ചോദ്യപേപ്പര്‍ ചോര്‍ച്ച; എംഎസ് സൊല്യൂഷന്‍സിലെ രണ്ട് അധ്യാപകര്‍ അറസ്റ്റില്‍

എംഎസ് സൊല്യൂഷന്‍സ് ഉടമ എംഎസ് ഷുഹൈബ് ചോദ്യപേപ്പര്‍ ചോര്‍ത്തിയെന്നാണ് ക്രൈംബ്രാഞ്ച് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയത്

കോഴിക്കോട്: ക്രിസ്മസ് പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ എംഎസ് സൊല്യൂഷന്‍സിലെ രണ്ട് അധ്യാപകര്‍ അറസ്റ്റില്‍. കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ചാണ് അധ്യാപകരായ പുതിയങ്ങാടി സ്വദേശി ജിഷ്ണു, മലപ്പുറം സ്വദേശി ഫഹദ് എന്നിവരെ കസ്റ്റഡിയിലെടുത്തത്. പുലര്‍ച്ചെ നാല് മണിയോടെ കൊടുവള്ളി വാവാട്ടെ താമസസ്ഥലത്തെത്തി കസ്റ്റഡിയില്‍ എടുക്കുകയുമായിരുന്നു. ഇവരാണ് യൂട്യൂബ് ചാനല്‍ വഴി ചോദ്യങ്ങള്‍ അവതരിപ്പിച്ചത്.

കേസെടുത്തതിന് പിന്നാലെ തമിഴ്നാട്ടിലും കർണാടകയിലും ഒളിവിൽ കഴിഞ്ഞ പ്രതികൾ നാട്ടിലെത്തിയ ശേഷം താമരശ്ശേരി വാവാടുള്ള ക്വാർട്ടേഴ്സിൽ താമസിച്ചുവരികയാണ്. ഇരുവരും കേസിലെ രണ്ടു മൂന്നും പ്രതികളാണ്. കേസിലെ ഒന്നാംപ്രതി എം എസ് സൊല്യൂഷൻസ് സി ഇ ഒ മുഹമ്മദ് ഷുഹൈബിന്റെ മുൻകൂർ ജാമ്യ അപേക്ഷ ഹൈക്കോടതിയുടെ പരിഗണനയിലാണ്. അപേക്ഷ തീർപ്പ് കൽപ്പിക്കും വരെ അറസ്റ്റ് പാടില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ഷുഹൈബ് നൽകിയ ചോദ്യങ്ങൾ അവതരിപ്പിക്കുക മാത്രമാണ് ചെയ്തതെന്നാണ് അറസ്റ്റിലായ അധ്യാപകർ നൽകിയിരിക്കുന്ന മൊഴി.

Also Read:

Kerala
സിപിഐഎം ഇടുക്കി ജില്ലാ സമ്മേളനം; മന്ത്രി റോഷി അഗസ്റ്റിനെതിരെ വിമർശനം

ഉടമ എംഎസ് ഷുഹൈബ് ചോദ്യപേപ്പര്‍ ചോര്‍ത്തിയെന്നാണ് ക്രൈംബ്രാഞ്ച് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയത്. പത്താം ക്ലാസ് രസതന്ത്ര പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നതായായിരുന്നു പരാതി. ആകെ 40 മാര്‍ക്കിന്റെ ചോദ്യങ്ങളില്‍ 32 മാര്‍ക്കിന്റെ ചോദ്യങ്ങളും എംഎസ് സൊല്യൂഷന്‍സിന്റെ യൂട്യൂബ് ചാനലില്‍ വന്നതായി പരാതി ഉണ്ടായിരുന്നു.

ചോദ്യപേപ്പറിലേതിന് സാമ്യമുള്ള ചോദ്യങ്ങളാണ് യൂട്യൂബ് ചാനലില്‍ വന്നത്. ചോദ്യങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ലഭ്യമാക്കാന്‍ പണം ആവശ്യപ്പെട്ടതായും കെഎസ് യു ആരോപിച്ചിരുന്നു. ആരോപണം ഉയര്‍ന്നതിന് പിന്നാലെ എംഎസ് സൊല്യൂഷന്‍സ് യൂട്യൂബ് ചാനല്‍ താല്‍കാലികമായി പ്രവര്‍ത്തനം അവസാനിപ്പിച്ചിരുന്നു.

Content Highlights: Question paper Leak Two Teachers of M S Solutions Are arrested

To advertise here,contact us