പാതിവില തട്ടിപ്പ് കേസ്; അന്വേഷണം ക്രൈംബ്രാഞ്ചിന്, പൊലീസ് മേധാവിയുടെ ഉത്തരവ് പുറത്തിറങ്ങി

സംസ്ഥാനത്ത് ഇതുവരെ 34 കേസുകളാണ് രജിസ്റ്റർ ചെയ്തത്

തിരുവനന്തപുരം: പാതിവില തട്ടിപ്പ് കേസ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. പൊലീസ് മേധാവിയുടെ ഉത്തരവ് പുറത്തിറങ്ങി.സംസ്ഥാനത്ത് ഇതുവരെ 34 കേസുകളാണ് രജിസ്റ്റർ ചെയ്തത്. സായി ഗ്രാം ഗ്ലോബൽ ട്രസ്റ്റ് ചെയർമാൻ ആനന്ദകുമാർ വഴിയായിരുന്നു അനന്തുവിന്‍റെ പണമിടപാടുകൾ. 34,000 പേര്‍ തട്ടിപ്പിന് ഇരയായെന്നാണ് നിഗമനം. മുഖ്യമന്ത്രിയുടെ ഓഫീസും എംഎല്‍എമാരും ജനപ്രതിനിധികളും അടക്കം നിരവധി ഉന്നതരെല്ലാം സംശയനിഴലിലാണ്.

നന്ദകുമാർ പറഞ്ഞത് പ്രകാരം കോടികൾ കൈമാറിയെന്ന് അനന്തുകൃഷ്ണന്റെ മൊഴി നല്‍കിയിട്ടുണ്ട്. തട്ടിപ്പിന്‍റെ ആസൂത്രണത്തിലും ആനന്ദകുമാറിന് പങ്കുണ്ട്. സംഭവത്തില്‍ ആനന്ദകുമാറിനെ ഉടൻ ചോദ്യം ചെയ്യുമെന്നാണ് വിവരം. തട്ടിപ്പ് നടന്ന ജില്ലകളിൽ എല്ലാ രാഷ്ട്രീയ പാർട്ടികളും പണംവാങ്ങിയെന്നും അനന്തു മൊഴിയിൽ പറയുന്നു.

അതേസമയം, കേസിൽ തനിക്കെതിരായ ആരോപണങ്ങൾ തെറ്റെന്ന് മാത്യു കുഴൽനാടൻ എംഎൽഎ പറഞ്ഞു. അനന്തു കൃഷ്ണനിൽ നിന്ന് ഒരു രൂപ പോലും വാങ്ങിയിട്ടില്ലെന്ന് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. പൊലീസ് ഉദ്യോഗസ്ഥനുമായി സംസാരിച്ചു. ഈ സമയം വരെ തൻ്റെ പേര് മൊഴിയിൽ ഇല്ലെന്നാണ് പൊലീസ് പറഞ്ഞത്. ഒരു അടിസ്ഥാനവും ഇല്ലാതെയാണ് തനിക്കെതിരെയുള്ള വാർത്തയെന്നും അദ്ദേഹം പ്രതികരിച്ചു. കൈരളി പോലും നൽകാത്ത വാർത്തയാണ് റിപ്പോർട്ടർ നൽകുന്നതെന്നും മാത്യു കുഴൽനാടൻ കുറ്റപ്പെടുത്തി.

Also Read:

Kerala
അനന്തു കൃഷ്ണനിൽ നിന്നും ഒരു രൂപ പോലും വാങ്ങിയിട്ടില്ല; ആരോപണങ്ങൾ തെറ്റെന്ന് മാത്യു കുഴൽനാടൻ എംഎൽഎ

പാതിവില തട്ടിപ്പ് കേസിൽ രാഷ്ട്രീയ നേതാക്കൾക്ക് പണം നൽകിയെന്ന് പൊലീസ് കസ്റ്റഡിയിലുള്ള പ്രതി അനന്തു കൃഷ്ണൻ മൊഴി നൽകിയിരുന്നു. എറണാകുളം ജില്ലയിലെ ഒരു എംഎൽ ഏഴ് ലക്ഷം രൂപ, ഇടുക്കി എം പി ഡീൻ കുര്യാക്കോസിന് 45 ലക്ഷം രൂപ, സിപിഐഎം ഇടുക്കി ജില്ലാ സെക്രട്ടറി സി വി വർ​ഗീസിന് 25 ലക്ഷം രൂപ, കോട്ടയം എം പി ഫ്രാൻസിസ് ജോർജിന് 10 ലക്ഷം രൂപ എന്നിങ്ങനെ കൈമാറിയെന്നാണ് അനന്തു കൃഷ്ണൻ പൊലീസിന് മൊഴി നൽകിയത്. മൂവാറ്റുപുഴയിലെ യുവ കോൺഗ്രസ് നേതാവിന് 5 ലക്ഷം രൂപ കൈവായ്പയായി നൽകിയെന്നും മൊഴിയുണ്ട്. ഇന്നലെ നടന്ന തെളിവെടുപ്പിന് ശേഷമായിരുന്നു അനന്തു കൃഷ്ണൻ പൊലീസിന് നിർണ്ണായക മൊഴി നൽകിയത്.

മാത്യു കുഴൽനാടൻ എംഎൽഎയ്ക്ക് പണം ബാങ്കിലേയ്ക്ക് നൽകാമെന്ന് പറഞ്ഞെങ്കിലും പണമായി കൈമാറിയാൽ മതിയെന്ന് അദ്ദേഹം ആവശ്യപ്പെട്ടെന്നും അനന്തു കൃഷ്ണൻ മൊഴി നൽകിയിരുന്നു. ഇടുക്കി എംഎൽഎ ഡീൻ കുര്യാക്കോസിന് കൈമാറിയ 45 ലക്ഷം രൂപയിൽ 15 ലക്ഷം തിരഞ്ഞെടുപ്പ് ഫണ്ടിലേയ്ക്കും ബാക്കി 30 ലക്ഷം രൂപ വ്യക്തിപരമായും കൈമാറിയെന്നാണ് മൊഴി. സിപിഐഎം ഇടുക്കി ജില്ലാ സെക്രട്ടറി സി വി വർ​ഗീസിന് 25 ലക്ഷം രൂപ കൈമാറിയെന്നും മൊഴിയിൽ പറയുന്നു. തങ്കമണി സർവീസ് സഹകരണ ബാങ്കിലേയ്ക്ക് പണം അയച്ചുവെന്നാണ് മൊഴി. അവിടേയ്ക്ക് അയച്ചാൽ മറ്റാരുടെയെങ്കിലും പേരിൽ മാറ്റിയെടുക്കാമെന്ന് സി വി വർ​ഗീസ് പറഞ്ഞുവെന്നും മൊഴിയിലുണ്ട്. സി വി വർഗീസും തനിക്കെതിരെ ഉയർന്ന ആരോപണം നിഷേധിച്ചിട്ടുണ്ട്.

Content Highlights: Half Price Fraud Case Investigation to crime branch

To advertise here,contact us