'വിളിച്ചറിയിക്കാൻ ഫോൺ ഉണ്ടായിരുന്നില്ല; രാത്രി പേടിച്ച് കഴിഞ്ഞു'; മാനുവിനെ കാട്ടാന കൊന്നതിന് സാക്ഷിയായി ബന്ധു

കാട്ടാന മാനുവിനെ ആക്രമിക്കുന്നത് നോക്കി നില്‍ക്കാന്‍ മാത്രമേ സത്യഭാമയ്ക്ക് കഴിഞ്ഞുള്ളൂ

സുല്‍ത്താന്‍ ബത്തേരി: വയനാട് നൂല്‍പ്പുഴയില്‍ ആദിവാസി യുവാവ് മാനുവിനെ കാട്ടാന ആക്രമിച്ച് കൊല്ലുന്നതിന് സാക്ഷിയായി ബന്ധുവായ സത്യഭാമ. ഇന്നലെ രാത്രി സത്യഭാമ വീടിന് സമീപത്ത് നിന്ന് അരി കഴുകുമ്പോഴായിരുന്നു കാട്ടാന മാനുവിനെ ആക്രമിക്കുന്നത്. മാനുവിന്റെ കുട്ടികള്‍ സത്യഭാമയുടെ വീട്ടിലായിരുന്നു ഉണ്ടായിരുന്നത്. കുട്ടികള്‍ക്ക് ബിസ്‌കറ്റ് വാങ്ങി സത്യഭാമയുടെ വീട്ടിലേയ്ക്ക് വരുമ്പോഴായിരുന്നു കാട്ടാനയുടെ ആക്രമണം. കാട്ടാന മാനുവിനെ ആക്രമിക്കുന്നത് നോക്കി നില്‍ക്കാന്‍ മാത്രമേ സത്യഭാമയ്ക്ക് കഴിഞ്ഞുള്ളൂ.

Also Read:

Kerala
നൂൽപ്പുഴ കാട്ടാന ആക്രമണം; കൊല്ലപ്പെട്ട മാനുവിൻ്റെ ഭാര്യ ചന്ദ്രികയെ കണ്ടെത്തി, സുരക്ഷിത

സത്യഭാമയുടെ കൈവശം ഫോണ്‍ ഇല്ലാതിരുന്നതിനാല്‍ വിവരം ആരെയും വിളിച്ചറിയിക്കാന്‍ സാധിച്ചില്ല. കാട്ടാന പ്രദേശത്ത് തന്നെ നിലയുറപ്പിച്ചതിനാല്‍ സത്യഭാമയ്ക്ക് പുറത്തിറങ്ങാനും കഴിഞ്ഞില്ല. കുട്ടികള്‍ക്കൊപ്പം രാത്രിയില്‍ വീട്ടില്‍ പേടിച്ച് കഴിഞ്ഞു. നേരം പുലര്‍ന്ന ശേഷമാണ് സത്യഭാമ അയല്‍വാസികളെ വിവരം അറിയിച്ചത്. ഈ സമയം മാനുവിന് ജീവന്‍ നഷ്ടപ്പെട്ടിരുന്നു. മാനുവിന്റെ കുടുംബത്തിന് സഹായധനമായി പത്ത് ലക്ഷം രൂപ നല്‍കുമെന്ന് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. ഇതിന്റെ ആദ്യ ഗഡുവായ അഞ്ച് ലക്ഷം രൂപ ഇന്ന് തന്നെ കൈമാറും.

കാട്ടാന ആക്രമണം നടന്ന നൂല്‍പ്പുഴ കാപ്പാട് വന്യമൃഗങ്ങളുടെ വിഹാരകേന്ദ്രമാണെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. വൈകിട്ട് അഞ്ച് മണിയാകുമ്പോഴേക്കും വീടുകള്‍ക്ക് സമീപം കാട്ടാന എത്തും. പിന്നീട് പുറത്തിറങ്ങാന്‍ സാധിക്കില്ല. വേലിയും ട്രഞ്ചും നന്നാക്കണമെന്ന് വനംവകുപ്പിനോട് നിരന്തരം ആവശ്യപ്പെടുന്നുണ്ടെങ്കിലും പരിഹാരമില്ലെന്നും പ്രദേശവാസികള്‍ ആരോപിച്ചു. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ വയനാട് വന്യജീവി സങ്കേതത്തിന്റെ പരിധിയില്‍ മാത്രം വന്യജീവി ആക്രമണത്തില്‍ 22 പേരാണ് കൊല്ലപ്പെട്ടത്. 2014 മുതല്‍ 2024 വരെയുള്ള കണക്ക് പ്രകാരമാണിത്. ഈ കാലയളവില്‍ 58ഓളം പേര്‍ക്ക് വന്യജീവി ആക്രമണത്തില്‍ പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

Content Highlights- relative winess to elephant kill man in wayanad

To advertise here,contact us