കെഎസ്ആർടിസിയിൽ പണിമുടക്ക് ആരംഭിച്ചു, ബസുകൾ തടഞ്ഞ് ടിഡിഎഫ് പ്രവർത്തകർ; ഡയസ്നോൺ പ്രഖ്യാപിച്ച് സർക്കാർ

പണിമുടക്കിൻ്റെ ഭാ​ഗമായി ടിഡിഎഫ് പ്രവർത്തകർ ബസുകൾ തടയുന്നുണ്ട്

തിരുവനന്തപുരം: കെഎസ്ആർടിസിയിൽ പണിമുടക്ക് ആരംഭിച്ചു. ഇന്നലെ അർദ്ധരാത്രി മുതലാണ് ട്രാൻസ്പോർട്ട് ഡെമോക്രാറ്റിക് ഫെഡറേഷൻ പ്രഖ്യാപിച്ച പണിമുടക്ക് ആരംഭിച്ചത്. ഇന്ന് അർദ്ധരാത്രി വരെയാണ് പണിമുടക്ക്. സമരത്തെ നേരിടാൻ സർക്കാർ ഡയസ്നോൺ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനിടെ ഡയസ്നോൺ പ്രഖ്യാപനം വിലപ്പോകില്ലെന്ന നിലപാടിലാണ് സമരരം​ഗത്തുള്ള ടിഡിഎഫ്.

പണിമുടക്കിൻ്റെ ഭാ​ഗമായി ടിഡിഎഫ് പ്രവർത്തകർ ബസുകൾ തടയുന്നുണ്ട്. തിരുവനന്തപുരം പാപ്പനംകോട്, പാലക്കാട്‌ ഡിപ്പോകളിൽ പ്രവർത്തകർ ബസ് തടഞ്ഞു. പ്രതിഷേധവുമായി ടിഡിഎഫ് പ്രവർത്തകർ ബസ് ഡിപ്പോകളിൽ എത്തിതുടങ്ങിയിട്ടുണ്ട്.

ഇതിനിടെ സമരം നേരിടാനുള്ള നടപടികളുമായി കെഎസ്ആർടിസി മാനേജ്മെൻ്റും മുന്നോട്ട് പോകുകയാണ്. താൽക്കാലിക ജീവനക്കാരെ ഉപയോ​ഗിച്ച് പരമാവധി സർവീസുകൾ നടത്താനാണ് കെഎസ്ആർടിസി മാനേജ്മെൻ്റിൻ്റെ നിർദ്ദേശം. ഡയസ്നോൺ കർശനമാക്കി നടപ്പിലാക്കാനും നിർദ്ദേശമുണ്ട്. സിവിൽ സർജൻ്റെ റാങ്കിൽ കുറയാത്ത മെഡിക്കൽ ഓഫീസർ നൽകുന്ന സർ‌ട്ടിഫിക്കറ്റിൻ്റെ അടിസ്ഥാനത്തിലല്ലാതെ അവധി അനുവദിക്കരുതെന്നാണ് നിർദ്ദേശം.

Also Read:

Kerala
മലപ്പുറത്ത് നിക്കാഹ് കഴിഞ്ഞ 18-കാരി ജീവനൊടുക്കിയ നിലയിൽ

12 പ്രധാനആവശ്യങ്ങൾ ഉന്നയിച്ചാണ് ടിഡിഎഫ് സമരം പ്രഖ്യാപിച്ചിരിക്കുന്നത്. ശമ്പളം എല്ലാ മാസവും അഞ്ചിനകം നൽകുമെന്ന മുഖ്യമന്ത്രിയുടെയും ​ഗതാ​ഗത വകുപ്പ് മന്ത്രിയുടെയും ഉറപ്പ് പാലിക്കാത്തതാണ് സമരകാരണങ്ങളിൽ പ്രധാനമായി ചൂണ്ടിക്കാണിക്കുന്നുണ്ട്. ഇപ്പോഴും മാസം പകുതിയാകുന്നതോടെയാണ് ശമ്പളം നൽകുന്നതെന്നാണ് പരാതി. പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നത് വരെ സമരവുമായി മുന്നോട്ട് പോകുമെന്നാണ് ടിഡിഎഫ് നേതൃത്വത്തിൻ്റെ പ്രതികരണം.

Content Highlights: Strike begins at KSRTC,TDF workers stop buses

To advertise here,contact us