'ധാര്‍മികമായി രാജിവെയ്ക്കണോ എന്നത് മുകേഷിന് തീരുമാനിക്കാം'; വനിതാ കമ്മീഷന്‍ അധ്യക്ഷ

രണ്ട് വര്‍ഷത്തില്‍ കൂടുതല്‍ ശിക്ഷിച്ചാലേ ജനപ്രതിനിധി രാജിവെക്കേണ്ടതുള്ളൂ എന്നും പി സതീദേവി

കൊച്ചി: പീഡനപരാതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചതിന് പിന്നാലെ എം മുകേഷ് എംഎല്‍എ സ്ഥാനം രാജിവെക്കണമെന്ന് പ്രതിപക്ഷം കടുപ്പിച്ച സാഹചര്യത്തില്‍ പ്രതികരണവുമായി സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ. ധാര്‍മികമായി രാജിവെക്കണോ എന്നത് മുകേഷിന് തീരുമാനിക്കാമെന്നും നിയമപരമായി രാജി വെയ്‌ക്കേണ്ടതില്ലെന്നും വനിതാ കമ്മീഷന്‍ അധ്യക്ഷ പി സതീദേവി പറഞ്ഞു.

രണ്ട് വര്‍ഷത്തില്‍ കൂടുതല്‍ ശിക്ഷിച്ചാലേ ജനപ്രതിനിധി രാജിവെക്കേണ്ടതുള്ളൂ എന്നും പി സതീദേവി കൂട്ടിച്ചേര്‍ത്തു.കഴിഞ്ഞ ദിവസമാണ് മുകേഷ് എംഎല്‍എയ്ക്കെതിരായ ബലാത്സംഗ കേസില്‍ പ്രത്യേക അന്വേഷണസംഘം കുറ്റപത്രം സമര്‍പ്പിച്ചത്. എറണാകുളം ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്.

മുകേഷിനെതിരായ ഡിജിറ്റല്‍, സാഹചര്യ തെളിവുകള്‍ അടക്കം അടങ്ങുന്നതാണ് കുറ്റപത്രം. പരാതിക്കാരിയുമായി മുകേഷ് നടത്തിയ വാട്‌സ്ആപ്പ് ചാറ്റുകളും, ഇമെയില്‍ സന്ദേശങ്ങളും തെളിവുകളായിട്ടുണ്ട്. സാഹചര്യ തെളിവുകളും സാക്ഷി മൊഴികളും ലഭിച്ചിട്ടുണ്ടെന്നും എസ്‌ഐടി പറയുന്നുണ്ട്. ആലുവ സ്വദേശിയായ നടിയുടെ പരാതിയില്‍ മരട് പൊലീസാണ് കേസെടുത്തിരുന്നത്. താര സംഘടനയായ എഎംഎംഎയില്‍ അംഗത്വം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്നായിരുന്നു പരാതി.

Also Read:

Kerala
'ജയരാജന് ജാഗ്രതക്കുറവുണ്ടായി'; പക്ഷെ ഇ പി ക്രിസ്റ്റൽ ക്ലിയറെന്ന് പിണറായി വിജയൻ

നേരത്തെ മുകേഷിനെതിരെ തൃശ്ശൂര്‍ വടക്കാഞ്ചേരി സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത ലൈംഗികാതിക്രമ കേസിലും പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. 2011ല്‍ സിനിമാ ചിത്രീകരണത്തിനിടെ വടക്കാഞ്ചേരിയിലെ ഹോട്ടലില്‍ വച്ച് ലൈംഗികാതിക്രമം കാട്ടി എന്നായിരുന്നു നടിയുടെ പരാതി. പ്രത്യേക അന്വേഷണസംഘം വടക്കാഞ്ചേരി കോടതിയിലായിരുന്നു കുറ്റപത്രം സമര്‍പ്പിച്ചത്.

ഹേമ കമ്മിറ്റി റിപ്പോട്ട് പുറത്തുവന്നതിന് ശേഷമായിരുന്നു മുകേഷിനെതിരെ വെളിപ്പെടുത്തലുമായി നടി രംഗത്തെത്തിയത്. മുകേഷടക്കം സിനിമാ മേഖലയിലെ ഏഴ് പേര്‍ക്കെതിരെയായിരുന്നു നടി ആരോപണം ഉന്നയിച്ചത്. പിന്നീട് ഇമെയില്‍ മുഖേന പ്രത്യേക അന്വേഷണ സംഘത്തിന് പരാതി നല്‍കുകയായിരുന്നു. ശേഷം സര്‍ക്കാരില്‍ നിന്ന് പിന്തുണ ലഭിക്കുന്നില്ല എന്ന കാരണത്താല്‍ പരാതി പിന്‍വലിക്കുമെന്ന് നടി പറഞ്ഞെങ്കിലും, ആ തീരുമാനത്തില്‍ നിന്ന് പിന്നോട്ടുപോകുകയായിരുന്നു.

Content Highlight: Mukesh can decide whether to resign morally says p sathidevi Chairperson of the Women's Commission

To advertise here,contact us