ദേവേന്ദുവിൻ്റെ കൊലപാതകം; പ്രതി ഹരികുമാർ ജുഡീഷ്യൽ കസ്റ്റഡിയിൽ

പ്രതിയെ ആശുപത്രിയിലേയ്ക്ക് അയക്കുന്ന കാര്യം കോടതി തീരുമാനിക്കും

തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ടര വയസുകാരിയെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയ കേസില്‍ പ്രതി ഹരികുമാർ വീണ്ടും ജുഡീഷ്യൽ കസ്റ്റഡിയിൽ. ചോദ്യം ചെയ്യലിനായി മൂന്ന് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ ഹരികുമാറിനെ വിട്ടെങ്കിലും പ്രതിക്ക് മാനസികാരോഗ്യം ഉണ്ടെന്നുള്ള സാക്ഷ്യപത്രം കോടതിയിൽ ഹാജരാക്കാൻ കഴിഞ്ഞില്ല. പ്രതിയെ മെഡിക്കൽ കോളേജിൽ പത്തു ദിവസമെങ്കിലും കിടത്തി ചികിത്സിക്കാതെ സർട്ടിഫിക്കറ്റ് നൽകാനാവില്ലെന്നാണ് ഡോക്ടർമാർ വ്യക്തമാക്കിയത്.

പ്രതിയെ ആശുപത്രിയിലേയ്ക്ക് അയക്കുന്ന കാര്യം കോടതി തീരുമാനിക്കും. അതേസമയം സാമ്പത്തിക കേസിൽ റിമാൻഡിൽ കഴിയുന്ന കുഞ്ഞിൻ്റെ അമ്മ ശ്രീതുവിനായി അന്വേഷണ സംഘം ഇന്ന് കസ്റ്റഡി അപേക്ഷ നൽകും. ശ്രീതുവിന് കുട്ടിയുടെ കൊലപാതകവുമായി ബന്ധമുണ്ടോ എന്ന് പറയാറായിട്ടില്ല എന്നും പൊലീസ് പറഞ്ഞു.

Also Read:

Kerala
സിഎസ്ആര്‍ ഫണ്ടിൻ്റെ പേരില്‍ കോടികള്‍ തട്ടിയ കേസ്; പ്രതി അനന്തു കൃഷ്ണനെ കസ്റ്റഡിയില്‍ വാങ്ങിയേക്കും

കഴിഞ്ഞ മാസം 27നായിരുന്നു ബാലരാമപുരത്ത് അരുംകൊല നടന്നത്. ബാലരാമപുരം സ്വദേശികളായ ശ്രീതുവിന്റെയും ശ്രീജിത്തിന്റെയും മകള്‍ ദേവേന്ദുവാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. കേസില്‍ ശ്രീതുവിന്റെ സഹോദരന്‍ ഹരികുമാറിനെ മാത്രമാണ് കൊലപാതകത്തില്‍ പ്രതി ചേര്‍ത്ത് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇയാള്‍ക്ക് മാനസിക സ്ഥിരതയില്ലെന്ന് എസ്പി കെ സുദര്‍ശന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

എന്നാൽ ഇതിനിടെ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട പരാതികളിൽ ദേവേന്ദുവിൻ്റെ അമ്മ ശ്രീതുവിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ദേവസ്വം ബോർഡിൽ ജോലി വാഗ്ദാനം ചെയ്താണ് തട്ടിപ്പ് നടത്തിയത്. .ദേവസ്വം ബോർഡിൽ താന്‍ സെക്ഷൻ ഓഫീസറാണ് എന്ന് പറഞ്ഞായിരുന്നു ശ്രീതു തട്ടിപ്പ് നടത്തിയത്. ദേവസ്വംബോർഡിൽ ഡ്രൈവറായി നിയമനം നൽകാമെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്. ദേവസ്വം ബോർഡ് സെക്ഷൻ ഓഫീസർ എന്ന പേരിൽ പരാതിക്കാരൻ ഷിജുവിന് വ്യാജ നിയമന ഉത്തരവ് നൽകി. പത്ത് ലക്ഷം രൂപയാണ് ശ്രീതു തട്ടിയെടുത്തത്.

Content Highlight : Devendu's murder; Accused Harikumar in judicial custody

To advertise here,contact us