കിഫ്ബി റോഡുകളിലെ ടോൾ പിരിവ്; നിഷേധിച്ച് ധനകാര്യ മന്ത്രി, തടയുമെന്ന് പ്രതിപക്ഷം

ടോൾ പിരിവ് എൽഡിഎഫിൽ ചർച്ച ചെയ്തിരുന്നുവെന്ന് ഇടതുമുന്നണി കൺവീനർ ടി പി രാമകൃഷ്ണൻ

തിരുവനന്തപുരം: കിഫ്ബി റോഡുകളിൽ ടോൾ ഏർപ്പെടുത്തുമെന്ന വാർത്തകളോട് പ്രതികരിച്ച് ഭരണ-പ്രതിപക്ഷ നേതാക്കൾ. ‌ടോൾ ഏർപ്പെടുത്തുമെന്ന വാർത്തകൾ ധനകാര്യ മന്ത്രി കെ എൻ ബാല​ഗോപാൽ നിഷേധിച്ചു. കിഫ്ബി റോഡുകൾക്ക് ടോൾ ഏർപ്പെടുത്തുന്ന വിഷയത്തിൽ സർക്കാർ ഒരു തീരുമാനവും എടുത്തിട്ടില്ലെന്നാണ് ധനകാര്യ വകുപ്പ് മന്ത്രി വ്യക്തമാക്കിയത്. പരിശോധിച്ചത് സാധ്യത മാത്രമാണെന്നും വിശദീകരണം. കിഫ്ബി നിർമ്മാണങ്ങളിലെ വരുമാനശ്രേതസ്സ് പരിശോധിക്കുമെന്നും മന്ത്രി അറിയിച്ചു. കെട്ടിടം നിർമ്മിച്ച് വാടകയ്ക്ക് കൊടുക്കുന്നതും പരി​ഗണനയിലുണ്ടെന്നും കെ എൻ ബാല​ഗോപാൽ വ്യക്തമാക്കി. റോഡുകൾ, പാലങ്ങൾ, കെട്ടിടങ്ങൾ എന്നിവയാണ് കിഫ്ബിയുടെ പ്രധാന നിർമാണം. വരുമാനമില്ലാത്തതിൻ്റെ പേരിലാണ് കിഫ്ബിയ്ക്കെതിരായ കേന്ദ്രവിമർശനമെന്നും ധനകാര്യ മന്ത്രി ചൂണ്ടിക്കാണിച്ചു.

അതേ സമയം ടോൾ പിരിവ് എൽഡിഎഫിൽ ചർച്ച ചെയ്തിരുന്നുവെന്ന് ഇടതുമുന്നണി കൺവീനർ ടി പി രാമകൃഷ്ണൻ വ്യക്തമാക്കി. സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ പദ്ധതികൾ വേണമെന്നും വിഷയം ക്യാബിനറ്റിൽ വരുമ്പോൾ ചർച്ചചെയ്ത് തീരുമാനിക്കുമെന്നും ഇടതുമുന്നണി കൺവീനർ പറഞ്ഞു. ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നത് കേന്ദ്ര നയങ്ങളാണെന്നും ടി പി രാമകൃഷ്ണൻ വ്യക്തമാക്കി. അതേ സമയം കിഫ്ബി റോഡുകൾക്ക് ടോൾ പിരിക്കുന്നതിൽ തീരുമാനമായില്ലെന്നായിരുന്നു സിപിഐഎം സംസ്ഥാന സെക്ര‌ട്ടറി എം വി ​ഗോവിന്ദൻ വ്യക്തമാക്കിയത്. അത് സംബന്ധിച്ച് ആലോചന നടക്കണമെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി ചൂണ്ടിക്കാണിച്ചു.

Also Read:

Kerala
'കൊലപാതക പ്രസംഗം നടത്തി'; കെ ആര്‍ മീരയ്‌ക്കെതിരെ പരാതി നല്‍കി രാഹുല്‍ ഈശ്വര്‍

എന്നാൽ കിഫ്ബി ടോൾ പ്രായോഗികമല്ലെന്നായിരുന്നു പ്രതിപക്ഷ നേതാവ് വിഡി സതീശൻ്റെ നിലപാട്. അതിനെക്കുറിച്ച് ഒരു സൂചനയും ലഭിച്ചിട്ടില്ലെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. 'ഞങ്ങൾക്ക് അതിനെക്കുറിച്ച് യാതൊരു സൂചനകളുമില്ല, ഞങ്ങളോട് സംസാരിച്ചിട്ടില്ല. കിഫ്ബി റോഡിൽ ടോൾ എന്നത് പ്രായോഗികമായ കാര്യമല്ല. അല്ലെങ്കിൽ തന്നെ ഇഷ്ടംപോലെ ടോൾ ഇവിടെയുണ്ട്. ടോൾ ഏർപ്പെടുത്തി റോഡ് പണിയുമെന്ന് പ്രഖ്യാപിച്ചിട്ട് വേണം നടപ്പിലാക്കാനെന്നുമായിരുന്നു വി ഡി സതീശൻ്റെ പ്രതികരണം. കിഫ്ബി റോഡുകളിൽ ടോൾ പിരിവ് അനുവദിക്കില്ലെന്നും ടോൾ പിരിച്ചാൽ ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും വി ഡി സതീശൻ മുന്നറിയിപ്പ് നൽകി.

കിഫ്‌ബി ഒരു വെള്ളാനയാണെന്ന് നേരത്തെ പറഞ്ഞതാണെന്നായിരുന്നു മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പ്രതികരണം. ടോൾ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുകയാണെന്നും വരുമാനം ഉണ്ടാക്കാനുള്ള പദ്ധതികൾ ഉണ്ടാക്കുകയാണ് വേണ്ടതെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി. കിഫ്‌ബി ഒരു ശാപമായി മാറുകയാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. കിഫ്‌ബി റോഡുമായി ബന്ധപ്പെട്ട് ഒരു കാരണവശാലും ടോൾ പിരിക്കാൻ പാടില്ലെന്ന് കോൺ​ഗ്രസ് നേതാവ് കെ മുരളീധരനും ആവശ്യപ്പെട്ടു. എല്ലാറ്റിലും കിഫ്‌ബി വന്നാൽ ടോൾ കൊടുത്ത് മുടിയുമെന്നും കെ മുരളീധരൻ ചൂണ്ടിക്കാണിച്ചു.

Also Read:

Kerala
ബാലരാമപുരത്തെ കുഞ്ഞിന്റെ കൊലപാതകം; കുഞ്ഞിനെ കൊലപ്പെടുത്തിയത് താനല്ലെന്ന് ഹരികുമാര്‍ കോടതിയില്‍

കിഫ്ബി ഫണ്ടിൽ സംസ്ഥാനത്ത് നിർമിക്കുന്ന റോഡുകളിൽ ടോൾപിരിവ് നടത്താൻ സർക്കാർ നീക്കം നടത്തുന്നതായ വിവരം നേരത്തെ പുറത്ത് വന്നിരുന്നു. 50 കോടിയിലേറെ രൂപ ചെലവിൽ കിഫ്ബി നിർമ്മിക്കുന്ന റോഡുകളിലും പാലങ്ങളിലും ടോൾ പിരിക്കാൻ ആലോചിക്കുന്നുവെന്നായിരുന്നു വിവരം. കിഫ്ബിയുടെ ശുപാർശ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ നിയമ, ധന മന്ത്രിമാർ പങ്കെടുത്ത യോഗം അം​ഗീകരിച്ചതായും കിഫ്ബി ഇത് സംബന്ധിച്ച പഠനം ആരംഭിച്ചതായും റിപ്പോർട്ടുകളുണ്ടായിരുന്നു. നേരത്തെ കേന്ദ്ര സർക്കാർ കിഫ്ബി എടുക്കുന്ന വായ്പകൾ സംസ്ഥാന സർക്കാരിൻ്റെ വായ്പാ പരിധിയിൽ ഉൾപ്പെടുത്തിയിരുന്നു. കിഫ്ബി നടപ്പിലാക്കുന്ന പദ്ധതികളിൽ നിന്ന് വരുമാനമില്ലെന്ന് കേന്ദ്രസർക്കാർ ചൂണ്ടിക്കാണിച്ചിരുന്നു. ഇത് മറികടക്കാനാണ് കിഫ്ബി നിർമ്മിക്കുന്ന റോഡുകളിലും പാലങ്ങളിലും ടോൾ ഏർപ്പെടുത്താൻ സംസ്ഥാന സർക്കാർ ആലോചിച്ചത്.

Content Highlights: Toll collection on Kiifbi roads finance minister denied it and the opposition criticized it

To advertise here,contact us