ഡോ. വന്ദന ദാസ് കൊലപാതക കേസ്; വിചാരണ നടപടികൾക്ക് ഇന്ന് തുടക്കം

പ്രതിക്ക് സന്ദീപിന് മാനസിക പ്രശ്നങ്ങൾ ഇല്ലെന്ന് മെഡിക്കൽ ബോർഡ് റിപ്പോർട്ട് നൽകിയതിന് പിന്നാലെയാണ് വിചാരണ നടപടികൾ ആരംഭിക്കുന്നത്

കൊല്ലം: ഏറെ കോളിളക്കം സൃഷ്ടിച്ച കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഡോക്ടർ വന്ദന ദാസ് കൊലപാതക കേസിൽവിചാരണ നടപടികൾ ഇന്ന് ആരംഭിക്കും. പ്രതിയായ സന്ദീപിന് മാനസിക പ്രശ്നങ്ങൾ ഇല്ലെന്ന് മെഡിക്കൽ ബോർഡ് റിപ്പോർട്ട് നൽകിയതിന് പിന്നാലെയാണ് വിചാരണ നടപടികൾ ആരംഭിക്കുന്നത്. 131 സാക്ഷികൾ ഉള്ള കേസിലെ ആദ്യത്തെ 50 സാക്ഷികളുടെ വിസ്താരമാണ് ഇന്ന് ആരംഭിക്കുന്നത്. മാനസികനില പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സന്ദീപ് നൽകിയ ഹർജിയുടെ അടിസ്ഥാനത്തിൽ പരിശോധന നടത്തിയിരുന്നു. മാനസിക നിലയിൽ തകരാറില്ല എന്നാണ് റിപ്പോർട്ട് ലഭിച്ചത്. ഇതിന് പിന്നാലെയാണ് ഡോ. വന്ദന ദാസ് കൊലപാതക കേസിന്റെ വിചാരണ നടപടികൾ ഇന്ന് കൊല്ലം അഡീഷനൽ സെഷൻസ് കോടതിയിൽ തുടങ്ങുന്നത്.

കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡ്യൂട്ടിയിലിരിക്കെ 2023 മെയ് 10നാണ് ഡോ വന്ദനദാസ് കൊല്ലപ്പെടുന്നത്. വൈദ്യപരിശോധനയ്ക്കായി എത്തിച്ചപ്പോൾ പ്രതി സന്ദീപ് ദാസ് വന്ദനയെ കുത്തി കൊലപ്പെടുത്തുകയായിരുന്നു. പുലർച്ചെ നാലരയ്ക്ക് ഡ്യൂട്ടിയിലിരിക്കെയാണ് പ്രതി സന്ദീപിനെ പോലീസുകാ‍ർ വൈദ്യപരിശോധനയ്ക്കായി ആശുപത്രിയിലെത്തിക്കുന്നത്. കാലിൽ മുറിവേറ്റ നിലയിൽ മദ്യലഹരിയിൽ കണ്ടെത്തിയ സന്ദീപിനെ വൈദ്യപരിശോധനയ്ക്കായാണ് പൊലീസ് ആശുപത്രിയിൽ എത്തിച്ചത്.

Also Read:

Kerala
'കോമ്പസുകൊണ്ട് മുറിവേൽപ്പിച്ചു; സ്വകാര്യ ഭാഗങ്ങളിൽ ഡമ്പൽ തൂക്കി'; കോട്ടയത്ത് നഴ്‌സിംഗ് കോളേജിൽ ക്രൂര റാഗിംഗ്

കൈവിലങ്ങ് വെയ്ക്കാതെ ആശുപത്രിയിലെത്തിച്ച സന്ദീപ് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരനെയും ഡ്രസിങ് റൂമിലുണ്ടായിരുന്ന ജീവനക്കാരനെയും ആക്രമിക്കുകയായിരുന്നു. ഇതിന് പിന്നാലെ വന്ദന ഒഴികെ ചുറ്റുമുണ്ടായിരുന്നവരെല്ലാം ഓടിരക്ഷപെട്ടു. തുടർന്ന് പ്രതി മേശപ്പുറത്തിരുന്ന കത്രിക ഉപയോഗിച്ച് ഡോ വന്ദനയെ കുത്തുകയായിരുന്നു. കഴുത്തിലും മുതുകിലും അടക്കം ആറോളം കുത്തുകളാണ് വന്ദനയ്ക്ക് ഏറ്റത്. വന്ദനയുടെ നിലവിളി കേട്ട് ഓടിയെത്തിയ പൊലീസും സഹപ്രവ‍ർത്തകരും ഏറെ പണിപ്പെട്ടതിന് ശേഷമാണ് അക്രമാസക്തനായ പ്രതിയെ കീഴടക്കിയതിന് ശേഷമാണ് വന്ദനയെ ആശുപത്രിയിലേക്ക് മാറ്റിയത്. വെന്റിലേറ്ററിൽ പ്രവേശിപ്പിക്കപ്പെട്ട വന്ദന രാവിലെ ഒൻപത് മണിയോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു.

Content Highlights: Dr. Vandana Das murder case Trial started today

To advertise here,contact us