'അനന്തു കൃഷ്ണൻ നാട്ടുകാരനാണെന്ന് ഇപ്പോഴാണ് അറിയുന്നത്, പണം വാങ്ങിയിട്ടില്ല'; ഫ്രാൻസിസ് ജോർജ് എം പി

'പ്രതിയുടെ കയ്യിൽ നിന്ന് ഒരു രൂപ പോലും വാങ്ങിയിട്ടില്ല'

ന്യൂഡൽഹി: പാതി വില തട്ടിപ്പ് കേസിലെ പ്രതി അനന്തു കൃഷ്ണനെ തനിക്ക് അറിയില്ലെന്ന് ഫ്രാൻസിസ് ജോർജ് എം പി. പ്രതിയുടെ പക്കലിൽ നിന്ന് താൻ പണം വാങ്ങിയിട്ടില്ല. തനിക്കെതിരെ വന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും ഫ്രാൻസിസ് ജോർജ് എം പി പറഞ്ഞു.

അനന്തു കൃഷ്ണൻ തന്റെ നാട്ടുകാരനാണെന്ന് താൻ ഇപ്പോഴാണ് അറിഞ്ഞതെന്നും എം പി പറഞ്ഞു. ആരോപണത്തിൽ നിയമനടപടികൾ പാർട്ടിയോട് ആലോചിച്ചു തീരുമാനിക്കും. പ്രതിയുടെ കയ്യിൽ നിന്ന് ഒരു രൂപ പോലും വാങ്ങിയിട്ടില്ലെന്നും എം പി കൂട്ടിച്ചേർത്തു.

പാതിവില തട്ടിപ്പ് കേസിൽ രാഷ്ട്രീയ നേതാക്കൾക്ക് പണം നൽകിയെന്ന് പൊലീസ് കസ്റ്റഡിയിലുള്ള പ്രതി അനന്തു കൃഷ്ണൻ മൊഴി നൽകിയിരുന്നു. ഇന്നലെ നടന്ന തെളിവെടുപ്പിന് ശേഷമായിരുന്നു അനന്തു കൃഷ്ണൻ പൊലീസിന് നിർണ്ണായക മൊഴി നൽകിയത്. എറണാകുളം ജില്ലയിലെ ഒരു എംഎൽ ഏഴ് ലക്ഷം രൂപ, ഇടുക്കി എം പി ഡീൻ കുര്യാക്കോസിന് 45 ലക്ഷം രൂപ, സിപിഐഎം ഇടുക്കി ജില്ലാ സെക്രട്ടറി സി വി വർ​ഗീസിന് 25 ലക്ഷം രൂപ, കോട്ടയം എം പി ഫ്രാൻസിസ് ജോർജിന് 10 ലക്ഷം രൂപ എന്നിങ്ങനെ കൈമാറിയെന്നാണ് അനന്തു കൃഷ്ണൻ പൊലീസിന് മൊഴി നൽകിയത്. മൂവാറ്റുപുഴയിലെ യുവ കോൺഗ്രസ് നേതാവിന് 5 ലക്ഷം രൂപ കൈവായ്പയായി നൽകിയെന്നും മൊഴിയുണ്ട്.

Also Read:

Health
ജിമ്മില്‍ പോകാതെ ഫിറ്റ്‌നസ് നിലനിര്‍ത്താനാകുമോ? ഇതാ അഞ്ച് വഴികള്‍

മാത്യു കുഴൽനാടൻ എംഎൽഎയ്ക്ക് പണം ബാങ്കിലേയ്ക്ക് നൽകാമെന്ന് പറഞ്ഞെങ്കിലും പണമായി കൈമാറിയാൽ മതിയെന്ന് അദ്ദേഹം ആവശ്യപ്പെട്ടെന്നും അനന്തു കൃഷ്ണൻ മൊഴി നൽകിയിരുന്നു. ഇടുക്കി എംഎൽഎ ഡീൻ കുര്യാക്കോസിന് കൈമാറിയ 45 ലക്ഷം രൂപയിൽ 15 ലക്ഷം തിരഞ്ഞെടുപ്പ് ഫണ്ടിലേയ്ക്കും ബാക്കി 30 ലക്ഷം രൂപ വ്യക്തിപരമായും കൈമാറിയെന്നാണ് മൊഴി.

സിപിഐഎം ഇടുക്കി ജില്ലാ സെക്രട്ടറി സി വി വർ​ഗീസിന് 25 ലക്ഷം രൂപ കൈമാറിയെന്നും മൊഴിയിൽ പറയുന്നു. തങ്കമണി സർവീസ് സഹകരണ ബാങ്കിലേയ്ക്ക് പണം അയച്ചുവെന്നാണ് മൊഴി. അവിടേയ്ക്ക് അയച്ചാൽ മറ്റാരുടെയെങ്കിലും പേരിൽ മാറ്റിയെടുക്കാമെന്ന് സി വി വർ​ഗീസ് പറഞ്ഞുവെന്നും മൊഴിയിലുണ്ട്. സി വി വർഗീസും മാത്യു കുഴൽനാടനും അനന്തു കൃഷ്ണന്റെ ആരോപണം നിഷേധിച്ചിട്ടുണ്ട്.

Content Highlights: Francis George MP Says He Don't Know Anandu Krishnan who the Half Price Fraud Case Accused

To advertise here,contact us