സമസ്ത-ലീഗ് തർക്കത്തിന് ഉടൻ പരിഹാരമാകും, ഉമ്മർ ഫൈസിയുമായി കൂടിക്കാഴ്ച നടത്തി പിരിഞ്ഞു; സാദിഖലി ശിഹാബ് തങ്ങൾ

'ഉമ്മർ ഫൈസി മുക്കവുമായി കൂടിക്കാഴ്ച നടത്തി, സലാം പറഞ്ഞ് പിരിഞ്ഞു'

മലപ്പുറം: സമസ്ത- മുസ്‌ലിം ലീ​ഗ് തർക്കത്തിന് ഉടൻ പരിഹാരമാകുമെന്ന് മുസ്‌ലിം ലീ​ഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങൾ. ഇക്കാര്യവുമായി ബന്ധപ്പെട്ട് സമസ്തയുടെ ഉത്തരവാദിത്തപ്പെട്ടവരോട് ചർച്ച ചെയ്തു കൊണ്ടിരിക്കുന്നു. രണ്ട് ദിവസത്തിനകം പരിഹാരമാകുമെന്നും സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു.

ഉമ്മർ ഫൈസി മുക്കവുമായി കൂടിക്കാഴ്ച നടത്തിയെന്നും സാദിഖലി തങ്ങൾ സ്ഥിരീകരിച്ചു. ഞങ്ങൾ തമ്മിൽ കണ്ടു, സലാം പറഞ്ഞ് പിരിഞ്ഞു. വിവാദ വിഷയങ്ങളൊന്നും കൂടിക്കാഴ്ചയിൽ സംസാരിച്ചില്ലെന്നും സാദിഖലി ശിഹാബ് തങ്ങൾ വ്യക്തമാക്കി.

സമസ്തയെയും സമസ്ത പ്രസിഡന്റ് ജിഫ്രി തങ്ങളേയും വിമർശിച്ചതിന് കഴിഞ്ഞ ദിവസം മുശാവറ അംഗം മുസ്തഫൽ ഫൈസിയെ സസ്പെൻഡ് ചെയ്തിരുന്നു. ഇക്കാര്യത്തിൽ ലീഗ് അതൃപ്തി അറിയിച്ചിരുന്നു. തീരുമാനം റദ്ദാക്കണമെന്ന് മുസ്‌ലിം ലീഗ് ആവശ്യപ്പെടുകയും ചെയ്തു. ഉമര്‍ ഫൈസി മുക്കത്തിനെതിരെ നടപടി എടുക്കാത്തതിലും അതൃപ്തി അറിയിച്ചു.

Also Read:

Kerala
സമവായമാകാതെ മുസ്‌ലിം ലീഗ്-സമസ്ത തര്‍ക്കം; മുസ്തഫല്‍ ഫൈസിയെ സസ്‌പെന്‍ഡ് ചെയ്തതില്‍ അതൃപ്തി

എന്നാൽ ലീഗും സമസ്തയും തമ്മില്‍ വലിയ സൗഹൃദമാണുള്ളതെന്ന് സമസ്തയിറക്കിയ പ്രസ്താവനയിൽ പറഞ്ഞിരുന്നു. സൗഹൃദം തകര്‍ക്കാനുള്ള പ്രചാരണമാണ് നടക്കുന്നതെന്ന് പ്രസ്താവനയില്‍ പറയുന്നു. മത പണ്ഡിതന്മാരെയും സമസ്തയെയും സമസ്ത പ്രസിഡന്റിനെയും വളരെയധികം ഇകഴ്ത്തി പ്രസംഗിച്ചതിനാണ് എംപി മുസ്തഫല്‍ ഫൈസിയെ സസ്‌പെൻഡ് ചെയ്തതെന്ന് സമസ്ത നേതൃത്വം പ്രസ്താവനയില്‍ പറയുന്നു.

ചില മാധ്യമങ്ങള്‍ വിഷയം മറ്റൊരു ദിശയിലേക്ക് തിരിച്ചുവിടുകയാണെന്നും സമസ്ത പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, ജനറല്‍ സെക്രട്ടറി പ്രൊ. കെ ആലികുട്ടി മുസ്‌ലിയാര്‍ എന്നിവര്‍ പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിൽ വിമര്‍ശിച്ചിരുന്നു.

Content Highlights: Sadiq Ali Shihab Thangal Says Problem Between Muslim League and Samastha is Solve Suddenly

To advertise here,contact us