ബാലരാമപുരം കൊലപാതകം; ചാറ്റുകൾ വീണ്ടെടുക്കാൻ പൊലീസ്, അമ്മയുടെയും അമ്മാവന്റെയും ഫോൺ ശാസ്ത്രീയ പരിശോധനയ്ക്ക്

കൊലപാതകത്തിന്റെ തലേദിവസമുള്ള മെസേജുകൾ ഡിലീറ്റ് ചെയ്തിരുന്നു

തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ട് വയസുകാരിയെ കിണറ്റിൽ എറിഞ്ഞ് കൊന്ന കേസിൽ അമ്മ ശ്രീതുവിന്‍റെയും അമ്മാവൻ ഹരികുമാറിന്‍റെയും ഫോൺ ശാസ്ത്രീയ പരിശോധനയ്ക്കയക്കും. രണ്ട് പേരും തമ്മിലുള്ള ചാറ്റുകൾ വീണ്ടെടുക്കുന്നതിനാണ് പരിശോധന. കൊലപാതകത്തിന്റെ തലേദിവസമുള്ള മെസേജുകൾ ഡിലീറ്റ് ചെയ്തിരുന്നു.

കൊല്ലപ്പെട്ട ദേവേന്ദുവിൻറെ അമ്മ ശ്രീതുവിനെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും. നിലവിൽ പൂജപ്പുര വനിതാ മന്ദിരത്തിലാണ് ശ്രീതു ഉളളത്. കൂട്ടിക്കൊണ്ട് പോകാൻ ആരും എത്താത്തതിനാലാണ് വനിതാ മന്ദിരത്തിലേക്ക് മാറ്റിയത്. ബാലരാമപുരം പൊലീസ് സ്റ്റേഷനിൽ എത്തിച്ചായിരിക്കും ചോദ്യം ചെയ്യൽ.

അതേസമയം, പ്രതി ഹരികുമാറിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. അമ്മാവനായ ഹരികുമാറിന് മാത്രമേ കൊലപാതകത്തിൽ പങ്കുള്ളൂവെന്നാണ് പൊലീസിൻ്റെ നിലവിലെ നിഗമനം. നേരത്തെയും പ്രതി ഈ കുഞ്ഞിനെ മർദ്ദിച്ചിരുന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

കോടതിയിൽ ഹാജരാക്കുന്ന പ്രതിയെ പൊലീസ് അഞ്ച് ദിവസത്തെ കസ്റ്റഡിയിൽ ആവശ്യപ്പെടും. തുടർന്നായിരിക്കും സംഭവം നടന്ന വീട്ടിലെത്തിച്ച് തെളിവെടുക്കുക. കുറ്റം ചെയ്തെന്ന് സമ്മതിച്ചെങ്കിലും അതിന്റെ കാരണം പ്രതി മാറ്റി പറയുന്നതിനാൽ പൊലീസ് ഇപ്പോഴും ആശയക്കുഴപ്പത്തിലാണ്.

Also Read:

Kerala
ബാലരാമപുരം കൊലപാതകം; മുമ്പും പ്രതി കുഞ്ഞിനെ മർദ്ദിച്ചിരുന്നു, ഹരികുമാറിനെ ഇന്ന് കോടതിയിൽ ഹാജരാക്കും

ബാലരാമപുരം സ്വദേശികളായ ശ്രീതുവിന്റെയും ശ്രീജിത്തിന്റെയും രണ്ട് വയസുകാരിയായ മകൾ ദേവേന്ദുവാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. വ്യാഴാഴ്ച പുലർച്ചെ കുഞ്ഞിനെ കാണാനില്ലെന്ന് പരാതി ഉയർന്നിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് രാവിലെ 8.15 ഓടെ കുഞ്ഞിന്റെ മൃതദേഹം വീടിന് സമീപത്തെ കിണറ്റിൽ നിന്ന് കണ്ടെടുത്തത്.

തുടർന്ന് പൊലീസ് നടത്തിയ ചോദ്യം ചെയ്യലിൽ അമ്മാവൻ ഹരികുമാർ കുറ്റം സമ്മതിച്ചു. കുഞ്ഞിനെ കിണറ്റിൽ എറിഞ്ഞുകൊന്നതാണെന്ന് ഇയാൾ പൊലീസിനോട് പറഞ്ഞു. കുഞ്ഞിനെ കൊലപ്പെടുത്താൻ അമ്മ ശ്രീതുവിന്റെ സഹായം ഇയാൾക്ക് ലഭിച്ചതായും സൂചനയുണ്ട്. ശ്രീതുവിന്റെ ഫോൺ പരിശോധിച്ചതിൽ നിന്ന് സഹോദരൻ ഹരികുമാറുമായുള്ള ചാറ്റുകളിൽ നിന്ന് നിർണായക വിവരം ലഭിച്ചെന്നും റിപ്പോർട്ടുണ്ട്.

ശ്രീതുവിന്റെ മൊഴിയിൽ തുടക്കത്തിൽ തന്നെ വൈരുദ്ധ്യമുണ്ടായിരുന്നു. അച്ഛനൊപ്പമായിരുന്നു കുട്ടിയെ ഉറക്കാൻ കിടത്തിയതെന്നായിരുന്നു ശ്രീതു നൽകിയ മൊഴി. എന്നാൽ അച്ഛൻ ശ്രീജിത്തിനെ ചോദ്യം ചെയ്തപ്പോൾ അമ്മയ്‌ക്കൊപ്പമായിരുന്നു കുട്ടിയെന്നായിരുന്നു വെളിപ്പെടുത്തൽ. മൊഴിയിലെ വൈരുദ്ധ്യങ്ങൾ പൊലീസ് പരിശോധിച്ചുവരികയാണ്. സാമ്പത്തിക ബാധ്യതയ്ക്ക് അപ്പുറം മറ്റെന്തൊക്കെയോ വിഷയമുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്.

Content Highlights: Police to recover chats in balaramapuram murder case

To advertise here,contact us