗ്രാന്വേഷണം പ്രഖ്യാപിക്കണമെന്നും മുഖം നോക്കാതെ നടപടികളെടുക്കുകയും വേണം എന്നും കുറ്റവാളികള്‍ എത്രപ്രമുഖരായാലും വെറുതെ വിടരുത് എന്നും ചെന്നിത്തല ആവശ്യപ്പെട്ടു

ചെന്നിത്തലയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം,

"എറണാകുളം ഗ്‌ളോബല്‍ പബ്‌ളിക് സ്‌കൂളീലെ മിഹിര്‍ എന്ന പതിനാലുകാരന് സഹപാഠികളില്‍ നിന്ന് അതിക്രൂരമായ റാഗിങ് നേരിടേണ്ടിവന്നു എന്നും അതേത്തുടര്‍ന്ന് ആ കുട്ടി ജീവനൊടുക്കി എന്നും കേട്ടത് വല്ലാതെ ഞെട്ടിച്ചു കളഞ്ഞു. നമ്മുടെ കുഞ്ഞ് വിദ്യാര്‍ഥികള്‍ ചെറുപ്രായത്തില്‍ തന്നെ ഇത്ര ക്രൂരമായ ക്രിമിനല്‍ സ്വഭാവങ്ങള്‍ വെച്ചുപുലര്‍ത്തുന്നുണ്ട് എന്നറിയുന്നത് നടുക്കമുണ്ടാക്കുന്ന വാര്‍ത്തയാണ്. മാനവിതകതയുടെ പാഠങ്ങള്‍ പഠിക്കേണ്ട കാലത്താണ് ഒപ്പമുള്ള കുഞ്ഞിനെ മരണത്തിലേക്കു തള്ളിവിടുകയും ആ മരണത്തില്‍ സന്തോഷിക്കുകയും ചെയ്യുന്ന ആസുരത കുട്ടികളിലുണ്ടാകുന്നത്.മിഹിറിൻ്റെ ബന്ധുക്കളുമായി ഫോണിൽ വിളിച്ച് സംസാരിച്ചു. അവർ പറഞ്ഞു കേട്ടതിന്റെ ഞെട്ടലും നടുക്കവും ഇനിയും വിട്ടു മാറിയിട്ടില്ല. ആ കുടുംബത്തിൻറെ ദുഃഖത്തിൽ പങ്കുചേരുന്നു.ഇത്രയേറെ ക്യാമറകളും സുരക്ഷാ സംവിധാനങ്ങളും ഉള്ള സ്‌കൂളില്‍ ഇത്ര ക്രൂരമായ റാഗിങ് നടന്നിട്ട് അധികൃതര്‍ അറിഞ്ഞില്ലെന്നു പറയുന്നത് തികഞ്ഞ നിരുത്തരവാദപരമായ സമീപനമാണ്. കുട്ടി പരാതി പറഞ്ഞിരുന്നോ, എന്നിട്ട് അധികൃതര്‍ എന്തു നടപടിയെടുത്തു തുടങ്ങിയ കാര്യങ്ങള്‍ സമഗ്രമായ അന്വേഷണത്തിലൂടെ പുറത്തു വരേണ്ടതുണ്ട്. കുറ്റക്കാരായ വിദ്യാര്‍ഥികളെ കണ്ടെത്തി അവര്‍ക്കെതിരെ വേണ്ട നടപടികളെടുക്കണം.മരണപ്പെട്ട കുഞ്ഞിനും അവന്റെ മാതാപിതാക്കള്‍ക്കും നീതിവേണം.സര്‍ക്കാര്‍ ഉടന്‍ തന്നെ സമഗ്രാന്വേഷണം പ്രഖ്യാപിക്കുകയും മുഖം നോക്കാതെ നടപടികളെടുക്കുകയും വേണം.കുറ്റവാളികള്‍ എത്രപ്രമുഖരായാലും വെറുതെ വിടരുത്''

content highlights : chennithala reacts on mihir's death

To advertise here,contact us