ആരെങ്കിലും ഒപ്പം ഫോട്ടോ എടുത്താൽ കുറ്റക്കാരനാകുമോ, ആനന്ദകുമാർ എകെജി സെൻ്ററിൽ വന്നിട്ടുണ്ട്: എംവി ​ഗോവിന്ദൻ

'കോൺഗ്രസിൽ എല്ലാവർക്കും മുഖ്യമന്ത്രിയാകണം'

തിരുവനന്തപുരം: ആരെങ്കിലും ഒപ്പം നിന്ന് ഫോട്ടോ എടുത്താൽ അവർ കുറ്റക്കാരനാകുമോയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. പകുതി വില തട്ടിപ്പ് കേസില്‍ എന്‍ജിഒ കോണ്‍ഫെഡറേഷന്‍ ചെയര്‍മാന്‍ ആനന്ദകുമാർ എകെജി സെന്ററിൽ വന്നിട്ടുണ്ടെന്നും ഒരു ചോദ്യത്തിന് മറുപടിയായി എം വി ഗോവിന്ദൻ വ്യക്തമാക്കി. തട്ടിപ്പിൽ ഏതെങ്കിലും നേതാവിന് പങ്ക് ഉണ്ടെങ്കിൽ നടപടി എടുക്കുമെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു. എ വിജയരാഘവനുമൊത്തുള്ള ആനന്ദകുമാറിന്റെ ഫോട്ടോയെ കുറിച്ചുളള ചോദ്യത്തിനായിരുന്നു എം വി ​ഗോവിന്ദൻ്റെ മറുപടി.

പാതിവില തട്ടിപ്പിൽ കോൺഗ്രസ്, ബിജെപി, മുസ്‌ലിം ലീഗ് എന്നീ പാർട്ടികൾ ജനങ്ങളെ കൊള്ളയടിക്കാൻ വേണ്ടി കൂട്ടുനിന്നു. സമ്പത്തിനോട് ആർത്തിയുളളതുകൊണ്ടാണ് എംഎൽഎ അടക്കം പ്രതിയായത്. തട്ടിപ്പുകാരെ ന്യായീകരിക്കാൻ സുധാകരനും, സതീശനും രംഗത്ത് വന്നു. ഇപ്പോഴവർക്ക് ന്യായീകരിക്കാൻ പറ്റാത്ത സാഹചര്യത്തിലേക്ക് വന്നിട്ടുണ്ടെന്നും എം വി ​ഗോവിന്ദൻ വിമർശിച്ചു.

കോൺഗ്രസിൽ എല്ലാവർക്കും മുഖ്യമന്ത്രിയാകണമെന്നും എം വി ഗോവിന്ദൻ വിമർശിച്ചു. ഭൂരിപക്ഷം കിട്ടിയാലല്ലേ സർക്കാർ ഉണ്ടാക്കാൻ കഴിയുക. സതീശൻ, ചെന്നിത്തല, കെ സി വേണു​ഗോപാൽ, സുധാകരൻ, ശശി തരൂർ എന്നിവർ മുഖ്യമന്ത്രിയാകാൻ നോക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഡൽഹിയിൽ ബിജെപിയെ അധികാരത്തിൽ എത്തിച്ചത് കോൺഗ്രസാണെന്നും എം വി ​ഗോവിന്ദൻ വിമർശിച്ചു.

സംസ്ഥാന സർക്കാർ ബ്രൂവറി പദ്ധതിയുമായി മുന്നോട്ട് പോകും, ഇതിനിടക്ക് ചർച്ചകൾ നടക്കുമെന്നും എം വി ​ഗോവിന്ദൻ വ്യക്തമാക്കി. ഭൂമി തരം മാറ്റൽ നിരസിച്ചത് സിപിഐയുടെ എതിർപ്പായി കാണുന്നില്ല. ഉദ്യോഗസ്ഥരല്ലെ തീരുമാനം എടുത്തത്. സിപിഐക്ക് എന്ത് സ്പിരിറ്റ്. നൂറ് കോടി വരും, ഇവിടെ തൊഴിൽ കിട്ടുമെന്നും എം വി ​ഗോവിന്ദൻ അഭിപ്രായപ്പെട്ടു.

കിഫ്ബിയിൽ ടോൾ പിരിക്കാൻ തീരുമാനിച്ചിട്ടില്ലെന്നും എം വി ​ഗോവിന്ദൻ പറഞ്ഞു. ടോളിനോട് ഇടതുപക്ഷം പൊതുവെ അനുകൂലമല്ല, അതുകൊണ്ടാണ് പൊതുമരാമത്ത് ടോൾ എടുത്ത് കളഞ്ഞത്. കിഫ്ബി കടം എങ്ങനെ വീട്ടും എന്നത് പ്രധാനപ്പെട്ടതാണ്. ഇനി ടോൾ വന്നാൽ കൂട്ടായി മാത്രമേ തീരുമാനിക്കൂ. കിഫ്ബി നല്ല നിലയിൽ മുന്നേറുന്നുണ്ട്. 90000 കോടിയുടെ വികസന പദ്ധതികളാണ് കിഫ്ബി വഴി നടപ്പിലാക്കുക. കിഫ്ബിയോട് പ്രതിപക്ഷത്തിന് വിരോധമാണ്, ആകാശകുസുമം എന്ന് വരെ വിളിച്ചുവെന്നും തകർക്കാനാണ് ശ്രമമെന്നും എം വി ​ഗോവിന്ദൻ പറഞ്ഞു.

Also Read:

Kerala
'എനിക്കൊരു സ്വപ്നമുണ്ട്, ഒരു കേസുകൊണ്ടും പിറകോട്ട് പോവില്ല'; കേസില്‍ നജീബ് കാന്തപുരം എംഎല്‍എ

കേരളത്തോട് കേന്ദ്രം യുദ്ധപ്രഖ്യാപനം നടത്തുന്നു, ബജറ്റ് അതാണ് മനസിലാക്കി തരുന്നതെന്നും എം വി ​ഗോവിന്ദൻ അഭിപ്രായപ്പെട്ടു. സുരേഷ് ഗോപിക്ക് കേരളത്തോട് വംശീയമായ ഭ്രാന്താണെന്നും അദ്ദേഹം വിമർശിച്ചു. ശുദ്ധ വിവരക്കേടാണ് സംസ്ഥാനത്തിനെതിരെ അവർ പറയുന്നത്. കേരളത്തോടുളള സമീപനത്തിൽ കേന്ദ്ര വിരുദ്ധ സമരം നടത്തും. ഫെബ്രുവരി 19 മുതൽ 23 വരെ കാൽനട ജാഥയും 25 ന് ജില്ല കേന്ദ്രങ്ങളിൽ കേന്ദ്ര ഓഫീസ് ഉപരോധിക്കുമെന്നും എം വി ​ഗോവിന്ദൻ അറിയിച്ചു.

പ്രായ പരിധി എല്ലാവർക്കും നടപ്പിലാക്കുമെന്നും എം വി ​ഗോവിന്ദൻ അറിയിച്ചു. മുഖ്യമന്ത്രിയാകുന്നവർക്കും പ്രായപരിധി നിശ്ചയിക്കുമോ എന്ന ചോദ്യത്തിന് ആർക്കെങ്കിലും ഇളവ് വേണമോയെന്ന് പാർട്ടി പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. എല്ലാ ജില്ലകളിലും ഏകകണ്ഠമായാണ് ജില്ല സെക്രട്ടറിമാരെ തിരഞ്ഞെടുത്തത്. മാർച്ച് 6,7,8,9 തീയതികളിലാണ് സംസ്ഥാന സമ്മേളനം നടത്തുക. ഇതുമായി ബന്ധപ്പെട്ടുളള അനുബന്ധ പരിപാടികൾ ആരംഭിച്ചിട്ടുണ്ട്. മാർച്ച് ഒന്നിന് എം സ്വരാജ് നയിക്കുന്ന പതാക ജാഥ കയ്യൂരിൽ നിന്ന് തുടങ്ങും. പി കെ ബിജു നയിക്കുന്ന ദീപശിഖ ജാഥ വയലാറിൽ നിന്ന് ആരംഭിക്കുമെന്നും എം വി ഗോവിന്ദൻ കൂട്ടിച്ചേർത്തു.

Content Highlights: MV Govindan says Ananda Kumar Visit AKG Centre

To advertise here,contact us