സൃഷ്ടിയിലും പൊതുപ്രവർത്തനരംഗത്തും സാമൂഹ്യമേഖലയിലും പുരുഷനെ പോലെയാകാൻ സ്ത്രീക്ക് കഴിയില്ല:അബ്ദുസമദ് പൂക്കോട്ടൂർ

നീതിയിലും ന്യായത്തിലും തുല്യ നീതി നല്‍കണമെന്നും എന്നാല്‍ സ്ത്രീയും പുരുഷനും സമന്മാരാണെന്ന് പറയുന്നത് ശരിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

മലപ്പുറം: സ്ത്രീയും പുരുഷനും സമന്മാരാണെന്ന വാദം അംഗീകരിക്കില്ലെന്ന് സമസ്ത നേതാവ് അബ്ദുസമദ് പൂക്കോട്ടൂര്‍. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും നീതിയാണ് ലഭിക്കേണ്ടതെന്ന് അബ്ദുസമദ് പൂക്കോട്ടൂര്‍ റിപ്പോര്‍ട്ടറിനോട് പറഞ്ഞു. തുല്യതയെന്ന് പറയുമ്പോള്‍ സൃഷ്ടിപരമായ വൈജാത്യം രണ്ട് വിഭാഗങ്ങള്‍ക്കുമുണ്ടെന്നും അദ്ദേഹം പറഞ്ഞു. റിപ്പോർട്ടറിനോട് സംസാരിക്കവെയായിരുന്നു അബ്ദുസമദ് പൂക്കോട്ടൂരിൻ്റെ പ്രതികരണം.

'നീതിയിലും ന്യായത്തിലും തുല്യ നീതി നല്‍കണം. സ്ത്രീയും പുരുഷനും സമന്മാരാണെന്ന് പറയുന്നത് ശരിയല്ല, അത് നമ്മള്‍ അംഗീകരിക്കുന്നില്ല. സ്ത്രീയും പുരുഷനും നീതിയുടെ കാര്യത്തില്‍ തുല്യരാണ്. സൃഷ്ടിപ്പിലും അത് പോലെ പൊതുപ്രവര്‍ത്തന രംഗത്തും സാമൂഹ്യ മേഖലയിലും പുരുഷനെ പോലെയാകാന്‍ സ്ത്രീക്ക് കഴിയില്ല', അദ്ദേഹം പറഞ്ഞു. അതേസമയം സ്ത്രീയെ പോലെയാകാന്‍ പുരുഷനും കഴിയില്ലെന്നും അബ്ദുസമദ് പൂക്കോട്ടൂര്‍ പറഞ്ഞു.

Also Read:

Kerala
പൊലീസ് ഉദ്യോ​ഗസ്ഥന്റെ കൊലപാതകം; കൂസലില്ലാതെ പ്രതി, തെളിവെടുപ്പിനെത്തിച്ചപ്പോൾ മുഖംമിനുക്കി ഇറങ്ങി

എന്നാല്‍ ഒരു വിഭാഗത്തിനോട് അനീതി കാണിക്കാന്‍ പാടില്ലെന്നും ഇസ്‌ലാം എപ്പോഴും സ്ത്രീകളോട് നീതി ചെയ്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 'പരിശുദ്ധ ഖുര്‍ആനില്‍ മറിയം ബീവിയുടെ പേരില്‍ ഒരു അദ്ധ്യായം ഇറക്കി. സ്ത്രീ ഭര്‍ത്താവിനെക്കുറിച്ച് പരാതിയായി അല്ലാഹുവിനോട് പറഞ്ഞപ്പോള്‍ ആ വിഷയം മാത്രം ഉന്നയിക്കുന്നതിന് വേണ്ടി ഖുര്‍ആനില്‍ ഒരു അദ്ധ്യായമുണ്ട്. വലിയ ജ്ഞാനികളായ സ്ത്രീകളുണ്ടായിട്ടുണ്ട്. അങ്ങനെയുള്ള വലിയ പാരമ്പര്യമുള്ള മതമാണ് ഇസ്‌ലാം. ഒരിക്കലും സ്ത്രീകളെ അവഗണിക്കുന്നില്ല', അബ്ദുസമദ് പൂക്കോട്ടൂര്‍ പറയുന്നു.

അതേസമയം തുല്യതയുടെ കാര്യം ശരിക്കും തിരിച്ചു ചോദിക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ബസില്‍ കയറിയാല്‍ അവര്‍ക്ക് പ്രത്യേക സീറ്റ്, കെഎസ്ആര്‍ടിസി ബസില്‍ വനിത കണ്ടക്ടറാണെങ്കില്‍ ആ സീറ്റില്‍ പുരുഷനിരിക്കാന്‍ പാടില്ല, ട്രെയിനില്‍ പ്രത്യേക ബോഗി ഇതൊക്കെ സ്ത്രീകള്‍ക്കൊരു പരിഗണനയാണ്. അവര്‍ പരിഗണന അര്‍ഹിക്കുന്നുണ്ടെന്നാണ് ഇത് സൂചിപ്പിക്കുന്നത്. തുല്യത നേരത്തെ എല്ലാ കാര്യത്തിലും ഉണ്ടായിരുന്നെങ്കില്‍ ഈ പരിഗണനയുടെ കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീയെയും പുരുഷനെയും കുറിച്ചുള്ള ഇസ്‌ലാമിക കാഴ്ചപ്പാടാണ് കാന്തപുരം പറഞ്ഞതെന്നും അദ്ദേഹത്തിന്റെ അനുയായികളോടാണ് പറഞ്ഞതെന്നും അബ്ദുസമദ് പൂക്കോട്ടൂര്‍ പറഞ്ഞു.

Content Highlights: Abdul Samad Pookkottur against equality

To advertise here,contact us