മുട്ടക്കച്ചവടത്തിൽ നിന്ന് മന്ത്രവാദത്തിലേക്ക്; പൂജാരി,അധ്യാപകൻ, കാഥികൻ: പ്രദീപ് കുമാർ ദേവീദാസനായതെങ്ങനെ?

വീടുവാങ്ങാനെന്ന പേരിൽ 30 ലക്ഷം രൂപ പല ഘട്ടങ്ങളിലായി ദേവീദാസൻ തട്ടിയെടുത്തതായി കുട്ടിയുടെ അമ്മ പൊലീസിൽ മൊഴി നൽകിയിരുന്നു

തിരുവനന്തപുരം: ബാലരാമപുരത്തെ രണ്ടു വയസുകാരി ദേവേന്ദുവിന്‍റെ കൊലപാതകത്തിൽ ദുരൂഹത ഏറെയാണ്. സത്യം മറനീക്കി പുറത്തുകൊണ്ടുവരാൻ ശ്രമിക്കുകയാണ് അന്വേഷണസംഘം. മരിച്ച കുട്ടിയുടെ അമ്മയുടെ മൊഴി അനുസരിച്ച് ദേവീദാസൻ എന്ന പൂജാരിയിലേക്കും അന്വേഷണം നീളുകയാണ്. ആരാണ് ദേവീദാസൻ? കോളേജ് അധ്യാപകനായിരുന്ന പ്രദീപൻ എങ്ങനെ നാട്ടുകാരുടെ മുട്ടസ്വാമിയായി? കുട്ടിയുടെ അമ്മയിൽ നിന്ന് ദേവീദാസൻ പണം തട്ടിയെന്ന് പറയുന്നത് സത്യമോ? എന്ന ചോദ്യങ്ങളാണ് ഉയരുന്നത്.

Also Read:

Kerala
'മന്ത്രവാദം നടത്താറില്ല, ജ്യോതിഷം മാത്രമാണ് പഠിപ്പിക്കുന്നത്'; ദേവേന്ദുവിന്റെ കൊലപാതകത്തിൽ പൂജാരിയുടെ ഭാര്യ

കുട്ടിയുടെ അമ്മയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കസ്റ്റഡിയിലാണ് ദേവീദാസൻ. പുറത്ത് നിന്നുള്ളവരുമായും അയൽക്കാരുമായും അത്ര ബന്ധം പുലർത്തിയിരുന്ന ആളായിരുന്നില്ല ദേവീദാസൻ. പൂജയ്ക്കായി പുറത്തുനിന്നുള്ളവരാണ് അധികവും ദേവീദാസനെ തേടി വീട്ടിലേക്ക് എത്തിയിരുന്നത്. വീടുവാങ്ങാനെന്ന പേരിൽ 30 ലക്ഷം രൂപ പല ഘട്ടങ്ങളിലായി ദേവീദാസൻ തട്ടിയെടുത്തതായി കുട്ടിയുടെ അമ്മ പൊലീസിൽ മൊഴി നൽകിയിരുന്നു. ഇതേ തുടര്‍ന്നാണ് കൂടുതൽ ചോദ്യം ചെയ്യാൻ ദേവീദാസനെ കസ്റ്റഡിയിലെടുത്തത്. ശ്രീതുവിന്റെ ആത്മീയ ഗുരുവാണ് ദേവീദാസന്‍ എന്നും വിവരമുണ്ട്.

ദേവീദാസൻ നാട്ടുകാരുടെ മുട്ടസ്വാമിയായത് എങ്ങനെ?

മുൻപ് പ്രദീപൻ എന്ന പേരിൽ ശംഖമുഖത്ത് മുട്ട കച്ചവടം നടത്തിയിരുന്ന ആളായിരുന്നു ദേവീദാസൻ. പിന്നീട് കരിക്കകത്തെത്തി മന്ത്രവാദത്തിലേക്കും ജ്യോതിഷത്തിലേക്കും പൂജയിലേക്കും തിരിയുകയായിരുന്നു. തുടർന്നാണ് ദേവീദാസൻ എന്ന പേര് ലഭിക്കുന്നത്. കരിക്കകത്ത് ഭാര്യയുടെ വീട്ടിലാണ് ദേവീദാസൻ താമസിച്ചിരുന്നത്. ക്ഷേത്ര സമാനമായ സ്ഥലം ഇവിടെ ഒരുക്കി വീട്ടിൽ വെച്ചു തന്നെയാണ് ഇയാൾ പൂജ നടത്തിയിരുന്നത്. മിക്കപ്പോഴും ഇവിടെ പൂജകൾ നടക്കാറുണ്ടായിരുന്നതായി നാട്ടുകാരും പ്രതികരിച്ചു.‌

പ്രദീപ് കുമാര്‍ എന്നായിരുന്നു ദേവീദാസന്‍റെ ആദ്യത്തെ പേര്. മുട്ടക്കച്ചവടത്തിന് ‌ശേഷം കുറച്ചുനാൾ പ്രദീപ് എന്ന പേരിൽ ഇയാൾ കോളേജിലെ അദ്ധ്യാപകനായിരുന്നു. രണ്ടു വിവാഹം കഴിച്ചിട്ടുണ്ട്. ഇതിനിടയിൽ എസ്‍പി കുമാര്‍ എന്ന കാഥികനായും അറിയപ്പെട്ടിരുന്നതായി നാട്ടുകാര്‍ പറഞ്ഞു. പിന്നീടാണ് ദേവീദാസൻ എന്ന പേരിൽ പൂജകൾ നടത്തി കരിക്കകത്ത് സജീവമാകുന്നത്. സ്വാമിയായി മാറിയതോടെ നാട്ടുകാര്‍ക്കിടയിൽ ഇയാള്‍ മുട്ടസ്വാമി എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്.

ദേവീദാസൻ്റെ പ്രവർത്തികളിൽ ദുരൂഹതയുണ്ടെന്ന് നാട്ടുകാർ ആരോപിച്ചു. കുടുംബത്തിന് അന്ധവിശ്വാസങ്ങൾ ഉണ്ടായിരുന്നുവെന്നും നാട്ടുകാർ പറഞ്ഞു.

Content Highlights: Devidasan is in custody based on the statement of the child's mother. Devidasan was not a person who had much contact with outsiders and neighbors

To advertise here,contact us