മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതരുടെ പുനരധിവാസം; സംസ്ഥാന സർക്കാർ സ്വന്തം നിലയിൽ തുക കണ്ടെത്തണമെന്ന് കേന്ദ്രം

പുനരധിവാസത്തിൽ കേന്ദ്ര സഹായത്തിനായി കാത്തിരിക്കരുതെന്ന് സംസ്ഥാന സർക്കാരിനോട് ഹൈക്കോടതി നി‍ർദ്ദേശിച്ചു

കൊച്ചി: മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതരുടെ പുനരധിവാസത്തിന് സംസ്ഥാന സർക്കാർ സ്വന്തം നിലയിൽ തുക കണ്ടെത്തണമെന്ന് കേന്ദ്ര സർക്കാർ. ഹൈക്കോടതിയിലാണ് കേന്ദ്ര സർക്കാർ നിലപാട് വ്യക്തമാക്കിയത്. സംസ്ഥാനം പൂർണ്ണമായും കേന്ദ്ര സർക്കാരിനെ ആശ്രയിക്കരുതെന്നും കേന്ദ്രം ഹൈക്കോടതിയിൽ നിലപാടെടുത്തു. പുനരധിവാസത്തിൽ കേന്ദ്ര സഹായത്തിനായി കാത്തിരിക്കരുതെന്ന് സംസ്ഥാന സർക്കാരിനോട് ഹൈക്കോടതി നി‍ർദ്ദേശിച്ചു. സംസ്ഥാന ദുരന്ത നിവാരണ ഫണ്ടിലെ മൂക്കാൽ ഭാഗം ചെലവഴിച്ച ശേഷം അറിയിക്കാനും ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൻ്റെ നിർദ്ദേശം.

വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സ്വമേധയാ സ്വീകരിച്ച ഹർജി പരിഗണിക്കവെയായിരുന്നു ഹൈക്കോടതിയുടെ നിർദ്ദേശം. ജസ്റ്റിസുമാരായ ഡോ. എകെ ജയശങ്കരൻ നമ്പ്യാർ, എസ് ഈശ്വരൻ എന്നിവർ ഉൾപ്പെട്ട ബെഞ്ചിന്റേതാണ് നടപടി.

മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളണമെന്ന ആവശ്യത്തിൽ രണ്ടാഴ്ചയ്ക്കുള്ളിൽ തീരുമാനം അറിയിക്കാമെന്ന് കേന്ദ്ര സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. വായ്പയ്ക്ക് കൊവിഡ് കാലത്ത് പോലും മൊറട്ടോറിയം മാത്രമാണ് നൽകിയതെന്നും കേന്ദ്ര സർക്കാർ ഹൈക്കോടതിയിൽ ചൂണ്ടിക്കാട്ടി.

Also Read:

Kerala
ദാ വരുന്നു കെ ഹോം; ലോകമാതൃക കടമെടുത്ത് ചെറിയ ചെലവില്‍ താമസം

മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളുന്നതിൽ തീരുമാനം അറിയിക്കണമെന്ന് കേന്ദ്ര സർക്കാരിനോട് നേരത്തെ ഹൈക്കോടതി നി‍ർദ്ദേശിച്ചിരുന്നു. ഒരാഴ്ചയ്ക്കകം അറിയിക്കണമെന്നായിരുന്നു ഡിവിഷൻ ബെഞ്ചിന്റെ വാക്കാലുള്ള നിർദ്ദേശം. വായ്പ എഴുതിത്തള്ളുന്നതിൽ കേന്ദ്ര സർക്കാർ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്ന് സംസ്ഥാന സർക്കാരും അമിക്കസ് ക്യൂറിയും ഹൈക്കോടതിയെ അറിയിച്ചിരുന്നു. ദുരന്തബാധിതരുടെ വ്യക്തി​ഗത ലോണുകളും മോട്ടോർ വാഹന ലോണുകളും ഹൗസിം​ഗ് ലോണുകളും എഴുതി തള്ളാൻ കഴിയുമോയെന്ന് കേന്ദ്ര സർക്കാരിനോടും ദേശീയ ദുരന്തനിവാരണ അതോറിറ്റിയോടും കഴിഞ്ഞ വർഷം സെപ്തംബറിൽ ഹൈക്കോടതി ചോദിച്ചിരുന്നു.

Content Highlights: state government should find its own amount for the Rehabilitation of Mundakai disaster victims

To advertise here,contact us