നവീൻ ബാബുവിന്റെ മരണം; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നൽകിയ അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഇന്ന് പരിഗണിക്കും

ജസ്റ്റിസുമാരായ പിബി സുരേഷ് കുമാർ, ജോബിൻ സെബാസ്റ്റ്യൻ എന്നിവർ ഉൾപ്പെട്ട ബെഞ്ചാണ് അപ്പീൽ പരിഗണിക്കുന്നത്

കൊച്ചി: നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നൽകിയ അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഇന്ന് പരിഗണിക്കും. സിബിഐ അന്വേഷണം വേണ്ടെന്ന ഹൈക്കോടതി സിംഗിൾ ബെഞ്ച് വിധിക്കെതിരെ നവീൻ ബാബുവിന്റെ ഭാര്യ കെ മഞ്ജുഷ നൽകിയ അപ്പീലാണ് ഡിവിഷൻ ബെഞ്ചിന്റെ പരിഗണനയിലുള്ളത്.

ജസ്റ്റിസുമാരായ പി ബി സുരേഷ് കുമാർ, ജോബിൻ സെബാസ്റ്റ്യൻ എന്നിവർ ഉൾപ്പെട്ട ബെഞ്ചാണ് അപ്പീൽ പരിഗണിക്കുന്നത്. വസ്തുതകൾ പരിഗണിക്കാതെയാണ് സിംഗിൾ ബെഞ്ച് വിധിയെന്നാണ് കുടുംബത്തിന്റെ പ്രധാന വാദം. ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ വിധിയിൽ പിഴവുകളുണ്ട്. സംസ്ഥാന പൊലീസ് നടത്തുന്ന അന്വേഷണത്തിൽ വിശ്വാസ്യതയില്ല. ഭരണകക്ഷി നേതാവും മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ ആളാണ് പ്രതിസ്ഥാനത്തെന്നുമാണ് കുടുംബത്തിൻ്റെ വാദം.

സംസ്ഥാന പൊലീസ് നടത്തുന്ന അന്വേഷണത്തെ സ്വാധീനിക്കാനും തെളിവ് നശിപ്പിക്കാനും സാധ്യതയുണ്ട്. അപൂർവ്വ സാഹചര്യമാണ് കേസിലുള്ളത്. നവീൻ ബാബുവിന്റെ മരണത്തിൽ സുതാര്യവും സത്യസന്ധവുമായ അന്വേഷണം വേണം. കുടുംബത്തിന് നീതി ലഭിച്ചുവെന്ന് പൊതുസമൂഹത്തിന് കൂടി ബോധ്യപ്പെടാനാകണം.

നവീൻ ബാബുവിന്റെ അടിവസ്ത്രത്തിലെ രക്തസാന്നിധ്യത്തിന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് വഴി ഉത്തരം ലഭിച്ചില്ല. ഇത് പോസ്റ്റ്മോർട്ടം റിപ്പോർട്ടിന്മേൽ സംശയമുയർത്തുന്നു. മൃതദേഹം പോസ്റ്റ്മോർട്ടം നടത്തിയത് ശരിയായ രീതിയിലായിരുന്നില്ല. ആത്മഹത്യയെങ്കിൽ ഉമിനീര് പുറത്തുവരുമായിരുന്നു. ഇൻക്വസ്റ്റ് റിപ്പോർട്ട് ഇക്കാര്യത്തിലും നിശബ്ദത പാലിക്കുന്നുവെന്നാണ് കുടുംബത്തിന്റെ വാദം. കേസ് ഡയറിയും ഇൻക്വസ്റ്റ് റിപ്പോർട്ടും സിംഗിൾ ബെഞ്ച് ശരിയായി പരിശോധിച്ചില്ല. കേസിൽ സിബിഐ അന്വേഷണം അനിവാര്യമാണ് എന്നുമാണ് കെ മഞ്ജുഷയുടെ അപ്പീലിലെ വാദം.

യാത്രയപ്പ് ചടങ്ങിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി പി ദിവ്യ അഴിമതിയാരോപണം ഉന്നയിച്ച് തൊട്ടടുത്ത ദിവസമായിരുന്നു നവീനെ ക്വാർട്ടേഴ്സിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ചെങ്ങളായിലെ പെട്രോൾ പമ്പിന് അനുമതി നൽകുന്നതുമായി ബന്ധപ്പെട്ടായിരുന്നു ആരോപണം. ഇനി പോകുന്നിടത്ത് കണ്ണൂരിലേതുപോലെ പ്രവർത്തിക്കരുതെന്ന് ദിവ്യ പറഞ്ഞിരുന്നു. യാത്രയപ്പ് ദിനത്തിൽ ദിവ്യ നടത്തിയ പ്രസംഗത്തിൻ്റെ വീഡിയോ പുറത്ത് വന്നിരുന്നു.

Also Read:

Kerala
ചെന്താമരയെ വിയ്യൂരിലെ അതീവ സുരക്ഷാ ജയിലിലേക്ക് മാറ്റി

ഇതിന് പിന്നാലെ ആത്മഹത്യാ പ്രേരണകുറ്റം ചുമത്തി ദിവ്യക്കെതിരെ കേസ് എടുത്തിരുന്നു. മുൻകൂർ ജാമ്യപേക്ഷ തള്ളിയതിന് പിന്നാലെ കീഴടങ്ങിയ പി പി ദിവ്യ റിമാൻഡിൽ ജയിലിൽ കഴിയുകയും പിന്നീട് ജാമ്യം ലഭിക്കുകയുമായിരുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് സ്ഥാനവും പി പി ദിവ്യ രാജിവെച്ചിരുന്നു.

Content Highlights: High Court will consider the appeal demanding CBI investigation on naveen babu's death

To advertise here,contact us